വനത്തിനുള്ളിൽ വഴിതെറ്റി കുടുങ്ങി ഡിജിറ്റൽ സർവേസംഘം... വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു

ഒടുവിൽ തിരിച്ചെത്തിച്ചു... വനത്തിനുള്ളിൽ വഴിതെറ്റി കുടുങ്ങിയ ഡിജിറ്റൽ സർവേസംഘത്തെ വനപാലകരുടെ തിരച്ചിൽസംഘം കണ്ടെത്തി തിരിച്ചെത്തിച്ചു. ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് മേഖലയിലെ കരിങ്കണ്ണി വനത്തിലാണ് സർവേയർമാരായ അരുൺ ഭരത്, പ്രശാന്ത്, അഖിൽ, സിബിൻ ലാൽ, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റുമാരായ രവി, ബാലൻ, വാച്ചർ ഷാരോൺ എന്നിവർ ബുധനാഴ്ച അകപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് സംഘത്തെ കണ്ടെത്തിയത്.
വ്യാഴാഴ്ച അതിരാവിലെ പൂഴിത്തോട്, കക്കയം, വയനാട് എന്നിവിടങ്ങളിൽ നിന്നായി വനം ഉദ്യോഗസ്ഥരുടെ മൂന്നുസംഘങ്ങളാണ് തിരച്ചിലിനായി പോയത്. ബുധനാഴ്ച വൈകുന്നേരം അവസാനം ബന്ധപ്പെട്ട സ്ഥലം ലക്ഷ്യമാക്കിയായിരുന്നു ദൗത്യസംഘത്തിന്റെ യാത്ര.
ദൗത്യസംഘം അടയാളം നൽകാൻ പടക്കംപൊട്ടിച്ചതോടെ കാട്ടിൽ കുടുങ്ങിയവരും പടക്കംപൊട്ടിച്ചു. കക്കയത്തു നിന്നുള്ള ഫോറസ്റ്റ് സംഘമാണ് ആദ്യം ഇവരുടെ അടുത്തെത്തിയത്. പിന്നാലെ വയനാടുനിന്നുള്ള സംഘവുമെത്തി.
സർവേ സംഘത്തിലെ പ്രശാന്തിന് കാലിൽ പേശി വലിഞ്ഞതിനാൽ നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അതിനാൽ, ഇവരെ കുറഞ്ഞദൂരം നടത്തിച്ച് പുറത്തെത്തിക്കാനാണ് ശ്രമിച്ചത്. ബാണാസുര ഡാം റിസർവോയർവഴി വനംവകുപ്പിന്റെ ബോട്ടിൽ കയറ്റി പടിഞ്ഞാറത്തറ കുറ്റിയാംവയൽ ഭാഗത്തെത്തിച്ചു. പ്രശാന്തിന് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു.
"
https://www.facebook.com/Malayalivartha



























