വിമാനത്താവളങ്ങളില്‍ 'വാര്‍ റൂമുകള്‍' സ്ഥാപിക്കുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ...

വിമാനത്താവളങ്ങളില്‍ 'വാര്‍ റൂമുകള്‍' സ്ഥാപിക്കുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ എന്നീ ആറ് മെട്രോ നഗരങ്ങളിലെ വിമാനത്താവളങ്ങളിലാണ് യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വാര്‍ റൂമുകള്‍ സ്ഥാപിക്കുക. ഈ വിമാനത്താവളങ്ങളില്‍ 24 മണിക്കൂറും സിഐഎസ്എഫിന്റെ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ വൈകുകയും റദ്ദാക്കുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നീക്കം. ഡല്‍ഹിയിലെ ഐജിഐ എയര്‍പോര്‍ട്ടിനായി 29 എല്‍ റണ്‍വേ CAT III പ്രവര്‍ത്തനക്ഷമമാക്കിയതായി കേന്ദ്രമന്ത്രി പറഞ്ഞു.
തിങ്കളാഴ്ച, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ (എസ്ഒപി) പുറപ്പെടുവിച്ചിരുന്നു. 3 മണിക്കൂറില്‍ കൂടുതല്‍ വൈകുമെന്ന് പ്രതീക്ഷിക്കുന്ന ഫ്‌ലൈറ്റുകള്‍ മുന്‍കൂട്ടി റദ്ദാക്കാമെന്നും എസ്ഒപിയില്‍ പറഞ്ഞിട്ടുണ്ട്. മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് നേരത്തെ കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിസിഎ, എസ്ഒപി പുറത്തിറക്കിയത്. വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് കൃത്യമായ സൗകര്യങ്ങള്‍ ഒരുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ എയര്‍ലൈനുകളും സിഎആറില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കേണ്ടത് നിര്‍ബന്ധമാണ്. മൂടല്‍മഞ്ഞും പ്രതികൂല കാലാവസ്ഥയും, പ്രത്യേകിച്ച് ഡല്‍ഹി എയര്‍പോര്‍ട്ട് പോലുള്ള വിമാനത്താവളങ്ങളില്‍, വിമാനങ്ങളുടെ കാലതാമസം, റദ്ദാക്കല്‍, യാത്രക്കാരുടെ അസൗകര്യങ്ങള്‍ എന്നിവ മൂലമുണ്ടായ സമീപകാല തടസ്സങ്ങള്‍ക്ക് മറുപടിയായാണ് ഡിജിസിഎ എസ്ഒപികള്‍ നല്‍കിയത്.
അതിനിടെ ഡല്‍ഹി-ഗോവ ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റിന് ആക്രമിച്ച സംഭവത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തിയിരുന്നു. മൂടല്‍മഞ്ഞ് കാരണം ഡല്‍ഹിയില്‍ നിന്ന് ഗോവയ്ക്കുള്ള ഇന്‍ഡിഗോ 6E2175 വിമാനം വൈകുമെന്ന അറിയിപ്പ് നല്‍കുന്നതിനിടെയാണ് യാത്രക്കാരന്‍ കോ-പൈലറ്റിനെ മര്‍ദിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലടകം പ്രചരിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ജ്യോതിരാദിത്യ സിന്ധ്യ രം?ഗത്തെത്തിയത്. 'അനിയന്ത്രിതമായ പെരുമാറ്റത്തിന്റെ സംഭവങ്ങള്‍ അസ്വീകാര്യമാണ്, നിലവിലുള്ള നിയമ വ്യവസ്ഥകള്‍ക്ക് അനുസൃതമായി ഇതിനെ ശക്തമായി കൈകാര്യം ചെയ്യും,' സിന്ധ്യ എക്‌സിലൂടെ പറഞ്ഞു.
https://www.facebook.com/Malayalivartha























