യുക്രൈൻ ഗവർണറെ കത്തിക്കാൻ റഷ്യൻ മിസൈൽ! സ്‌കെച്ച് തയ്യാറാക്കി പുടിൻ പക്ഷേ ചീറ്റിപ്പോയി

യുക്രെയിനിൽ റഷ്യയുടെ കടന്നുകയറ്റം ഒരു മാസം പിന്നിടുമ്പോൾ റഷ്യയുടെ പല പദ്ധതികളും അമ്പേ പരാജയപ്പെടുകയാണ്. മൈക്കോളൈവിലെ പ്രാദേശിക ഗവർണറുടെ ഓഫീസിലേക്ക് മിസൈൽ അയച്ച റഷ്യൻ ആക്രമണവും ലക്ഷ്യം കാണാതെ പരാജയപ്പെട്ടു. ഗവർണറെ കൊല്ലാനായിരുന്നു പദ്ധതി എങ്കിലും വൈകി ഉണർന്നതിനാൽ ഗവർണർ വിറ്റാലി കിം രക്ഷപ്പെടുകയായിരുന്നു. എന്നാൽ ഗവർണറുടെ കെട്ടിടത്തിൽ പതിച്ച മിസൈൽ ആക്രമണത്തിൽ പന്ത്രണ്ടോളം പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
നഗരം പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് മൈക്കോളൈവിലെ ഗവർണറുടെ ഓഫീസ് ആക്രമിക്കപ്പെട്ടത്. കെട്ടിടത്തിന്റെ പകുതിയോളം ആക്രമണത്തിൽ തകർന്നു. കുറച്ച് ദിവസങ്ങളായി മൈക്കോളൈവിനെ നിയന്ത്രണത്തിലാക്കുവാനുള്ള റഷ്യൻ ശ്രമങ്ങൾ പരാജയപ്പെടുകയാണ്. നഗരത്തിന്റെ പ്രതിരോധം ഉറപ്പിക്കുന്നതിന്റെ മുഖ്യ ചുമതലക്കാരൻ കൂടിയാണ് ഗവർണർ വിറ്റാലി കിം. അതിനാലാണ് ഗവർണറെ റഷ്യ ഉന്നം വച്ചത്. മിസൈലാക്രമണത്താൽ ഇപ്പോൾ കെട്ടിടത്തിന് നടുവിലായി വലിയ വിള്ളൽ വീണിരിക്കുകയാണ്.
തുർക്കിയിൽ നടന്ന യുക്രെയ്ൻ–റഷ്യ വെടിനിർത്തൽ ചർച്ചയിൽ നിർണായക പുരോഗതി. യുക്രെയ്ൻ തലസ്ഥാനമായ കീവ് മേഖലയിലും വടക്കൻ നഗരമായ ചെർണീവിലും സൈനിക നടപടി മയപ്പെടുത്തുമെന്നു റഷ്യ വാഗ്ദാനം ചെയ്തു. ബാഹ്യാക്രമണം തടയാനായി രാജ്യാന്തര സുരക്ഷാ ഉറപ്പുള്ള നിഷ്പക്ഷ പദവിക്കായി യുക്രെയ്നും നിർദേശം വച്ചു.
റഷ്യ പിടിച്ചെടുത്ത ക്രൈമിയയുടെ പദവി തീരുമാനിക്കാൻ 15 വർഷ കൂടിയാലോചന കാലാവധി നിർദേശവും ചർച്ചയിൽ ഉയർന്നു. ചർച്ചയുടെ അടുത്ത ഘട്ടം യുക്രെയ്ൻ–റഷ്യ വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയാണ്. പൊതുധാരണയായ വിഷയങ്ങളിൽ മന്ത്രിതല ചർച്ച അന്തിമ രൂപം നൽകും.സമാധാന കരാറിന്റെ കരടു തയാറായാൽ റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും യുക്രെയ്ൻ പ്രസിഡന്റ് വൊളിഡിമിർ സെലെൻസ്കിയും തമ്മിലുള്ള കൂടിക്കാഴ്ച സാധ്യമാകുമെന്നും റഷ്യ വ്യക്തമാക്കി.
മാർച്ച് 10 നുശേഷം ഇരുപക്ഷവും തമ്മിലുള്ള ആദ്യ മുഖാമുഖ ചർച്ചയാണ് ഇസ്തംബുളിൽ ഇന്നലെ നടന്നത്. ചർച്ചയിലെ ശുപാർശകൾ പുട്ടിനു സമർപ്പിക്കുമെന്നു റഷ്യ ഉപപ്രതിരോധ മന്ത്രി അലക്സാണ്ടർ ഫോമിൻ പറഞ്ഞു. സമാധാന പാതയിൽ നിർണായക പുരോഗതി നേടിയെന്നു തുർക്കി വിദേശകാര്യ മന്ത്രി മെവ്‌ലൂദ് ചോവുസോളോ പറഞ്ഞു.
രാഷ്ട്രീയമോ സൈനികമോ ആയ ഒരു ചേരിയിലും നിൽക്കാതെ, ആണവമുക്തമായ സ്ഥിര നിഷ്പക്ഷ പദവിയാണ് യുക്രെയ്ൻ മുന്നോട്ടുവയ്ക്കുന്നത്. വിദേശ സൈനികത്താവളങ്ങളോ മറ്റു സൈനിക നീക്കങ്ങളോ രാജ്യത്തിനകത്ത് അനുവദിക്കില്ല. പകരം ഇസ്രയേലും നാറ്റോ അംഗങ്ങളായ കാനഡ, പോളണ്ട്, തുർക്കി എന്നിവരും ചേർന്നു ബാഹ്യാക്രമണമുണ്ടാവില്ലെന്ന സുരക്ഷാ ഉറപ്പു നൽകണം–യുക്രെയ്ൻ ടിവി അറിയിച്ചു.
തുർക്കി മധ്യസ്ഥത വഹിച്ച ചർച്ചയുടെ ആദ്യഘട്ടം വിജയകരമായി പൂർത്തിയായതു യുദ്ധം ഉടൻ അവസാനിച്ചേക്കുമെന്ന പ്രതീക്ഷ നൽകുന്നു. കിഴക്കൻ യുക്രെയ്നിലെ വിമതരുടെ നിയന്ത്രണത്തിലുള്ളതും റഷ്യ യുക്രെയ്നിന്റെ ഭാഗമായി അംഗീകരിക്കാത്തതുമായ ഡോൺബസ് മേഖലയുടെ പദവി സംബന്ധിച്ച് പുട്ടിൻ–സെലെൻസ്കി ചർച്ചയിലാവും തീരുമാനമാകുക.
https://www.facebook.com/Malayalivartha























