പ്രതിപക്ഷം ഒന്നൊന്നായി പുറത്തു കൊണ്ടുവന്ന അഴിമതികള്‍ ഇടതു സര്‍ക്കാരിന്റെ തനിനിറം ജനങ്ങള്‍ക്ക് കാട്ടിക്കൊടുത്തു; യു.ഡി.എഫ് അധികാരത്തില്‍ തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

യു.ഡി.എഫ് ഐതിഹാസിക വിജയം നേടി അധികാരത്തില്‍ തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ഉടനീളം വോട്ടര്‍മാരില്‍ കണ്ട ആവേശം അതിന്റെ സൂചനയാണ് നല്‍കുന്നതെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടു.
അഞ്ചു വര്‍ഷം കൊണ്ട് കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ ഇടതുമുന്നണി സര്‍ക്കാരിനെതിരെ ജനം ഒറ്റക്കെട്ടായി വിധി എഴുതുന്നതാണ് ഇന്ന് ദൃശ്യമായത്. പ്രതിപക്ഷം ഒന്നൊന്നായി പുറത്തു കൊണ്ടുവന്ന അഴിമതികള്‍ ഇടതു സര്‍ക്കാരിന്റെ തനിനിറം ജനങ്ങള്‍ക്ക് കാട്ടിക്കൊടുത്തു.
അന്താരാഷ്ട്ര പി.ആര്‍. എജന്‍സികളുടെ സഹായത്തോടെ നടത്തിയ പ്രചാരണ കോലാഹലങ്ങളൊന്നും ഇടതു മുന്നണിയ്ക്ക് രക്ഷയായില്ല. ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും ചവിട്ടിമെതിച്ച സര്‍ക്കാര്‍ ഈ തിരഞ്ഞെടുപ്പ് കാലത്തും ജനങ്ങളെ കബളിപ്പിക്കാനാണ് നോക്കിയത്. ഭക്തര്‍ അതെല്ലാം തിരിച്ചറിഞ്ഞു.
പരാജയ ഭീതിപൂണ്ട ഇടതു മുന്നണി സംസ്ഥാനത്ത് പല ഭാഗത്തും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അഴിച്ചുവിട്ടു. നിരവധി യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ഇടതു മുന്നണി എന്തു പ്രകോപനമുണ്ടാക്കിയാലും യു.ഡി.എഫ് പ്രവര്‍ത്തകര്‍ സംയമനം കൈവിടരുതെന്ന് ചെന്നിത്തല അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha

























