ഒളിവില്‍ കഴിയുന്ന പുടിന്‍ യുദ്ധവിവരങ്ങള്‍ അറിയുന്നില്ല; ഉപദേഷകരെല്ലാം പുടിനെ പറ്റിക്കുകയാണെന്ന് കേറ്റ് ബെഡിങ്ഫീല്‍ഡ്;

യുക്രെയ്ന്‍ യുദ്ധം തുടങ്ങുന്നതിനു മുന്നോടിയായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്‍ തന്റെ കുടുംബാംഗങ്ങളെ സൈബീരിയയില്‍ പണിത അതിസുരക്ഷാ, അത്യാധുനിക ബങ്കറില്‍ ഒളിപ്പിച്ചെന്ന് റഷ്യന്‍ പ്രഫസറും രാഷ്ട്രീയ പഠന വിദഗ്ധനുമായ വലേറി സോളോവി വെളിപ്പെടുത്തിയിരുന്നു. സൈബീരിയയിലെ ആള്‍ട്ടായ് പര്‍വതനിരയിലാണ് പുട്ടിന്റെ കുടുംബമുള്ള ബങ്കര്‍ സ്ഥിതി ചെയ്യുന്നതെന്നും വലേറി പറഞ്ഞിട്ടുണ്ട്. ആണവ ബോംബുകള്‍ വീണാല്‍ പോലും തകരാത്തത്ര കരുത്തുറ്റതാണ് ഈ ബങ്കറുകളത്രേ. മോസ്‌കോ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷനല്‍ റിലേഷന്‍സിലെ മുന്‍ പ്രഫസറാണു വലേറി. തന്റെ അധ്യാപക കരിയറിന്റെ ഭാഗമായി റഷ്യയിലെ പ്രമുഖ ചാര, ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി തനിക്കു ബന്ധമുണ്ടെന്നും അവരില്‍ നിന്നാണു താന്‍ ഈ വിവരങ്ങള്‍ അറിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പിന്നാലെ പുടിനും അവിടെ അഭയം പ്രാപിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥരുടെ വിമാന പാത പരിശോധിച്ച വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പുടിന്‍ ഇപ്പോഴും അവിടെയാണെന്നാണ് പറയപ്പെടുന്നത്. ആണവാക്രമണം ഉണ്ടാകും എന്നുള്ള സൂചനയാണ് പുടിന്‍ ഇതിലൂടെ നല്‍കുന്നത് എന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്.
ഇപ്പോഴിതാ യുക്രൈനില്‍ റഷ്യയ്ക്ക് നേരിടേണ്ടിവന്ന തിരിച്ചടിയെപ്പറ്റി പ്രസിഡന്റ് വഌദിമിര്‍ പുതിനെ ഉപദേശകര്‍ തെറ്റായ വിവരങ്ങള്‍ ധരിപ്പിക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട് അമേരിക്ക രംഗത്തു വരികയാണ്. റഷ്യന്‍ സൈന്യത്തിന് നേരിടേണ്ടിവരുന്ന തിരിച്ചടിയെപ്പറ്റി സത്യം പറഞ്ഞാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ ഭയന്നാണ് തെറ്റിദ്ധരിപ്പിക്കും വിധത്തിലുള്ള കാര്യങ്ങള്‍ ഉപദേശകര്‍ പുതിനെ ധരിപ്പിക്കുന്നന്ന് വൈറ്റ് ഹൗസിലെ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ കേറ്റ് ബെഡിങ്ഫീല്‍ഡ് വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു.
ശക്തമായ സൈന്യവുമായി യുക്രൈന്‍ അധിനിവേശം ആരംഭിച്ച റഷ്യന്‍ സൈന്യത്തിന് അടിപതറുകയാണ് ഇപ്പോള്‍. യുദ്ധ സന്നാഹങ്ങളും ആയുധങ്ങളുമായെത്തി വളരെ പെട്ടെന്നുതന്നെ യുക്രൈനെ കീഴടക്കാം എന്നായിരുന്നു പുതിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ കാര്യങ്ങള്‍ അത്രകണ്ട് സുഖകരമായിരുന്നില്ല. റഷ്യന്‍ സൈന്യത്തോട് അതിശക്തമായിത്തന്നെ ഏറ്റുമുട്ടുകയാണ് യുക്രൈന്‍ സൈന്യം. കനത്ത നാശനഷ്ടമാണ് റഷ്യന്‍ സൈന്യത്തിനുണ്ടായത്. റഷ്യന്‍ സൈന്യം പിടിച്ചു എന്നവകാശപ്പെട്ടിരുന്ന പല സ്ഥലങ്ങളും യുക്രൈന്‍ തിരിച്ചു പിടിച്ചതായാണ് റിപ്പോര്‍ട്ട്.
ഇക്കാര്യങ്ങളൊക്കെ പുതിനെ അറിയിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം ഭയന്നാണ് ഉപദേശകര്‍ തെറ്റായ വിവരങ്ങള്‍ അദ്ദേഹത്തെ ധരിപ്പിക്കുന്നതെന്നാണ് യുഎസ് അവകാശപ്പെടുന്നത്. യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യക്കെതിരെ പാശ്ചാത്യന്‍ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇത് റഷ്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കിയ ആഘാതത്തെപ്പറ്റിയും പുതിനോട് തെറ്റിദ്ധരിപ്പിക്കും വിധത്തിലുള്ള കാര്യങ്ങളാണ് ഉപദേശകര്‍ ധരിപ്പിച്ചിരിക്കുന്നതെന്ന് കേറ്റ് ബെഡിങ്ഫീല്‍ഡ് പറഞ്ഞതായി വാഷിങ്ടണ്‍ ടൈസ് റിപ്പോര്‍ട്ട് ചെയ്തു. യുക്രൈന്‍ വിഷയത്തില്‍ റഷ്യയ്ക്ക് നയതന്ത്രപരമായ പിഴവാണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























