ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ജനുവരി 14ന് ആരംഭിക്കും...

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ജനുവരി 14ന് ആരംഭിക്കും. യാത്ര തൗബാല്‍ ജില്ലയിലെ ഖോങ്‌ജോം ഗ്രാമത്തില്‍ നിന്നാണ് യാത്ര ആരംഭിക്കുക. ഇംഫാലിലെ ഹപ്ത കാങ്ജെയ്ബുങ്ങില്‍ നിന്ന് ആരംഭിക്കാനാണ് നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഗ്രൗണ്ടിന് അനുമതി നിഷേധിച്ച് വൈകിപ്പിക്കുകയാണ് മണിപ്പൂര്‍ സര്‍ക്കാര്‍ ചെയ്തത്. പിന്നീട് ജനുവരി 10 ന് ഉപാധികളോടെ യാത്രയ്ക്ക് അനുമതി നല്‍കുകയായിരുന്നു.
റാലി ആരംഭിക്കുന്നതിന് മുമ്പ് പങ്കെടുക്കുന്നവരുടെ പേരുകള്‍ മുന്‍കൂട്ടി നല്‍കണമെന്നും ഫ്ളാഗ് ഓഫിന് നിയന്ത്രിത എണ്ണം പ്രവര്‍ത്തകര്‍ മാത്രമേ പങ്കെടുക്കാവൂ തുടങ്ങിയ ഉപാധികളാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്. ഇതിന് പിന്നാലെയാണ് പാര്‍ട്ടി വേദി മാറ്റിയത്. ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ജനുവരി 14ന് മണിപ്പൂരില്‍ നിന്നാണ് ആരംഭിക്കുന്നത്.
എന്‍ ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള മണിപ്പൂര്‍ സര്‍ക്കാര്‍ യാത്ര വൈകിപ്പിക്കാന്‍ തന്ത്രങ്ങള്‍ പയറ്റിയെന്ന് മുന്‍ മുഖ്യമന്ത്രി ഒ ഇബോബി ആരോപിച്ചു. മണിപ്പൂര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (എംപിസിസി) തലവന്‍ കെ മേഘചന്ദ്ര ജനുവരി രണ്ടിന് സുരക്ഷാ അനുമതി തേടിയിരുന്നെങ്കിലും സംസ്ഥാന ആഭ്യന്തര വകുപ്പ് വ്യക്തമായ നിര്‍ദ്ദേശം നല്‍കിയില്ലെന്നും ഇബോബി കൂട്ടിച്ചേര്‍ത്തു.
എഐസിസി മണിപ്പൂരിന്റെ ചുമതലയുള്ള ഗിരീഷ് ചോദങ്കറും യാത്രയെ കുറിച്ച് സംസ്ഥാന സര്‍ക്കാരിന് ആശങ്കയുണ്ടെന്നും രാഹുല്‍ ഗാന്ധിയെ അവര്‍ ഭയപ്പെടുന്നുവെന്നും പറഞ്ഞു. നേരത്തെ സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച ആശങ്കകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് യാത്രയ്ക്ക് അനുമതി നിഷേധിച്ചത്.
https://www.facebook.com/Malayalivartha























