ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമ്മര്‍ദങ്ങളുടെ നടുവില്‍ ജാതി സെന്‍സസ് പ്രഖ്യാപനം

ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അടുത്ത സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്തുന്നതിനു ബിജെപിക്കുമേല്‍ സമ്മര്‍ദമേറിയതാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനത്തിനു പിന്നില്‍. ജാതി സെന്‍സസിന് എന്താണു നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കണമെന്ന് ഇതര പിന്നാക്ക വിഭാഗ (ഒബിസി) ക്ഷേമത്തിനുള്ള പാര്‍ലമെന്ററി സമിതിയില്‍ പ്രതിപക്ഷത്തിനൊപ്പം ഭരണമുന്നണിയിലെ ജെഡിയുവും ആവശ്യപ്പെട്ടിരുന്നു. ഭരണപക്ഷത്തുള്ള ബിജെപിയും ജാതി സെന്‍സസ് വേണമെന്നു വാദിച്ചു.
2021 ലെ സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്തുമെന്നാണു സര്‍ക്കാര്‍ നേരത്തെ പറഞ്ഞതെങ്കിലും പിന്നീടു പിന്‍മാറി. ഒബിസി ഉപസംവരണത്തിനു ജസ്റ്റിസ് രോഹിണി കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ട് പുറത്തുവിടാനും സര്‍ക്കാര്‍ തയാറായിരുന്നില്ല. ഉപാധിയോടെ ജാതി സെന്‍സസിനെ അനുകൂലിക്കുന്ന നിലപാടിലേക്ക് ആര്‍എസ്എസ് എത്തിയിരുന്നു. സെന്‍സസ് രാഷ്ട്രീയ-തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നായിരുന്നു ഉപാധി.
''ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്, പ്രത്യേകിച്ചും, പിന്നാക്ക വിഭാഗങ്ങളെ ഉദ്ദേശിച്ചുള്ളവയ്ക്കു സര്‍ക്കാരിനു കണക്കുകള്‍ വേണ്ടിവരാം. അത്തരത്തില്‍ നേരത്തെയും സര്‍ക്കാര്‍ ഡേറ്റ ശേഖരിച്ചിട്ടുള്ളതാണ്. അതു രാഷ്ട്രീയത്തിനോ തിരഞ്ഞെടുപ്പിനോ ഉള്ള ഉപകരണമാക്കരുത്'' - പാലക്കാട് നടന്ന സമന്വയ ബൈഠക്കിനുശേഷം ആര്‍എസ്എസ് വക്താവ് സുനില്‍ അംബേദ്കര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ആര്‍എസ്എസ് നിലപാട് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ തീരുമാനമെടുക്കേണ്ടത് ബിജെപിയിലേക്ക് വന്നു ചേര്‍ന്നിരുന്നു. ജാതി സെന്‍സസ് പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴത്തെ സ്ഥിതിയില്‍ അതിന്റെ ക്രെഡിറ്റ് പ്രതിപക്ഷം കൊണ്ടുപോകുമെന്ന സ്ഥിതിയും ബിജെപി ഭയക്കുന്നുണ്ട്.
ജാതി സെന്‍സസ് നടത്തിയാലും വിവരങ്ങള്‍ പുറത്തുവിടാന്‍ പാടില്ലെന്നാണ് ആര്‍എസ്എസ് നിലപാടെന്നു വിലയിരുത്തലുണ്ട്. വിവരങ്ങള്‍ പരസ്യപ്പെടുത്താതിരുന്നാല്‍ അതിനെതിരെ പ്രക്ഷോഭം ഉണ്ടാകുമെന്ന ആശങ്ക ബിജെപിക്കുണ്ട്. വിവരങ്ങള്‍ രഹസ്യമാക്കുന്നതിനെ, ബിഹാറില്‍നിന്നുള്ള സഖ്യകക്ഷികള്‍ അനുകൂലിക്കാനുള്ള സാധ്യതയും ബിജെപി കാണുന്നില്ല. ജാതി സെന്‍സസ് നടത്താന്‍ മോദി സര്‍ക്കാരിനെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പലവട്ടം വെല്ലുവിളിച്ചിരുന്നു. ജാതി സെന്‍സസ് രാജ്യത്തിന്റെ എക്‌സ്‌റേ എന്നായിരുന്നു രാഹുല്‍ പല പൊതുസമ്മേളനങ്ങളിലും പറഞ്ഞത്.
https://www.facebook.com/Malayalivartha