ബാലിസ്റ്റിക് മിസൈലുകളെ ആകാശത്തു വച്ചു തന്നെ തകര്‍ത്തെറിയാന്‍ പര്യാപ്തമായ സൂപ്പര്‍സോണിക് വ്യോമപ്രതിരോധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ഇന്ത്യയെ ലക്ഷ്യമാക്കി ശത്രുക്കള്‍ തൊടുത്തുവിടുന്ന ബാലിസ്റ്റിക് മിസൈലുകളെ ആകാശത്തു വച്ചു തന്നെ തകര്‍ത്തെറിയാന്‍ പര്യാപ്തമായ സൂപ്പര്‍സോണിക് വ്യോമപ്രതിരോധ മിസൈല്‍ (എഎഡി)വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂര്‍ ടെസ്റ്റ് റേഞ്ചില്‍ ഇന്നലെ രാവിലെയായിരുന്നു ഇന്ത്യ സ്വന്തമായി വികസിപ്പിച്ച അശ്വിന്‍ മിസൈലിന്റെ വിക്ഷേപണം നടന്നത്. ഇന്റര്‍സെപ്റ്റര്‍ മിസൈലിന്റെ ഈ വര്‍ഷത്തെ മൂന്നാമത്തെ പരീക്ഷണമായിരുന്നു. ഫെബ്രുവരി 11നും മാര്‍ച്ച് ഒന്നിനുമായിരുന്നു ആദ്യ രണ്ടെണ്ണം. പാഞ്ഞുവരുന്ന ശത്രു മിസൈലിനെ 30 കിലോമീറ്റര്‍ മുകളില്‍ വച്ചു തന്നെ തകര്‍ക്കാന്‍ ഇന്റര്‍സെപ്റ്ററിന് കഴിയും.
ബാലിസ്റ്റിക് മിസൈലുകളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള കവച സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് ഡിആര്‍ഡിഒ. അതിന്റെ ഭാഗമാണ് ഈ മിസൈലും.പൃഥ്വി മിസൈലാണ് ഇന്റര്‍സെപ്റ്റര്‍ പരീക്ഷിക്കാന്‍ ഉപയോഗിച്ച ലക്ഷ്യം. ടെസ്റ്റ് റേഞ്ചിലെ മൂന്നാം കോംപഌ്‌സില്‍ നിന്ന് പൃഥ്വി ആദ്യം വിക്ഷേപിച്ചു. റഡാറില്‍ നിന്നുളള സിഗ്‌നലുകള്‍ ലഭിച്ചതോടെ അകലെ അബ്ദുള്‍ കലാം ദ്വീപില്‍( പഴയ വീലര്‍ ഐലന്റ്) സജ്ജമാക്കിയിരുന്ന ഇന്റര്‍സെപ്റ്റര്‍ കുതിച്ചുയര്‍ന്നു.
ബംഗാള്‍ ഉള്‍ക്കടലിനു 20 കിലോമീറ്റര്‍ മുകളില്‍ ആകാശത്തു വച്ച് ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ പൃഥ്വിയെ തകര്‍ത്തു. ഡിആര്‍ഡിഒ (പ്രതിരോധ ഗവേഷണ വികസന ഓര്‍ഗനൈസേഷന്‍)യുടെ ചരിത്രം കുറിച്ച നേട്ടമാണിത്.അഞ്ചു ദിവസം മുന്‍പാണ് ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ക്യൂ ആര്‍ സാം മിസൈല്‍ വിജകരമായി പരീക്ഷിച്ചത്.
ഖര ഇന്ധനം ഉപയോഗിക്കുന്ന ഒരു ഘട്ട എന്‍ജിനാണ് ഏഴര മീറ്റര്‍ നീളമുള്ള അന്തക മിസൈലില്‍ ഉപയോഗിക്കുന്നത്. 1.2 ടണ്ണാണ് ഭാരം. അരമീറ്ററാണ് വ്യാസം. ഹൈ ടെക് കമ്പ്യൂട്ടറും ഇലക്‌ട്രോ മെക്കാനിക്കല്‍ എവിയേറ്ററുമാണ് മിസൈലിനെ നിയന്ത്രിക്കുന്നത്. വാഹനത്തില്‍ ഘടിപ്പിച്ച ലോഞ്ചറുകളില്‍ നിന്ന് ഇത് വിക്ഷേപിക്കാം. എതിരാളികളുടെ മിസൈലിന്റെ സഞ്ചാര പഥം തിരിച്ചറിഞ്ഞ് പാഞ്ഞുചെന്ന് ആക്രമിക്കാനുള്ള സംവിധാനങ്ങളും അത്യാധുനിക റഡാറുകളുമാണ് ഇതില്‍. 11 മീറ്റര്‍ നീളവും ഒരു മീറ്റര്‍ വ്യാസവും അഞ്ചു ടണ്‍ ഭാരവുമുളള പൃഥ്വിയെയാണ് ഇന്റര്‍സെപ്റ്റര്‍ തകര്‍ത്തത്.
https://www.facebook.com/Malayalivartha























