ജോളി വന്നുപോയി കുടുംബത്തിലെ എല്ലാവരും ഛര്‍ദ്ദിച്ചു; ഒരു കുടുംബത്തെ മുഴുവന്‍ കൊല്ലാന്‍ ശ്രമം നടത്തി; ജോളി കേരളത്തെ മുഴുവന്‍ പേടിപ്പെടുത്തുന്ന ഒരു മുഖമായി മാറിക്കൊണ്ടിരിക്കുന്നു; പുതിയ വെളിപ്പെടുത്തല്‍

ജോളി കേരളത്തെ മുഴുവന്‍ പേടിപ്പെടുത്തുന്ന ഒരു മുഖമായി മാറിക്കൊണ്ടിരിക്കുകയാണ്, ഒരു കുടുംബത്തെ മുഴുവന്‍ കൊല്ലാന്‍ ജോളി ശ്രമം നടത്തി എന്ന വാര്‍ത്തകൂടി പുറത്തുവരികയാണ്, പോലീസിന് ലഭിച്ച പുതിയ മൊഴിയിലാണ് ഈ കാര്യങ്ങളൊക്കെ പറയുന്നത്, പൊന്നാമറ്റത്തെ അടുത്ത ബന്ധുക്കളില്‍ ഒരാളും ഭാര്യയും മകനും അടക്കമുള്ളവരാണ് ഇപ്പോള്‍ പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്.
ജോളി വീട്ടിലെത്തി പോയ ശേഷം ഉണ്ടായ ഛര്‍ദ്ദിയെ തുടര്‍ന്ന് രക്ത പരിശോധന നടത്തിയിരുന്നു അന്ന് ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിരുന്നു. പൊലീസില്‍ അന്ന് പരാതി നല്‍കിയിരുന്നെങ്കിലും ജോളിയെ സംശയിച്ചിരുന്നില്ല. ഇപ്പോള്‍ മറ്റാര്‍ക്കോ വേണ്ടി ജോളി ക്വട്ടേഷന്‍ എടുത്ത് വന്നതാണോ എന്ന് സംശയിക്കുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് ഈ കേസിലും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ അച്ഛന്‍ ടോം തോമസിന്റെ ഏറ്റവും അടുത്ത ബന്ധു തന്നെയാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. ആദ്യം എല്ലാവര്‍ക്കും അവശത അനുഭവപ്പെട്ടപ്പോള്‍, ഭക്ഷ്യവിഷബാധയാണ് എന്നാണ് കരുതിയത്. പക്ഷേ, രക്തം പരിശോധിക്കാന്‍ നല്‍കിയപ്പോള്‍ ഇതില്‍ അസ്വാഭാവികത കണ്ടിരുന്നതാണ്. ഇതോടെ പൊലീസിന് പരാതി നല്‍കി. അന്ന് പൊലീസ് പരാതി പരിശോധിക്കാന്‍ എത്തിയിരുന്നെങ്കിലും, വിശദമായ അന്വേഷണം നടന്നിരുന്നില്ല.
ജോളി വന്ന് പോയ ശേഷം തന്നെയാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതെന്നാണ് ഇവര്‍ എല്ലാവരും ഒരുപോലെ മൊഴി നല്‍കിയിരിക്കുന്നത്. അടുക്കളയില്‍ ജോളി വന്നിരുന്നു. ഭക്ഷണം കഴിച്ച ശേഷം ഓരോരുത്തരായി ഛര്‍ദ്ദിക്കുകയായിരുന്നു. കറിയിലാണ് വിഷം കലര്‍ത്തിയതെന്നാണ് ഇപ്പോള്‍ കുടുംബാംഗങ്ങള്‍ സംശയിക്കുന്നത്. പൊന്നാമറ്റം കുടുംബത്തിലെ മറ്റ് രണ്ട് പേര്‍ക്ക് കൂടി സയനൈഡ് ഉപയോഗത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് ജോളി മൊഴി നല്‍കിയത്. ഇവരുടെ സഹായം ജോളിയ്ക്ക് ഉണ്ടായിരുന്നു. നിലവില്‍ വിഷം നല്‍കിയെന്ന് പരാതി നല്‍കിയ കുടുംബത്തിലെ അംഗങ്ങള്‍ മരിച്ചാല്‍ അവരുടെ സ്വത്തുക്കള്‍ കിട്ടുന്നത് ജോളിയ്ക്കല്ല. മറ്റാര്‍ക്കോ ആണ്. അതായത് ജോളിയ്ക്ക് വിഷം ഉപയോഗിക്കാനുള്ള വൈദഗ്ധ്യം ഉള്ളത് മനസ്സിലാക്കി മറ്റാരോ ക്വട്ടേഷന്‍ നല്‍കി. അതനുസരിച്ച് ജോളി, വന്ന് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി മടങ്ങി എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഏത് വര്‍ഷമാണ് ഈ സംഭവമുണ്ടായിരിക്കുന്നത് എന്നതില്‍ ഇനിയും പൊലീസ് പുറത്തു പറയുന്നില്ല. പക്ഷേ, ഷാജുവിന്റെ ആദ്യഭാര്യ സിലിയും കുഞ്ഞ് ആല്‍ഫൈനും മരിക്കുന്നതിന് ശേഷമാണ് ഈ സംഭവം.
പൊന്നാമറ്റം കുടുംബത്തിലെ മറ്റ് രണ്ട് മൂന്ന് മരണങ്ങളില്‍ക്കൂടി സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പക്ഷേ അവയൊന്നും നിലവില്‍ പൊലീസിന്റെ അന്വേഷണ പരിധിയിലില്ല. അവയൊന്നും വിഷപ്രയോഗങ്ങളുമല്ല. പക്ഷേ, ഇത് പൊലീസിന് നേരിട്ട് പരാതി കിട്ടിയിരിക്കുന്ന കേസാണ്. ഈ സംഭവം നടന്ന സമയത്ത് ജോളിയുടെ സാന്നിധ്യമുണ്ട്. പൊന്നാമറ്റത്തെ മറ്റ് കൊലപാതകങ്ങളിലും സമാനമായ രീതിയിലെ തെളിവുകളാണ് പൊലീസിന് മുന്നിലുള്ളത്. എല്ലായിടത്തും ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നു. അതിനാല്‍ ഊര്‍ജിതമായ അന്വേഷണം തന്നെ ഇതില്‍ പൊലീസ് നടത്തുന്നുമുണ്ട്.
https://www.facebook.com/Malayalivartha