എടപ്പാള്‍ മേല്‍പാലം നിര്‍മാണം വേഗത്തിലാക്കാന്‍ എംഡി ജാഫര്‍ മലിക് ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും നിര്‍ദേശം നല്കി
എടപ്പാള്‍ മേല്‍പാലത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താനെത്തിയ ആര്‍ബിഡിസികെ എംഡി ജാഫര്‍ മലിക് നിര്‍മാണം വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും നിര്‍ദേശം നല്കി. പാലം ഡിസംബറില്‍ തുറന്നു കൊടുക്കണമെന്നും ഇതിനോടകം ജോലികള്‍ പൂര്‍ത്തീകരിക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും നിര്‍ദേശിച്ചു. നിര്‍മാണം നീണ്ടുപോകുന്നുവെന്നു പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹം നേരിട്ടെത്തിയത്.
തൃശൂര്‍-കോഴിക്കോട് റോഡുകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന നീളമേറിയ സ്പാനിന്റെ ജോലികള്‍ പ്രാരംഭ ഘട്ടത്തിലാണ്. മറ്റു ജോലികള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി കരാര്‍ കമ്പനി അധികൃതര്‍ എംഡിയെ അറിയിച്ചു. അടുത്ത മാസത്തോടെ ബീമുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കും.
കോവിഡിന് പുറമേ സാങ്കേതിക കാരണങ്ങളും തടസ്സമായതിനാലാണ് സമയത്ത് ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതെന്ന് ഇവര്‍ സൂചിപ്പിച്ചു. എന്നാല്‍ ഡിസംബറില്‍ത്തന്നെ ജോലികള്‍ പൂര്‍ത്തീകരിക്കണമെന്ന നിര്‍ദേശം ജാഫര്‍ മലിക് മുന്നോട്ടുവച്ചു. വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെ നിശ്ചിത സമയപരിധിക്കുള്ളില്‍ ജോലികള്‍ തീര്‍ക്കാനുള്ള തീവ്ര ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
നിര്‍മാണ പുരോഗതി വിലയിരുത്താന്‍ സംഘം അടുത്ത മാസം വീണ്ടുമെത്തും. ആര്‍ബിഡിസികെ ഡിജിഎം അബ്ദുല്‍ സലാം, കിറ്റ്കോ എസ്ആര്‍ കണ്‍സല്‍റ്റന്റ് ബൈജു ജോണ്‍, കരാര്‍ കമ്പനി എംഡി ഹാഷിം വരിക്കോടന്‍, പ്രൊജക്ട് മാനേജര്‍ വി.ഹനീഫ, അതുല്‍ എന്നിവരും ഇത്തവണ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha