സമനില തെറ്റി റഷ്യൻ സൈന്യം സ്വന്തം വിമാനം വെടിവെച്ചിട്ടു!

റഷ്യയുടെ യുക്രൈൻ അധിനിവേശം ആറാഴ്ച പിന്നിടുമ്പോൾ റഷ്യൻ സൈനികരുടെ മനോവീര്യം നഷ്ടമാകുന്നതായി ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. റഷ്യൻ സൈനികരിൽ പലരും മേലുദ്യോഗസ്ഥരിൽ നിന്നുള്ള ഉത്തരവുകൾ ലംഘിക്കുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഒരു റഷ്യൻ വിമാനം റഷ്യൻ സൈനികർ തന്നെ വെടിവെച്ചു വീഴ്ത്തിയതായും ബ്രിട്ടൻ പറയുന്നു.
യുക്രൈൻ യുദ്ധം എളുപ്പമായിരിക്കുമെന്ന് വ്ലാദിമിർ പുടിനെ ചില ഉപദേശകർ തെറ്റിദ്ധരിപ്പിച്ചതായി അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗവും വിലയിരുത്തി. ഈ റിപ്പോർട്ടുകളോട് റഷ്യ പ്രതികരിച്ചിരിട്ടില്ല. അതേസമയം, ആശുപത്രികളും, ജലവിതരണ സംവിധാനങ്ങളും, സ്‌കൂളുകളും അടക്കം 24 ജനവാസ കേന്ദ്രങ്ങളിൽ എങ്കിലും റഷ്യ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചു എന്ന് തെളിഞ്ഞതായി യുഎൻ ഹ്യൂമൻ റൈറ്റ്സ് ഹൈക്കമ്മീഷണർ മിഷേൽ ബാഷ്ലെറ്റ് പറഞ്ഞു. അധിനിവേശം അവസാനിപ്പിക്കാൻ മുന്നോട്ട് വച്ച ഉപാധികൾ അംഗീകരിച്ചെന്ന് യുക്രെയിൻ പ്രതിനിധികൾ ഒപ്പിട്ട് നൽകിയതിനെ സ്വാഗതം ചെയ്യുന്നവെന്നും
എന്നാൽ, വിഷയത്തിൽ കൂടുതൽ പുരോഗതിയൊന്നുമുണ്ടായില്ലെന്നും വെളിപ്പെടുത്തി ക്രെംലിൻ. ഇനിയും കുറേയധികം ജോലികൾ ബാക്കിയുണ്ടെന്നും ക്രെംലിൻ വക്താവ് വ്യക്തമാക്കി. സമാധാനചർച്ചകളിൽ നേരിയ പുരോഗതിയുണ്ടായതായി വാർത്തകൾ പുറത്തുവരുമ്പോഴും യുക്രെയിനിൽ റഷ്യൻ ആക്രമണം ശക്തമാണ്. മരിയുപോളിലെ റെഡ് ക്രോസ് കെട്ടിടത്തിൽ ഇന്നലെ റഷ്യ ആക്രമണം നടത്തി. ആളപായമുണ്ടോയെന്ന് വ്യക്തമല്ല. റഷ്യൻ ആക്രമണത്തിൽ മരിയുപോൾ ഏറെക്കുറെ തകർന്ന നിലയിലാണ്. കീവിലുൾപ്പെടെ ഇന്നലെ സ്ഫോടനം നടന്നെന്നാണ് വിവരം. മൈലോക്കീവിലെ റീജിയണൽ അഡ്മിനിസ്ട്രേഷൻ കെട്ടിടത്തിൽ ചൊവ്വാഴ്ച റഷ്യൻ സൈന്യം നടത്തിയ ആക്രമത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. കിഴക്കൻ യുക്രെയിനിലെ വ്യാവസായിക മേഖലകളിൽ റഷ്യൻ ആക്രമണം ശക്തമാവുകയാണ്.
സൈനിക നടപടി മയപ്പെടുത്തുമെന്ന റഷ്യൻ വാഗ്‍ദാനത്തിൽ മയങ്ങരുതെന്ന മുന്നറിയിപ്പുമായി അമേരിക്ക. റഷ്യയുടെ പ്രഖ്യാപനം പൊള്ളയാണെന്നും കൂടുതൽ ആക്രമണങ്ങൾക്ക് തയാറെടുക്കുകയാണെന്നും വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ കേറ്റ് ബെഡിംഗ്ഫീൽഡ് പറഞ്ഞു. ആരും വഞ്ചിതരാകരുത്, കീവിനു ചുറ്റുമുള്ള ഏതൊരു നീക്കവും സൈനിക പുനർവിന്യാസമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. യുക്രെയിനിലെ മറ്റ് പ്രദേശങ്ങൾക്കെതിരെയുള്ള വലിയ ആക്രമണത്തെ പ്രതിരോധിക്കാൻ ലോകം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.റഷ്യ പറയുന്നതും പ്രവർത്തിക്കുന്നതും രണ്ടാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രതികരിച്ചു. റഷ്യയുടെ സൈനിക പിൻമാറ്റം എന്ന വാഗ്ദാനം ശ്രദ്ധതിരിച്ചുവിടാനുള്ള തന്ത്രം മാത്രമാണ്. റഷ്യ കൂടുതൽ ആക്രമണങ്ങൾക്കു തയ്യാറായേക്കുമെന്നും ബ്ലിങ്കൻ പ്രതികരിച്ചു.
കനത്ത നഷ്ടം നേരിട്ട റഷ്യൻ സേന പുനഃസംഘടിക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനുമായി ബെലാറൂസിലേക്കും റഷ്യയിലേക്കും മടങ്ങാൻ നിർബന്ധിതരായതായി ബ്രിട്ടീഷ് മിലിട്ടറി ഇന്റലിജൻസ് അറിയിച്ചു
https://www.facebook.com/Malayalivartha























