ഉറങ്ങിപ്പോയതിനാൽ ഭാര്യ ഭർത്താവിനെ വിളിച്ചുണർത്താൻ വൈകി; ഭർത്താവ് മുത്തലാഖ് ചൊല്ലി ബന്ധം അവസാനിപ്പിച്ചു

ഉറക്കമുണരാൻ വൈകിയതിനാൽ ഭർത്താവ് മുത്തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ റാം നഗറിലാണ് ഇങ്ങനെയൊരു സംഭവം നടന്നത്. നാലു മാസം മുൻപാണ് റാം പൂരിലെ അസിംനഗര്‍ സ്വദേശി ഖ്വാഷിമും ഗുല്‍ അഫ്ഷാനും വിവാഹിതരാകുന്നത്. ഭാര്യ കൂടുതല്‍ ഉറങ്ങിപോയെന്നും അതുകൊണ്ടാണ് താന്‍ വൈകി എഴുന്നേല്‍ക്കേണ്ടി വന്നതെന്നും പറഞ്ഞായിരുന്നു മുത്തലാഖ് ചൊല്ലിയത്. വിവാഹം കഴിഞ്ഞതുമുതല്‍ ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ഭാര്യ പറയുന്നത്. എന്നാല്‍ പരാതി നല്‍കാത്തതിനാൽ പൊലീസ് ഇക്കാര്യത്തിൽ നടപടിയെടുത്തിട്ടില്ല.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുകയാണ്. ബില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് അവതരിപ്പിക്കുക. അതേസമയം ബില്ലിനെതിരെ പ്രതിഷേധവുമായി വിവിധ പാര്‍ട്ടികളും സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ ഉറപ്പാക്കുന്നതടക്കമുള്ള വ്യവസ്ഥകളാണ് ഈ ബില്ലിലുള്ളത്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി വിധിച്ച സുപ്രീംകോടതി ഇതിനെതിരെ നിയമം കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് മുസ്‌ലിം വനിത വിവാഹാവകാശ സംരക്ഷണ ബില്ലിന് കേന്ദ്രം രൂപം നല്‍കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷനായ മന്ത്രിതല സമിതി തയ്യാറാക്കിയ ബില്ലാണ് ലോക് സഭയിലെത്തുന്നത്.
മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ. ഇരകള്‍ക്ക് ജീവനാംശവും പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഒപ്പം കൂട്ടാനുള്ള അവകാശവും ഉറപ്പ് നല്‍കുന്നതാണ് ബില്ല്. ഹാജര്‍ ഉറപ്പാക്കാന്‍ അംഗങ്ങള്‍ക്ക് ബി.ജെ.പി വിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























