ചെറിയ മകൾ കൺമുന്നിൽവച്ച് അപകടത്തിൽപെട്ടിട്ടും നേരെ ബജറ്റ് അവതരിപ്പിക്കാനായി നിയമസഭയിലേക്ക് പോകേണ്ടിവന്ന വേദനിക്കുന്ന അനുഭവവും ഉമ്മൻചാണ്ടിക്കുണ്ടായിട്ടുണ്ട്... 1991-1995 കാലത്ത് കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്നു അന്ന് ഉമ്മൻചാണ്ടി... മകൾ അച്ചു ഉമ്മൻ എട്ടാം ക്ലാസിലും....

ചെറിയ മകൾ കൺമുന്നിൽവച്ച് അപകടത്തിൽപെട്ടിട്ടും നേരെ ബജറ്റ് അവതരിപ്പിക്കാനായി നിയമസഭയിലേക്ക് പോകേണ്ടിവന്ന വേദനിക്കുന്ന അനുഭവവും ഉമ്മൻചാണ്ടിക്കുണ്ടായിട്ടുണ്ട്. 1991-1995 കാലത്ത് കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്നു അന്ന് ഉമ്മൻചാണ്ടി. മകൾ അച്ചു ഉമ്മൻ എട്ടാം ക്ലാസിലും.
രാവിലെ ബജറ്റ് അവതരിപ്പിക്കാൻ വേണ്ടിൽ വീട്ടിൽനിന്ന് ഇറങ്ങുമ്പോഴാണ് കൺമുന്നിൽ മകളെ സ്‌കൂട്ടർ ഇടിച്ചുതെറിപ്പിക്കുന്നത് കാണുന്നത്. ഓടിയെത്തി കാറിൽ കയറ്റി. ബജറ്റ് കൃത്യസമയത്ത് അവതരിപ്പിക്കേണ്ട ബാധ്യത തലക്കുള്ളിൽ. മകളുടെ അപകടനിലയുടെ വേദന ഹൃദയത്തിനകത്ത്. ധർമസങ്കടത്തിൽ ആശ്വാസമായത് മകൾ തന്നെ. 'അപ്പ'യോട് പോയി ബജറ്റ് അവതരിപ്പിച്ചുവരാൻ പറഞ്ഞു. തന്നെ ഡ്രൈവറും കൂടെയുള്ളവരും ആശുപത്രിയിലെത്തിച്ചോളുമെന്നും പറഞ്ഞു.
മകളുടെ വാക്കുകേട്ട ആശ്വാസത്തിൽ സെക്രട്ടറിയേറ്റ് നടയിലിറങ്ങി നിയമസഭയിലേക്ക് ഓടി ഉമ്മൻചാണ്ടി. ബജറ്റ് അവതരിപ്പിച്ച ശേഷം നേരെ മെഡിക്കൽ കോളജ് ആശുപത്രയിൽ മകളെ കാണാനും ഓടിയെത്തി. രണ്ടു വർഷം മുൻപ് നിയമസഭാ സാമാജികത്വത്തിന്റെ അരനൂറ്റാണ്ട് ആഘോഷവേളയിൽ അച്ചു ഉമ്മൻ 'മീഡിയവണി'നോട് വെളിപ്പെടുത്തിയ ആ സംഭവം ഇങ്ങനെയായിരുന്നു:
''അച്ഛൻ ധനകാര്യ മന്ത്രിയായ കാലം. ഞാൻ എട്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു. അപ്പ ബജറ്റ് അവതരിപ്പിക്കാനായി ഇറങ്ങിയതായിരുന്നു. ഞാൻ റോഡ് മുറിച്ചുകടക്കുമ്പോൾ ഒരു സ്‌കൂട്ടർ എന്നെ ഇടിച്ചുതെറിപ്പിച്ചു. അപ്പ ഇതു നേരിട്ടു കണ്ടുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഇറങ്ങിവന്ന് എന്നെ എടുത്തു കാറിൽ കയറ്റി. തലയ്ക്ക് അടിയേറ്റോ എന്ന് എന്നോട് ചോദിച്ചു.
എനിക്കറിയാം, അപ്പ ധർമസങ്കടത്തിലായിരുന്നു അപ്പോൾ. എന്നെ ആശുപത്രിയിൽ കൊണ്ടുപോകണോ, നിയമസഭയിൽ പോകണോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു. ബജറ്റ് കൃത്യസമയത്ത് അവതരിപ്പിക്കണമല്ലോ.. ഇല്ലെങ്കിലുള്ള പ്രശ്‌നങ്ങൾ അറിയാമല്ലോ..?
കാലിനു മാത്രമേ കുഴപ്പമുള്ളൂ, അപ്പ നിയമസഭയിൽ ഇറങ്ങിക്കൊള്ളൂ, കൂടെയുള്ളവർ എന്നെ കൊണ്ടുപോയ്‌ക്കൊള്ളുമെന്ന് ഞാൻ പറഞ്ഞു. അപ്പ എന്നിട്ട് സെക്രട്ടറിയേറ്റിന്റെ നടയിൽ ഇറങ്ങി. നിയമസഭാ മന്ദിരത്തിന്റെ അങ്ങോട്ടു പോകാൻ നിന്നില്ല. അപ്പ എന്നിട്ട് നിയമസഭയിൽ പോകുകയും കാർ ഡ്രൈവറും കൂടെയുണ്ടായിരുന്നവരും എന്നെ മെഡിക്കൽ കോളജിലെത്തിക്കുകയും ചെയ്തു. ബജറ്റ് അവതരിപ്പിച്ച ശേഷം പിന്നീട് അപ്പ എന്നെ വന്നു കാണുകയായിരുന്നു.''
https://www.facebook.com/Malayalivartha


























