നാലു വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസ്... അന്വേഷണത്തോട് സഹകരിക്കുന്നില്ല; മകനെ കൊന്നത് നിഷേധിക്കുന്നു;കമ്പനി സിഇഒ സുചന സേത്തിന്റെ പൊലീസ് കസ്റ്റഡി ഗോവയിലെ കോടതി അഞ്ചു ദിവസത്തേക്ക് നീട്ടി

നാലു വയസ്സുള്ള മകനെ കൊലപ്പെടുത്തി ബാഗിലാക്കി കാറില്‍ യാത്ര ചെയ്ത കേസില്‍ അറസ്റ്റിലായ കണ്‍സല്‍റ്റിങ് കമ്പനി സിഇഒ സുചന സേത്തിന്റെ പൊലീസ് കസ്റ്റഡി ഗോവയിലെ കോടതി അഞ്ചു ദിവസത്തേക്ക് നീട്ടി. അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ആറു ദിവസത്തെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കിയിരുന്നു.
കുഞ്ഞിനെ കൊലപ്പെടുത്താനുള്ള കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. വേര്‍പിരിഞ്ഞു കഴിയുന്ന ഭര്‍ത്താവ് വെങ്കട്ട് രാമന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സുചനയെ ചോദ്യം ചെയ്യേണ്ടതുണ്ട്. കുട്ടിയുടെയും പ്രതിയുടെയും ഡിഎന്‍എ പരിശോധന നടത്തണമെന്നും പൊലീസ് കോടതിയെ അറിയിച്ചു.. അന്വേഷണവുമായി പ്രതി പൂര്‍ണമായും സഹകരിക്കുന്നില്ലെന്നും മകനെ കൊന്നത് നിഷേധിക്കുന്നത് തുടരുകയാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
''കുട്ടിയുടെ മൃതദേഹം ബാഗില്‍ കൊണ്ടുപോയി എന്നതുള്‍പ്പെടെ മറ്റെല്ലാ കാര്യങ്ങളും സമ്മതിച്ചു. എന്നാല്‍ കുട്ടിയെ കൊന്നത് താനാണെന്ന് പറയാന്‍ വിസമ്മതിക്കുന്നു. കുട്ടിയുടെ മരണത്തിന് തന്റെ ഭര്‍ത്താവാണ് ഉത്തരവാദിയെന്നാണ് ആവര്‍ത്തിച്ച് അവകാശപ്പെടുന്നത്. പ്രതിയെ ചോദ്യം ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്നതിനാല്‍ കസ്റ്റഡി നീട്ടാന്‍ ആവശ്യപ്പെട്ടിരുന്നു. ഡിഎന്‍എ സാംപിള്‍ എടുക്കുന്നതുപോലുള്ള മറ്റു നടപടിക്രമങ്ങളുമുണ്ട്. കൊലയ്ക്ക് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സുചനയുടെ മുന്‍ ഭര്‍ത്താവ് വെങ്കട്ട് രാമന്റെ മൊഴി രേഖപ്പെടുത്തുന്നത് പൂര്‍ത്തിയായി''- അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























