വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ഐവിഎഫ് ചികിത്സയിലൂടെ ഗര്‍ഭിണിയായ യുവതിക്കും നവജാതശിശുക്കളിലെ ഇരട്ടകളിലൊരാള്‍ക്കും കോവിഡ്: ചികിത്സയ്ക്കു വഴിയില്ലാതെ കുടുംബം

സ്വകാര്യ ആശുപത്രിയില്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി കോവിഡ് പോസിറ്റീവായ യുവതി. വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ഐവിഎഫ് ചികിത്സയിലൂടെയാണ് രാജലക്ഷ്മിയെന്ന യുവതി ഗര്‍ഭം ധരിച്ചത്. ഇടക്കൊച്ചി ഇന്ദിരാ ഗാന്ധി റോഡില്‍ എഡി പുരം വീട്ടില്‍ ഷിനോജിന്റെ ഭാര്യ രാജലക്ഷ്മിയെ (27) കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് 14-ാം തീയതിയാണ് കളമശേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
8 മാസം ഗര്‍ഭിണിയായിരുന്ന ഇവര്‍ക്ക് കടുത്ത ന്യുമോണിയയും പിടിപെട്ടിരുന്നു. അമ്മയുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷയും സങ്കീര്‍ണ സാഹചര്യവും കണക്കിലെടുത്തു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റാന്‍ തീരുമാനിച്ചു. കാക്കനാട്ടെ സണ്‍റൈസ് ആശുപത്രി സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് 15-ാം തീയതി അവിടെ പ്രവേശിപ്പിച്ചു.
ശ്വാസതടസ്സം, പ്രമേഹം, അമിത രക്ത സമ്മര്‍ദം, അവയവങ്ങളിലേക്ക് മതിയായ ഓക്‌സിജന്‍ എത്താതിരിക്കുക തുടങ്ങി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അമ്മയുടെ ശരീരത്തില്‍ ഓക്‌സിജന്റെ അളവ് തീരെ കുറവായത് കുഞ്ഞുങ്ങളെ ബാധിക്കുമെന്നതിനാല്‍ 18-ന് സിസേറിയന്‍ നടത്തി. മാസം തികയാതെ പിറന്ന ഇരട്ട പെണ്‍കുഞ്ഞുങ്ങളില്‍ ഒരാള്‍ കോവിഡ് പോസിറ്റീവ്. വെന്റിലേറ്ററില്‍ കഴിയുന്ന അമ്മയുടെയും കുഞ്ഞുങ്ങളുടെയും ചികിത്സയ്ക്ക് ഭീമമായ തുക കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണു കുടുംബം. ഇതിനിടയില്‍ ഭര്‍ത്താവും മറ്റു കുടുംബാംഗങ്ങളും കൂടി കോവിഡ് ബാധിതരായി.
33 ആഴ്ചയേ ആയിട്ടുള്ളൂവെന്നതിനാല്‍ കുഞ്ഞുങ്ങള്‍ ഒരു മാസത്തോളം എന്‍ഐസിയുവില്‍ കഴിയണം. ഐവിഎഫ് ചികിത്സയ്ക്കായി നേരത്തേ 8 ലക്ഷത്തോളം രൂപ ചെലവായിരുന്നു. ഇപ്പോള്‍ 10 ദിവസത്തെ ചികിത്സയ്ക്കു മാത്രം ആശുപത്രി ചെലവ് 10 ലക്ഷത്തോളം രൂപയായെന്ന് മരപ്പണിക്കാരനായ ഷിനോജ് പറഞ്ഞു. ഐവിഎഫ് ചികിത്സയ്ക്ക് കടമെടുത്ത പണം തിരിച്ചടച്ചിട്ടില്ല.
കോവിഡിന്റെ വെല്ലുവിളി കൂടിയായതോടെ ചികിത്സയ്ക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് അറിയാതെ നട്ടംതിരിയുകയാണ് കുടുംബം. ഷിനോജിന്റെ അക്കൗണ്ട് നമ്പര്‍: യൂണിയന്‍ ബാങ്ക് 408902010011159, ഐഎഫ്എസ് കോഡ്: UBI 540897.
https://www.facebook.com/Malayalivartha


























