യൂണിവേഴ്‌സിറ്റി കോളേജ് മാറുന്നു... യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനി ടി.സി. വാങ്ങിപ്പോകുന്നു; ഇനിയൊരു കുട്ടിയ്ക്കും ഈയൊരു അനുഭവം ഉണ്ടാകല്ലേയെന്ന പ്രാര്‍ത്ഥന മാത്രം

കോളേജില്‍ പഠനാന്തരീക്ഷം ഇല്ലെന്ന് കുറിപ്പെഴുതി വച്ച് വിദ്യാര്‍ത്ഥി ആത്മഹത്യക്കു ശ്രമിച്ച സംഭവം ഏറെ വിവാദമായിരുന്നു. ഇതോടെ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ. ആധിപത്യം ലോകത്തിന് മുമ്പില്‍ തുറന്നു കാട്ടി. എസ്എഫ്‌ഐ ഒഴികെ മറ്റൊരു വിദ്യാര്‍ത്ഥി യൂണിയനേയും വാഴിക്കാന്‍ അവര്‍ സമ്മതിക്കാറില്ല. ഫലമോ യൂണിയന്റെ കരുത്ത് തെളിയിക്കാന്‍ ഒരു പാര്‍ട്ടിയിലും പെടാത്ത വിദ്യാര്‍ത്ഥികളെപ്പോലും മാര്‍ച്ചിനും സമരത്തിലും പങ്കെടുപ്പിക്കും. ഇല്ലെങ്കിലോ വലിയ മാനസിക ശാരീരിക പീഡനമായിരിക്കും ഫലം. ഇക്കാരണം കൊണ്ട് പല വിദ്യാര്‍ത്ഥികളാണ് ടിസി വാങ്ങി മറ്റ് കോളേജുകളിലേക്ക് മാറിപ്പോയത്. ഇപ്പോള്‍ അവസാനമായി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനിയും കോളേജ് മാറി പോകുകയാണ്.
ആറ്റിങ്ങല്‍ സ്വദേശിനിയായ പെണ്‍കുട്ടി രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം ടി.സി. വാങ്ങാനായി കോളേജില്‍ എത്തിയിരുന്നു. ഏത് കോളേജിലാണ് തുടര്‍പഠനമെന്നതു തീരുമാനിക്കാത്തതിനാല്‍ ടി.സി. ലഭിച്ചില്ല.
തുടര്‍ന്ന് സര്‍വകലാശാലാ ആസ്ഥാനത്തെത്തി വൈസ് ചാന്‍സലര്‍ മഹാദേവന്‍ പിള്ളയെ കണ്ടു. വിദ്യാര്‍ഥിനിയുടെ താല്പര്യപ്രകാരം ഏത് കോളേജില്‍ വേണമെങ്കിലും തുടര്‍പഠനത്തിന് അവസരമൊരുക്കാമെന്ന് അദ്ദേഹം അറിയിച്ചു. വര്‍ക്കല എസ്.എന്‍. കോളേജില്‍ തുടര്‍പഠനം നടത്താനാണ് വിദ്യാര്‍ഥിനിക്ക് താല്പര്യമെന്നറിയുന്നു. അടുത്ത ദിവസം വര്‍ക്കല കോളേജില്‍ പോയി അന്വേഷിച്ച ശേഷം യൂണിവേഴ്‌സിറ്റി കോളേജിലെത്തി ടി.സി. വാങ്ങുമെന്നാണ് അറിയുന്നത്.
കോളേജില്‍ കൃത്യമായി ക്ലാസുകള്‍ നടക്കാത്തതും വിവിധ പരിപാടികള്‍ക്ക് എസ്.എഫ്.ഐ. നേതാക്കള്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് ക്ലാസില്‍നിന്നു വിളിച്ചിറക്കിക്കൊണ്ടുപോകുന്നതും പഠനത്തെ ബാധിക്കുന്നുവെന്ന് കുറിപ്പെഴുതി വെച്ചാണ് കോളേജിനുള്ളില്‍ത്തന്നെ കൈമുറിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. പിന്നീട് പരാതിയില്ലെന്നാണ് വിദ്യാര്‍ഥിനിയും രക്ഷാകര്‍ത്താക്കളും പോലീസിനു മൊഴിനല്‍കിയത്. ആത്മഹത്യാശ്രമത്തിന് ആറ്റിങ്ങല്‍ പോലീസ് വിദ്യാര്‍ഥിനിക്കെതിരേ കേസെടുക്കുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന് രാഷ്ട്രീയപ്പാര്‍ട്ടികളും മറ്റു സംഘടനകളും യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ഥിസംഘടനയുടെ പ്രവര്‍ത്തനരീതിക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്.
ഭയം കൊണ്ടാണ് കോളേജ് മാറാനും പരാതിയില്‍ നിന്ന് പിന്‍വാങ്ങാനും തീരുമാനിച്ചതെന്ന് വിദ്യാര്‍ത്ഥിനിയുടെ ബന്ധു പറഞ്ഞു.
നിരന്തര സമരങ്ങളുടെ പേരില്‍ ക്ലാസുകള്‍ നഷ്ടപ്പെട്ടത് മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയെങ്കിലും കേസുമായി മുന്നോട്ട് പോകാനില്ലെന്നാണ് പണ്‍കുട്ടി മൊഴി നല്‍കിയത്. ക്ലാസുകള്‍ നഷ്ടപ്പെട്ടതില്‍ കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നു. അപ്പോഴത്തെ മാനസികാവസ്ഥയിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും യൂണിയന്‍ ഭാരവാഹികള്‍ക്കെതിരെ കത്തെഴുതിയതെന്നും പെണ്‍കുട്ടി പറയുന്നു. എന്നാല്‍ തനിക്ക് ആര്‍ക്കെതിരെയും പരാതിയില്ലെന്നും കേസുമായി മുന്നോട്ട് പോകാനില്ലെന്നും പെണ്‍കുട്ടി മൊഴി നല്‍കി. ആറ്റിങ്ങല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. അതേസമയം, സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.
വ്യാഴാഴ്ച കോളേജിലേക്ക് പോയശേഷമാണ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ കാണാതായത്. വൈകിട്ടോടെ പെണ്‍കുട്ടിയുടെ ഫോണും ഓഫായി. ഇന്നലെ രാവിലെ പെണ്‍കുട്ടികളുടെ വിശ്രമമുറിയിലാണ് ഞരമ്പ് മുറിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. അമിത അളവില്‍ വേദന സംഹാരിയും കഴിച്ചിരുന്നു. ഒരുരാത്രി മുഴുവന്‍ വിശ്രമമുറിയില്‍ പെണ്‍കുട്ടി കിടന്നതായാണ് പൊലീസിന്റെ അനുമാനം. കോളേജിലെ അവസ്ഥ വിശദീകരിച്ച് പെണ്‍കുട്ടിയെഴുതിയതെന്ന് കരുതുന്ന രണ്ട് പേജ് വരുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. പരീക്ഷാ സമയത്ത് വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ നിര്‍ബന്ധിച്ച് ക്ലാസില്‍ നിന്നു പുറത്തിറക്കി പരിപാടികളില്‍ പങ്കെടുപ്പിച്ചെന്ന് ആത്മഹത്യാക്കുറിപ്പില്‍ ആരോപിക്കുന്നുണ്ട്.നന്നായി പഠിക്കുന്ന പെണ്‍കുട്ടി കോളേജിലെ ക്ലാസുകള്‍ നഷ്ടപ്പെടുന്നതിനെക്കുറിച്ച് നേരത്തെയും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു.
"
https://www.facebook.com/Malayalivartha



























