ഇമ്രാൻ ഖാന് അടുത്ത ഇരുട്ടടി, വധിക്കാൻ ഗൂഢാലോചനകൾ നടക്കുന്നുവെന്ന് രഹസ്യാന്വേഷണ ഏജൻസികൾ, ഇമ്രാൻ ഖാന്റെ ജീവൻ അപകടത്തിൽ, സുരക്ഷ വർദ്ധിപ്പിച്ച് ഭരണകൂടം

ഇമ്രാൻ ഖാനെതിരെ സമർപ്പിച്ചിരിക്കുന്ന അവിശ്വാസ പ്രമേയം നാഷണൽ അസംബ്ലിയിൽ ചർച്ച ചെയ്യാനിരിക്കെയാണ് നിർണായക വിവരങ്ങൾ പുറത്ത്. പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വധിക്കാൻ ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചു. ഇതിന് പിന്നാലെ ഇമ്രാൻ ഖാന്റെ സുരക്ഷ ഭരണകൂടം വർദ്ധിപ്പിച്ചത്. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ജീവൻ അപകടത്തിലാണെന്ന് പാകിസ്താൻ തെഹ്‌രിക് ഇ ഇൻസാഫ് (പിടിഐ) മുതിർന്ന നേതാവ് ഫൈസൽ വാവ്ദ ആരോപിച്ചിരുന്നു.
അതിനാൽ എല്ലാ സുരക്ഷാ മുന്നൊരുക്കങ്ങളും നടത്തണമെന്നാണ് പാർട്ടി നേതാവ് ആവശ്യപ്പെട്ടത്. അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷം മുന്നോട്ട് പോകുമ്പോഴും, സഭയിൽ ഭൂരിപക്ഷം ഇല്ലാതിരിന്നിട്ടും രാജിവയ്‌ക്കാൻ ഉദ്ദേശ്യമില്ലെന്നാണ് ഇമ്രാൻ വ്യക്തമാക്കിയത്.
താൻ ഒരു ക്രിക്കറ്റ് കളിക്കാരൻ ആയിരുന്നുവെന്നും അതിനാൽ അവസാന പന്തുവരെ പോരാടുമെന്നും തോൽവിയെക്കുറിച്ച് ഓർത്ത് ദു:ഖിക്കുന്ന ആളല്ല താനെന്നും ഇമ്രാൻ ഖാൻ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രതികരിച്ചിരുന്നു.
അവിശ്വാസപ്രമേയ വോട്ടെടുപ്പു നടക്കാനിരിക്കെ കനത്ത തിരിച്ചടി നൽകി കൊണ്ട് മുഖ്യ ഘടകകക്ഷി സർക്കാർ വിടുകയുണ്ടായി. മുഖ്യ ഘടകകക്ഷിയായ മുത്താഹിദ ക്വാമി മൂവ്‌മെന്റ്–പാക്കിസ്ഥാനാണ് സർക്കാർ വിട്ടത്. ഇവരുടെ രണ്ട് മന്ത്രിമാരും രാജിക്കത്ത് നൽകി.
ഇതോടെ ഇമ്രാന് കേവലഭൂരിപക്ഷം നഷ്ടപ്പെട്ടിരിയ്ക്കുകയാണ്. പ്രതിപക്ഷ സഖ്യത്തിനൊപ്പം ചേരുന്നതായി മറ്റൊരു ഘടകകക്ഷിയായ ബലൂചിസ്ഥാൻ അവാമി പാർട്ടി കൂടി പറഞ്ഞിട്ടുണ്ട്. ഇതോടെ പ്രതിപക്ഷ സഖ്യത്തിൽ ആകെ 176 അംഗങ്ങളായി. 342 അംഗ പാർലമെന്റിൽ അവിശ്വാസം വിജയിക്കാൻ 172 വോട്ടുകൾ വേണം.
ഭരണം നിലനിർത്താനായി പിണങ്ങിനിൽക്കുന്ന ഘടകകക്ഷികളെ തിരിച്ചുകൊണ്ടുവന്ന് ഭൂരിപക്ഷം നിലനിർത്താനുള്ള ശ്രമങ്ങളാണ് ഇമ്രാൻ ഖാൻ നടത്തുന്നത്.അതേസമയം തന്നെ അധികാരത്തിൽ നിന്നും താഴെയിറക്കാൻ മറ്റ് രാജ്യങ്ങൾ ശ്രമിക്കുന്നുണ്ടെന്നും ഇമ്രാൻ പറഞ്ഞു. അമേരിക്കയാണ് എല്ലാത്തിനും പിന്നിൽ എന്നാണ് ഇമ്രാന്റെ ആരോപണം.
എന്നാൽ ഈ ആരോപണങ്ങൾ അമേരിക്ക നിഷേധിച്ചിരുന്നു. അവിശ്വാസ പ്രമേയത്തിന പിന്നില്‍ അമേരിക്കയാണെന്ന ഇമ്രാന്‍ ഖാന്റെ വാദം തള്ളി അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയമാണ് രംഗത്തെത്തിയത്. ഇമ്രാന്‍ ഖാന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും പാകിസ്താന്റെ ഭരണഘടനയും നിയമവാഴ്ചയെയും അമേരിക്ക ബഹുമാനിക്കുകയും പിന്തുണയ്ക്കുയും ചെയ്യുന്നുവെന്നും യു.എസ് വിദേശകാര്യ മന്ത്രാലയ വക്താവ് നെഡ് പ്രൈസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























