രണ്ടും കല്‍പിച്ച് സെലന്‍സ്‌കി... റഷ്യയെ വെല്ലുവിളിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി; കുഴിമാടത്തിലല്ലാതെ ശാന്തമായി ഉറങ്ങാമെന്ന് കരുതേണ്ട തേടിപ്പിടിച്ച് പകരം വീട്ടിയിരിക്കും; സാധാരണക്കാരെ കൊന്നൊടുക്കുന്നതില്‍ അമര്‍ഷവുമായി സെലന്‍സി

റഷ്യ സാധാരണക്കാരെ കൊന്നൊടുക്കുന്ന കൊടും ക്രൂരത മാധ്യമ പ്രവര്‍ത്തകര്‍ പുറത്തെത്തിച്ചതോടെ റഷ്യയ്‌ക്കെതിരെ വലിയ പ്രതിഷേധമുയര്‍ന്നു. ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ട സംഭവസ്ഥലത്തുണ്ടായിരുന്ന ന്യൂയോര്‍ക്ക് ടൈംസിലെ മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയില്‍ പതിഞ്ഞ സ്‌ഫോടന ദൃശ്യങ്ങള്‍ ലോകമെങ്ങുമെത്തി. റഷ്യ സാധാരണക്കാരെ കൊന്നൊടുക്കുന്ന കൊടുംക്രൂരതയാണു ചെയ്യുന്നതെന്നും ഇത് അവസാനിപ്പിക്കണമെന്നും ആവശ്യം ശക്തമായി.
ഒടുവില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോയുടെ ഇടപെടലോടെയാണ് കീവിലടക്കം നാലു സ്ഥലങ്ങളില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി താത്കാലിക വെടിനിര്‍ത്തലിന് റഷ്യ സമ്മതിച്ചത്. രൂക്ഷമായാണ് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി റഷ്യ സാധാരണക്കാരെ ആക്രമിക്കുന്നതിനോടു പ്രതികരിച്ചത്.
ഈ ക്രൂരത ചെയ്ത ഓരോരുത്തരേയും കണ്ടെത്തി ശിക്ഷിക്കുമെന്ന് സെലന്‍സ്‌കി പറഞ്ഞു. യുക്രെയ്ന്‍ പ്രസിഡന്റിന്റെ വികാരനിര്‍ഭരമായായിരുന്നു ഇങ്ങനെ പറഞ്ഞത് 'അവര്‍ ഈ പട്ടണത്തില്‍ നിന്നു രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. ആ കുടുംബം മുഴുവനായാണ് ഇല്ലാതായത്. ഇതുപോലെ എത്ര കുടുംബങ്ങളാണ് യുക്രെയ്‌നില്‍ ഇല്ലാതായത്.
ഞങ്ങളിതു മറക്കുകയോ പൊറുക്കുകയോ ഇല്ല. ഞങ്ങളുടെ മണ്ണില്‍, ഞങ്ങളുടെ നഗരങ്ങളില്‍ ബോംബ് വര്‍ഷിക്കുന്ന, റോക്കറ്റുകള്‍ വിക്ഷേപിക്കുന്ന, ഞങ്ങളുടെ ജനങ്ങളെ വെടിവയ്ക്കുന്ന ഓരോരുത്തരേയും ഞങ്ങള്‍ കണ്ടെത്തും. ഇതിന് ഉത്തരവാദികളായവര്‍, ഈ ക്രൂരതയ്ക്ക് ഉത്തരവിട്ടവര്‍ക്ക് ശവക്കുഴിയലല്ലാതെ ശാന്തി കിട്ടുന്ന ഒരിടം ഈ ഭൂമിയില്‍ ഉണ്ടാകുമെന്ന് കരുതേണ്ട.'
റഷ്യ യുക്രെയ്‌നെതിരെ ആക്രമണം തുടങ്ങിയതിനു ശേഷം ഒരിക്കല്‍ പോലും പരാജയത്തിന്റെയോ അപേക്ഷയുടേയോ സ്വരം സെലന്‍സ്‌കിയില്‍ നിന്നുണ്ടായിട്ടില്ല. റഷ്യയെപ്പോലൊരു വന്‍ ശക്തിക്കെതിരെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് അറിയാമായിരുന്നിട്ടും സെലന്‍സ്‌കിയുടെ വാക്കുകള്‍ കേട്ടു പൊരുതി നില്‍ക്കുകയാണ് യുക്രെയ്‌നിയന്‍ സൈന്യവും വോളന്റിയര്‍മാരും. താന്‍ എവിടേക്കും ഓടിപ്പോവില്ലെന്നും യുക്രെയ്‌നിയന്‍ ജനതയ്‌ക്കൊപ്പം ഈ മണ്ണിലുണ്ടാവുമെന്നും സെലന്‍സ്‌കി പറഞ്ഞിരുന്നു. റഷ്യയോടു കാണിക്കുന്ന ധീരമായ ചെറുത്തുനില്‍പ്പിന് സെലന്‍സ്‌കിക്ക് ആരാധകരും കൂടുതലാണ്.
സാധാരണ ജനങ്ങളെ ഒഴിപ്പിക്കുന്നതിനു കഴിഞ്ഞ ദിവസം രണ്ടിടത്തു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതു നടപ്പായിരുന്നില്ല. ഇരു കൂട്ടരും പരസ്പരം ആരോപണം ഉന്നയിക്കുകയും ചെയ്തു. റഷ്യ വെടിനിര്‍ത്തലെന്നു പ്രഖ്യാപിച്ചിട്ടു സാധാരണക്കാരെ കൊന്നൊടുക്കുകയാണെന്ന് യുക്രെയ്ന്‍ ആരോപിക്കുമ്പോള്‍ പടക്കോപ്പുകള്‍ ശേഖരിക്കാനും പോരാട്ടം ഏകീകരിക്കാനുമാണ് യുക്രെയ്ന്‍ ഈ സമയം വിനിയോഗിക്കുന്നതെന്നും അല്ലാതെ ജനങ്ങളെ രക്ഷപെടുത്താനല്ലെന്ന് റഷ്യയും ആരോപിച്ചിരുന്നു.
അതേസമയം യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെ റഷ്യ വധിച്ചാലും സര്‍ക്കാരിന്റെ തുടര്‍ച്ച ഉറപ്പാക്കാന്‍ യുക്രെയ്‌നു പദ്ധതിയുണ്ടെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. താന്‍ യുക്രെയ്‌നിലെത്തി വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ഒന്നല്ലെങ്കില്‍ മറ്റൊരു വഴി യുക്രെയ്‌നുണ്ടെന്നും ബ്ലിങ്കന്‍ പറഞ്ഞു.
എന്നാല്‍ മറ്റു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ നേതൃഗുണത്തെയും അഭിമുഖത്തില്‍ ബ്ലിങ്കന്‍ പ്രശംസിച്ചു. ധീരരായ യുക്രെയ്‌നിയന്‍ ജനതയുടെ ആള്‍രൂപമാണ് സെലെന്‍സ്‌കിയെന്നു ബ്ലിങ്കന്‍ പറഞ്ഞു.
യുക്രെയ്‌നില്‍ റഷ്യ അധിനിവേശം ആരംഭിച്ചതിനു ശേഷം കുറഞ്ഞതു മൂന്നു കൊലപാതക ശ്രമങ്ങളെയെങ്കിലും സെലെന്‍സ്‌കി അതിജീവിച്ചതായാണു റിപ്പോര്‍ട്ടുകള്‍. യുക്രെയ്ന്‍ ഉദ്യോഗസ്ഥര്‍ക്കു കൃത്യമായ മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണു വധശ്രമങ്ങള്‍ പരാജയപ്പെട്ടത്. വാഗ്‌നര്‍ സംഘവും ചേചന്‍ വിമതരുമാണ് പ്രസിഡന്റിനെ വധിക്കാന്‍ സംഘങ്ങളെ അയച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
"
https://www.facebook.com/Malayalivartha

























