സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ്...
സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. രണ്ടു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിന് ഇതോടെ അവസാനമായേക്കും.
നീരവ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14000 കോടിയുടെ തട്ടിപ്പാണ് നടത്തിയത്. നീരവിനെതിരെ മതിയായ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇന്ത്യന്‍ ജയില്‍ സാഹചര്യങ്ങള്‍ തന്റെ മാനസികാരോഗ്യം വഷളാകും എന്നതടക്കമുള്ള നീരവിന്റെ വാദങ്ങള്‍ കോടതി തള്ളി.
'നീരവിനെ ഇന്ത്യയ്ക്ക് കൈമാറുന്നത് മനുഷ്യാവകാശത്തിന് അനുസൃതമാണെന്നതില്‍ സംതൃപ്തനാണെന്ന് ജില്ലാ ജഡ്ജി സാമുവല്‍ ഗൂസെ പറഞ്ഞു. നീരവിനെ വിട്ടുകിട്ടണമെന്നുള്ള ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച കോടതി ഇന്ത്യക്ക് കൈമാറിയാല്‍ നീതി ലഭിക്കില്ലെന്ന വാദത്തിന് തെളിവില്ലെന്നും വ്യക്തമാക്കി.
ഉത്തരവില്‍ നീരവിന് അപ്പീല്‍ പോകാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. 'നീരവ് നേരിട്ടാണു വായ്പാത്തട്ടിപ്പ് നടത്തിയത്. പ്രഥമദൃഷ്ട്യാ സാമ്പത്തിക ക്രമക്കേട് നടന്നതായി കാണാനാകും' ജഡ്ജി അഭിപ്രായപ്പെട്ടു. നീരവിനെതിരെ ഇന്ത്യ 16 വാല്യം തെളിവ് ഹാജരാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി.
കോടതിയുടെ റൂളിംഗ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന് അയച്ചു കൊടുക്കും. ഹൈക്കോടതിയില്‍ അപ്പീല്‍ പോകുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമെന്നാണു റിപ്പോര്‍ട്ട്. 2019 മാര്‍ച്ചില്‍ ബ്രിട്ടനില്‍ അറസ്റ്റിലായ നീരവ് സൗത്ത് വെസ്റ്റ് ലണ്ടനിലെ വാന്‍ഡ്സ്വര്‍ത്ത് ജയിലിലാണ്.ജയിലില്‍നിന്ന് വിഡിയോ കോണ്‍ഫറന്‍സ് വഴിയാണു നീരവ് കോടതി നടപടികളില്‍ പങ്കെടുത്തത്.
നീരവിന്റെ തട്ടിപ്പുകള്നീരവ് മോദിയും അമ്മാവന് മെഹുല്‍ ചോക്സിയും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 14,000 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണു കേസ്. തട്ടിപ്പിലൂടെ സമ്പാദിച്ച പണത്തിന്റെ ഒരു ഭാഗം സഹോദരി പൂര്‍വി മോദിയുടെ അക്കൗണ്ടിലെത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിക്കുന്നു.
വന്‍കിട ബിസിനസുകാര്‍ക്കു ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടിന് സൗകര്യമൊരുക്കുന്ന ബയേഴ്സ് ക്രെഡിറ്റ് രേഖകള്‍ ഉപയോഗിച്ച് നീരവ് വിദേശത്തും തട്ടിപ്പ് നടത്തി.
പി.എന്‍.ബിയുടെ ജാമ്യത്തിന്റെ ബലത്തില്‍ വിദേശത്തെ ബാങ്കുകളില്‍നിന്നു വന്‍തോതില്‍ പണം പിന്‍വലിച്ചു. ഈ പണം തിരിച്ചടയ്ക്കാത്തതു മൂലം ബാദ്ധ്യത പി.എന്‍.ബിക്കായി.
നീരവ്, ഭാര്യ ആമി, സഹോദരന് നിഷാല്‍, ബിസിനസ് പങ്കാളിയും അമ്മാവനുമായ മെഹുല്‍ ചിന്നുഭായ് ചോക്സി എന്നിവര്‍ പി.എന്‍.ബിയെ കബളിപ്പിച്ച് 280 കോടി രൂപ തട്ടിയ കേസുമായി ബന്ധപ്പെട്ട് ബാങ്ക് നടത്തിയ വിശദ പരിശോധനയിലാണ് 2011 മുതലുള്ള വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തു വന്നത്.
https://www.facebook.com/Malayalivartha