വിഴിഞ്ഞം സ്വപ്‌ന പദ്ധതിയുടെ ഉദ്ഘാടനം; പ്രതിപക്ഷനേതാവിനെ മാറ്റിനിർത്താൻ ശ്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നാണംകെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി

വിഴിഞ്ഞം സ്വപ്‌ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് പ്രതിപക്ഷനേതാവിനെ മാറ്റിനിർത്താൻ ശ്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നാണംകെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. പ്രതിപക്ഷം തുറന്നുകാട്ടിയതോടെയാണ് സർക്കാരും ബിജെപിയും ചേർന്ന് പിണറായി സർക്കാരിന്റെ വാർഷികം ആഘോഷിക്കുവാൻ നടത്തിയ നീക്കം പൊളിഞ്ഞത്.
കേരള ഹൗസിൽ വച്ച് കേന്ദ്രധനമന്ത്രി നിർമല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയുടെയും ബിജെപി ഗവർണർമാരുമായി നടത്താനിരുന്ന കൂടിക്കാഴ്ചയുടെയും തുടർച്ചയായിട്ടാണ് പ്രധാനമന്ത്രിക്കു മാത്രം ചുവന്ന പരവതാനി വിരിച്ചത്. എന്നാൽ ഇക്കാര്യം പുറത്തുവന്നതോടെ സർക്കാരിനു തിരുത്തേണ്ടി വന്നു.
2023 ഒക്ടോബറിൽ ആദ്യ കപ്പൽ ക്രെയിനുമായി വന്നപ്പോൾ സർക്കാർ നടത്തിയ ആഘോഷത്തിനിടയിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരുപോലും പറയാതിരുന്ന പിണറായി വിജയൻ ഇത്തവണ ആ തെറ്റുതിരുത്തണം. പദ്ധതിയുടെ ശില്പി എന്ന നിലയിൽ വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേരു നല്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.
തുറമുഖ പദ്ധതിയെ തുറന്നെതിർക്കുകയും അഴിമതി ആരോപിക്കുകയും ചെയ്തിട്ടും 2015ൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശിലാസ്ഥാപന ചടങ്ങിൽ പ്രതിപക്ഷനേതാവിനെ ക്ഷണിച്ചിരുന്നു. 5500 കോടി രൂപയുടെ വിഴിഞ്ഞം പദ്ധതിയിൽ 6000 കോടി രൂപയുടെ അഴിമതി ആരോപിക്കുകയും ജുഡീഷ്യൽ കമ്മീഷനെ വയ്ക്കുകയും വിജിലൻസിനെക്കൊണ്ട് ഉമ്മൻ ചാണ്ടിക്കെതിരേ അന്വേഷണം നടത്തിക്കുകയും ചെയ്ത ശേഷമാണ് 'വിഴിഞ്ഞം വിജയന്റെ വിജയഗാഥ' എന്ന മട്ടിൽ ഇപ്പോൾ പ്രചരിപ്പിക്കുന്നത്.
കുടുംബസമേതം വരെ തുറമുഖത്തെത്തി ക്രെഡിറ്റെടുക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങിയ പദ്ധതികളെല്ലാം യുഡിഎഫിന്റേതാണ്. സ്വന്തമായി ഒരു പദ്ധതി ആവിഷ്‌കരിക്കാനോ, നടപ്പാക്കാനോ സാധിക്കാത്ത പിണറായി വിജയനെയാണ് സൂര്യൻ, ചന്ദ്രൻ, അർജുനൻ, യുദ്ധവീരൻ, കപ്പിത്താൻ, ക്യാപ്റ്റൻ എന്നൊക്കെ സിപിഎം അടിമകൾ അഭിസംബോധന ചെയ്യുന്നത്.
'5000 കോടിയുടെ ഭൂമി തട്ടിപ്പും കടൽക്കൊള്ളയും', 'മത്സ്യബന്ധനത്തിന് മരണമണി', 'കടലിന് കണ്ണീരിന്റെ ഉപ്പ്', തുടങ്ങിയ തലക്കെട്ടുകൾ നിരത്തിയ പാർട്ടി പത്രം 2023ൽ ആദ്യത്തെ കപ്പൽ എത്തിയപ്പോൾ എഴുതിയത് 'തെളിഞ്ഞത് സർക്കാരിന്റെ ഇച്ഛാശക്തി' എന്നായിരുന്നു. ഇത്രയെല്ലാം ആരോപണങ്ങളും ആക്ഷേപങ്ങളും ഉയർത്തിയശേഷം ഒരുളുപ്പിമില്ലാതെ ഇതെല്ലാം വിജയന്റെ വിജയഗാഥയായി പ്രചരിപ്പിക്കാൻ സിപിഎമ്മിനു മാത്രമേ കഴിയൂ. മാപ്പ് എന്നൊരു വാക്കെങ്കിലും ഉദ്ഘാടന ദിവസം പിണറായി വിജയനിൽനിന്നു കേരളത്തിലെ ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് സുധാകരൻ പറഞ്ഞു.
https://www.facebook.com/Malayalivartha