പാലക്കാട് കല്ലടിക്കോട് വെള്ളക്കെട്ടില്‍ വീണ് മരിച്ച മൂന്ന് കുട്ടികളുടേയും സംസ്‌കാരം ഇന്ന്....

പാലക്കാട് കല്ലടിക്കോട് വെള്ളക്കെട്ടില്‍ വീണ് മരിച്ച മൂന്ന് കുട്ടികളുടേയും സംസ്‌കാരം ഇന്ന്. മൂന്നേക്കര്‍ തുടിക്കോട് ആദിവാസി ഉന്നതിയിലെ തമ്പിമാധവി ദമ്പതികളുടെ മകള്‍ രാധിക (9), പ്രകാശന്‍ -അനിത ദമ്പതികളുടെ മക്കളായ പ്രദീപ് (5), പ്രജീഷ് (3) എന്നിവരാണ് മരിച്ചത്. രാധിക മരുതുംകാട് ഗവ. എല്‍പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയും പ്രദീപ് ഒന്നാം ക്ലാസ് വിദ്യാര്‍ഥിയുമാണ്.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയും ചെയ്തു.വെള്ളത്തില്‍ വീണതിനെ തുടര്‍ന്ന് നെഞ്ചിലേക്ക് ചളി കയറിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരമുള്ളത്. വിദ്യാര്‍ഥികള്‍ പഠിച്ചിരുന്ന സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനം നടത്തും. പിന്നീട് സ്വദേശത്തെത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയും ചെയ്യും.
കല്ലടിക്കോട് മൂന്നേക്കര്‍ മീന്‍വല്ലത്ത് ഇന്നലെയാണ് അപകടം സംഭവിച്ചത്. ചൊവ്വ രാവിലെ കുളിക്കാന്‍ പോയ കുട്ടികള്‍ ഉച്ചയായിട്ടും തിരിച്ചുവന്നില്ല. തുടര്‍ന്ന്, നടത്തിയ അന്വേഷണത്തില്‍ വൈകുന്നേരം അഞ്ചിന് കുട്ടികളുടെ ചെരുപ്പ് പ്രദേശത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ വെള്ളക്കെട്ടിന് സമീപത്തുനിന്ന് കണ്ടെത്തി. വെള്ളക്കെട്ടില്‍ നടത്തിയ തിരച്ചിലില്‍ കുട്ടികളുടെ മൃതദേഹം കണ്ടെത്തി. ഉടന്‍ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിച്ചെങ്കിലും മൂന്നു കുട്ടികളുടെയും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha