എന്താകുമോ എന്തോ... ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം ശോഭന ജോര്‍ജ് രാജിവെച്ചു; നിലവിലെ സ്ഥാനങ്ങള്‍ രാജിവെക്കാന്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് രാജി; പുതിയ സ്ഥാനങ്ങളെ കുറിച്ച് തീരുമാനിക്കേണ്ടത് പാര്‍ട്ടി
കോണ്‍ഗ്രസിന്റെ തിളങ്ങുന്ന മുഖമായിരുന്ന ശോഭന ജോര്‍ജിനെ അടികൂടി വന്നപ്പോള്‍ സിപിഎം രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചത് മലയാളികള്‍ ഇപ്പോഴും മറന്നിട്ടില്ല. അവസാനം നല്ലൊരു സ്ഥാനവും നല്കി. ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം. ഇപ്പോള്‍ ആ സ്ഥാനം രാജി വയ്ക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്കി.
അങ്ങനെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം ശോഭന ജോര്‍ജ് രാജിവെച്ചു. കഴിഞ്ഞദിവസം ശോഭന ജോര്‍ജ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ചനടത്തിയിരുന്നു. നിലവിലെ സ്ഥാനങ്ങള്‍ രാജിവെക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. മുന്നര വര്‍ഷത്തെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാനായെന്ന് ശോഭന ജോര്‍ജ് പ്രതികരിച്ചു.
കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായിരുന്നു ശോഭന പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് സിപിഎമ്മിലെത്തിയത്. 2018ല്‍ എല്‍ഡിഎഫിന്റെ ഭാഗമായത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബോര്‍ഡ്, കോര്പ്പറേഷന് ചെയര്മാന് സ്ഥാനത്തേക്ക് ചുമതലയേറ്റവര്‍ രാജിവെക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജി. പുതിയ സ്ഥാനങ്ങളെ കുറിച്ച് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും അവര്‍ പ്രതികരിച്ചു.
കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് സിപിഎമ്മിലേക്ക് വന്നപ്പോള്‍ ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശോഭന ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഇടത് മുന്നണിയില്‍ ഉറച്ച് നില്‍ക്കുമെന്നും ശോഭന ജോര്‍ജ് അന്ന് പറഞ്ഞു.
എംഎല്‍എ ആയിരുന്നതിനേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ വ്യക്തികളുമായി കൂടുതല്‍ ഇടപെടാനും മനസിലാക്കാനും സാധിക്കുന്നുണ്ട്. ചെങ്ങന്നൂരിലെ വികസന പ്രവര്‍ത്തനങ്ങള്‍ പാതിവഴിയിലാണെന്നും പൂര്‍ത്തികരിക്കാന്‍ സജി ചെറിയാന് വിജയിക്കണമെന്നും അവര്‍ പറഞ്ഞു.
ഇടത് മുന്നണിക്ക് തുടര്‍ഭരണം ഉണ്ടാകുമെന്നും ശോഭന ജോര്‍ജ് പറഞ്ഞിരുന്നു. തനിക്ക് പദവിയില്‍ നല്ല പിന്തുണയുണ്ടെന്നും തൃപ്തയാണെന്നും ശോഭന ജോര്‍ജ് പറഞ്ഞു. ഖാദി ബോര്‍ഡിനെ പരിഷ്കരിക്കാന്‍ സാധിച്ചുവെന്നും ശോഭന ജോര്‍ജ് വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാവ് ശോഭന ജോര്‍ജ്ജ് ഇടതുപക്ഷത്തേക്ക് എത്തിയത് തികച്ചും അപ്രതീക്ഷിതമായാണ്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അന്നത്തെ ഇടതു കണ്‍വെന്‍ഷനില്‍ ശോഭന ജോര്‍ജ്ജ് പങ്കെടുത്തതോടെയാണ് ചിത്രം വ്യക്തമായത്. അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ശോഭന ജോര്‍ജ്ജ് സംസാരിച്ചാണ് ഇതിന് തീരുമാനമായത്.
കോണ്‍ഗ്രസ് എംഎല്‍എയായി 3 തവണ തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് ശോഭന ജോര്‍ജ്ജ്. മുമ്പ് ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയായി മത്സരിച്ച ശോഭന ജോര്‍ജ്ജ് 3966 വോട്ടുകളാണ് നേടിയത്. അതിനുശേഷം കോണ്‍ഗ്രസുമായി ശോഭന ജോര്‍ജ്ജ് അകല്‍ച്ചയിലായിരുന്നു. പിന്നീടാണ് ചെങ്ങന്നൂരിലെ ഇടത് സ്ഥാനാര്‍ഥി സജി ചെറിയാന് വേണ്ടി ശോഭന ജോര്‍ജ്ജ് പ്രചാരണത്തിനിറങ്ങിയത്.
15 വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ശോഭനാ ജോര്‍ജ് യു.ഡി.എഫ് നേതൃത്വത്തോട് സീറ്റ് ആവശ്യപ്പെട്ടെങ്കിലും നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ റിബലായി മത്സരിച്ചത്. തുടര്‍ന്നാണ് പാര്‍ട്ടി വിട്ടത്.
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് പ്രചരണം പൊടി പാറുന്നതിനിടയില്‍ ഇടതു പാളയത്തിലോട്ടു കൂറ് മാറിയ ശോഭന ജോര്‍ജിനെതിരെ ഒളിയമ്പുമായി അന്നത്തെ കെ പി സി സി പ്രസിഡന്റ് എം എം ഹസ്സന് രംഗത്തെത്തിയിരുന്നു. അതും ഏറെ വിവാദമായിരുന്നു. അവസാനം ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം രാജി വച്ച് പടിയിറങ്ങുകയാണ്.
"
https://www.facebook.com/Malayalivartha