യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ രണ്ടു പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ രണ്ടു പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതിയെ സമീപിച്ചു. എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസിലെ അഞ്ചും ആറും പ്രതികളായ കെ.ടി. റമീസ്, എ.എം. ജലാല്‍ എന്നിവരെ നാലു ദിവസം ജയിലില്‍ ചോദ്യം ചെയ്യാനാണ് അനുമതി തേടിയത്.
ഇ.ഡിയുടെ അപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും.സ്വര്‍ണക്കടത്തിനു പിന്നില്‍ നടന്ന ഹവാല-ബിനാമി ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയാണ് ഇ.ഡി അന്വേഷിക്കുന്നത്.നിലവില്‍ സന്ദീപ് നായര്‍, സ്വപ്ന സുരേഷ്, സരിത്, ഫൈസല്‍ ഫരീദ് എന്നിവരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ചോദ്യം ചെയ്യലിനു ശേഷമാകും ഇവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം തീരുമാനിക്കുക. ഇരുവരും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.
കള്ളപ്പണം വെളുപ്പിച്ചതിലും ഹവാല ഇടപാടിലും ഇരുവര്‍ക്കും പങ്കുണ്ടോ എന്ന് പരിശോധിച്ച ശേഷമാകും തുടര്‍നടപടിയിലേക്ക് നീങ്ങുക.
ആവശ്യമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കസ്റ്റഡിയില്‍ ചോദ്യം ചെയ്യും. അതിനിടെ, ബിനീഷ് കോടിയേരിയുടെ സ്വത്ത് വകകള്‍ സംബന്ധിച്ച് രജിസ്ട്രേഷന്വകുപ്പില്നിന്ന് അടുത്ത ആഴ്ചയോടെ വിശദ റിപ്പോര്‍ട്ട് ലഭിക്കും. ഇത് ലഭിച്ചശേഷം ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.
വടക്കാഞ്ചേരി ലൈഫ്മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സി.ബി.ഐ അന്വേഷണം നടക്കുകയാണെങ്കിലും സംസ്ഥാനം പ്രഖ്യാപിച്ച വിജിലസ് അന്വേഷണവും തുടരാമെന്ന് നിയമോപദേശം. സി.ബി.ഐ അന്വേഷണം ആരംഭിച്ചതിനാല്‍ വിജിലന്‍സ് അന്വേഷണത്തിന് പ്രസക്തിയില്ലെന്ന് വാദമുയര്‍ന്നിരുന്നു.ആ സാഹചര്യത്തിലാണ് വിജിലന്‍സ് നിയമോപദേശം തേടിയത്.
https://www.facebook.com/Malayalivartha