ഞാൻ അവളോട് പറഞ്ഞതാ സാറേ....! എന്നെ കൊണ്ട് ചെയ്യിച്ചതാ...! എന്റെ മകനെ കാണണം സെല്ലിൽ പൊട്ടിക്കരഞ്ഞ് ശാന്ത

‘പൊലീസ് എത്തിയല്ലോ, ഇനി എനിക്കു പേടിക്കേണ്ട’– മരുമകൾ രജിലയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം, വീട്ടിനകത്തിരുന്ന ശാന്ത പൊലീസ് സംഘത്തെ കണ്ടപ്പോൾ ആദ്യ പറഞ്ഞത് ഇതാണ്. ഇന്നലെ പുലർച്ചെ ആറിന് ആണ് കരുളായി കുണ്ടുങ്ങൽ ഗ്രാമത്തെ ഞെട്ടിച്ച സംഭവം. രക്തത്തിൽ കുളിച്ചുകിടന്ന അമ്മയെ കണ്ട് അലറിവിളിച്ചു കരഞ്ഞ കുട്ടികളെ നാട്ടുകാർ അയൽവീട്ടിലേക്കു മാറ്റി. പിന്നീട് രജിലയുടെ ബന്ധുക്കളെത്തി വാസുപ്പടിയിലേക്കു കൊണ്ടുപോയി.
ഗുരുതരാവസ്ഥയിലായിരുന്ന രജിലയെ ആംബുലൻസിൽ നിലമ്പൂർ ആശുപത്രിയിലേക്കു മാറ്റി. ശാന്ത പുറത്തിറങ്ങാതെ വീടിനുള്ളിൽ, അടുക്കളയിൽ ഇരുന്നു. 6.40ന് ഇൻസ്പെക്ടർ സനിൽ രാജിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി. രജിലയുടെ രക്തം ശാന്തയുടെ ശരീരത്തിലും വസ്ത്രങ്ങളിലും തെറിച്ചുവീണിരുന്നു. ശരീരത്തിൽ രക്തപ്പാടുകൾ കഴുകിക്കളയാൻ പോലും ശാന്ത തുനിഞ്ഞിരുന്നില്ല. പൊലീസ് വിളിച്ചപ്പോൾ അക്ഷോഭ്യയായി വേഗം ജീപ്പിൽ കയറിയിരുന്നു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. ഉച്ചകഴിഞ്ഞ് 3.30ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു ഹാജരാക്കിയപ്പോഴും കൂസലില്ലാതെ നിന്നു.
ഇടയ്ക്ക് പേരക്കുട്ടികളുടെ വിവരം വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് ആരാഞ്ഞു. തുടർന്ന്, കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു. കുറ്റകൃത്യം നടത്തിയത് പൊലീസിനോട് വിവരിച്ചു. വെട്ടാനുപയോഗിച്ച വാക്കത്തി അടുക്കളയിൽ വിറകുകൾക്കിടയിലാണ് ഒളിപ്പിച്ചിരുന്നത്. മടികൂടാതെ പൊലീസിന് എടുത്തുകൊടുത്തു. രജിലയുടെ കിടപ്പുമുറിയിലും മുൻവാതിലിനു സമീപത്തും രക്തം തളം കെട്ടിയിരുന്നു. അവയുടെയും ശാന്തയുടെ ശരീരത്തിൽ പുരണ്ട രക്തത്തിന്റെയും സാംപിൾ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഖരിച്ചു.
വീട്ടിൽ ശാസ്ത്രീയ കുറ്റാന്വേഷകർ തെളിവെടുപ്പ് നടത്തി. എസ്ഐമാരായ ദിനേശ് കുമാർ പുല്ലാട്ട്, ജയിംസ് ജോൺ, അബ്ദുൽ നാസർ, എഎസ്ഐ ജാഫർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണത്തിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha























