എറ്റവും നല്ല സുഹൃത്ത് ഇന്ത്യ; റഷ്യയുടെ സൗഹൃദ ലിസ്റ്റില്‍ ഇന്ത്യ മുന്നില്‍; ടൂറിസത്തിന് ഇന്ത്യയെ തെരഞ്ഞെടുക്കാന്‍ പുടിന്റെ ആഹ്വാനം

റഷ്യയുടെ സൗഹൃദ രാജ്യങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യ മുന്നില്‍. നേരത്തെയും റഷ്യയുടെ സൗഹൃദലിസ്റ്റില്‍ ഇന്ത്യയ്ക്ക് വലിയ മുന്‍തുക്കമുണ്ടായിരുന്നു. യുദ്ധം കൊടുമ്പിരി കൊണ്ടുനില്‍ക്കുന്ന ഈ സമയത്ത് ഈ ലിസ്റ്റ് പുറത്തു വന്നത് മറ്റൊരു തലത്തില്‍ ഇത് ചര്‍ച്ചയാകാന്‍ കാരണമാവുകയാണ്. വിദേശ യാത്രകള്‍ക്കൊരുങ്ങുമ്പോഴും ടൂറിസത്തിനുമായി ഇന്ത്യയെ തെരഞ്ഞെടുക്കാന്‍ റഷ്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക നിര്‍ദേശവും വന്നുകഴിഞ്ഞു. ഇന്ത്യയെ പോലെ തന്നെ യുഎഇയില്‍ പോകുന്നതിലും സര്‍ക്കാരിന് വിരോധമില്ല. റഷ്യയുടെ ടൂറിസം കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ നടാലിയ കോസ്‌റ്റെങ്കോയുടെതാണ് ഈ ഉപദേശം.
അതേ സമയം യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര അങ്ങേയറ്റം അപകടകരമാണെന്നും കഴിയുന്നതും ഒവിവാക്കാനും ഉപദേശമുണ്ട്. വിദേശങ്ങളില്‍ കഴിയുന്ന റഷ്യക്കാരോട് യാറോപ്യന്‍ രാജ്യങ്ങള്‍ സുരക്ഷിതമല്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ഇന്ത്യ, ശ്രീലങ്ക, തുര്‍ക്കി, ഇസ്രയേല്‍, യുഎഇ മുതലായ രാഷ്ട്രങ്ങള്‍ സുരക്ഷിതമാണ്. മോസ്‌കോയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനോടുള്ള പ്രതികരണമെന്ന നിലയില്‍ യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളെ സൗഹൃദപ്പട്ടികയില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഈ രാജ്യങ്ങളിലേക്കുള്ള വിസ കരാറും റദ്ദാക്കിയതായും പുടിന്റെ ഉത്തരവില്‍ പറയുന്നു. അതുപോലെ നോര്‍വേ, സ്വിറ്റ്‌സര്‍ലാന്റ്, ഡെന്‍മാര്‍ക്ക്, ലീറ്റെന്‍സ്റ്റീന്‍, ഐസ്ലാന്റ് എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ലളിത വിസ പദ്ധതിയും റദ്ദാക്കി.
ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായതോടെ യുക്രെയിനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തിനുള്ള മറുപടിയായി റഷ്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നയവും ഇവിടെ പാളുന്ന കാഴ്ചയാണ് കാണുന്നത്.. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ റഷ്യയില്‍ നിന്നും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്ത് തുടങ്ങിയതോടെയാണ് അമേരിക്കയുടെ പദ്ധതി പാളിയത്. ഇതേ തുടര്‍ന്ന് ഉപരോധങ്ങള്‍ പാലിക്കാത്ത ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ വിമര്‍ശിച്ച് അമേരിക്ക രംഗത്ത് വന്നു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കിയാണ് കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. വാഷിംഗ്ടണ്‍ റഷ്യക്കെതിരെ പ്രഖ്യാപിച്ച ഉപരോധം ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളും പാലിക്കണമെന്ന് യുഎസ് പ്രതീക്ഷിക്കുന്നതായി സാകി പറഞ്ഞു. എന്നാല്‍ അമേരിക്കയുടെ ഈ ആവശ്യത്തിന് ഇന്ത്യ പുല്ലു വിലയാണ് നല്‍കുന്നത്.
റഷ്യയില്‍ നിന്നും എണ്ണയുടേയും മറ്റ് വസ്തുക്കളുടേയും ഇറക്കുമതി ത്വരിതപ്പെടുത്തുകയോ വര്‍ദ്ധിപ്പിക്കുകയോ ചെയ്യുന്നത് ഇന്ത്യയുടെ താല്‍പ്പര്യമാണെന്ന് അമേരിക്ക വിശ്വസിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി പറഞ്ഞു. റഷ്യയില്‍ നിന്നും ഇന്ത്യയുടെ എണ്ണ ഇറക്കുമതി രാജ്യത്തിന്റെ മൊത്തം ആവശ്യത്തിന്റെ 12% മാത്രമാണെന്നും അമേരിക്ക ചൂണ്ടിക്കാട്ടി. അതേസമയം ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയെക്കുറിച്ചുള്ള നേരിട്ടുള്ള ചോദ്യമാണ് സാകിയെ പ്രകോപിപ്പിച്ചത്. ഇതിന് മറുപടിയായാണ് റഷ്യയ്‌ക്കെതിരെ വാഷിംഗ്ടണ്‍ പ്രഖ്യാപിച്ച ഉപരോധം ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളും പാലിക്കുമെന്ന് യു എസ് പ്രതീക്ഷിക്കുന്നതായി പ്രസ്താവിച്ചത്.
റഷ്യയില്‍ നിന്നും അമേരിക്ക ഇപ്പോഴും എണ്ണയും ഗ്യാസും ഇറക്കുമതി ചെയ്യുന്നുണ്ടെന്നും, ഇതിന്റെ അളവ് വര്‍ദ്ധിപ്പതായും അടുത്തിടെ റഷ്യ വ്യക്തമാക്കിയിരുന്നു. റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി മിഖായേല്‍ പോപോവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എണ്ണ ഇറക്കുമതി വലിയ അളവില്‍ വര്‍ദ്ധിപ്പിക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ തയ്യാറായി എത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.
അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും സമ്മര്‍ദ്ദം നേരിടുമ്പോഴും റഷ്യയില്‍ നിന്നും കൂടുതല്‍ എണ്ണ വാങ്ങാനാണ് ഇന്ത്യയുടെ തീരുമാനം. ഇറക്കുമതി നിര്‍ത്താതെയുള്ള ഇന്ത്യന്‍ നയതന്ത്രത്തിന് പാകിസ്ഥാനില്‍ നിന്നുപോലും അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha






















