21 ലക്ഷം രൂപയുടെ കെ എസ് എഫ് ഇ ഹോം ലോണ്‍ തട്ടിപ്പ് ...പ്രതികള്‍ക്ക് ജാമ്യമില്ല, ജൂലൈ 20 മുതല്‍ റിമാന്റില്‍

കെ. എസ്. എഫ്. ഇ. ഏജന്റ് ചമഞ്ഞ് കെ.എസ്.എഫ്.ഇ. യില്‍ നിന്നും ഭവനവായ്പ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ വസ്തു ജാമ്യം വച്ച് 21 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ വിശ്വാസ വഞ്ചനാ കേസില്‍ രണ്ടു പ്രതികള്‍ക്കും ജാമ്യമില്ല.
തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് ജൂലൈ 20 മുതല്‍ റിമാന്റില്‍ കഴിയുന്ന പ്രതികള്‍ക്ക് ജാമ്യം നിരസിച്ചത്.
വഞ്ചനാ കേസില്‍ ഒന്നും രണ്ടും പ്രതികളായ പെരുമ്പഴുതൂര്‍ തൊഴുക്കല്‍ കൈപ്പുറത്ത് വീട്ടില്‍ പ്രേം ചന്ദ് (34) , കാട്ടാക്കട കരിയംകോട് തോട്ടരികത്ത് വീട്ടില്‍ അനില്‍ കുമാര്‍ (23) എന്നിവര്‍ക്കാണ് ജാമ്യം നിഷേധിച്ചത്.
ഗൗരവമേറിയ കൃത്യം ചെയ്ത പ്രതികളെ ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ തെളിവു നശിപ്പിക്കുമെന്നും സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും സമാന കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുമെന്നും നിരീക്ഷിച്ചാണ് ജഡ്ജി മിനി. എസ്. ദാസ് ജാമ്യ ഹര്‍ജി തള്ളിയത്.
2017 മുതലാണ് തട്ടിപ്പ് ആരംഭിച്ചത്. കെ.എസ്.എഫ്.ഇ. ഏജന്റുമാര്‍ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആക്കുളം മുണ്ടനാട് കുന്നില്‍ വീട്ടില്‍ മിനിയെയാണ് പ്രതികള്‍ കബളിപ്പിച്ച് പണം തട്ടിയെടുത്തത്.
ഹോം ലോണ്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വസ്തുവിന്റെ ആധാരമടക്കമുള്ള രേഖകള്‍ കൈക്കലാക്കിയ പ്രതികള്‍കെ.എസ്.എഫ്.ഇ യുടെ തിരുവനന്തപുരം സിറ്റി മെഡിക്കല്‍ കോളേജ് ബ്രാഞ്ചില്‍ വീട്ടമ്മ അറിയാതെ ചിട്ടികള്‍ പിടിക്കുന്നതിന് ജാമ്യം വച്ചാണ് പലപ്പോഴായി 21 ലക്ഷം രൂപ തട്ടിയെടുത്തത്.
2019 ല്‍ ഡിമാന്റ് നോട്ടീസു വന്നപ്പോള്‍ തട്ടിപ്പ് മനസ്സിലാക്കിയ വീട്ടമ്മയുടെ പരാതിയിലാണ് കേസെടുത്തത്. ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ 2021 ജൂലൈ 20 നാണ് കഴക്കൂട്ടം സൈബര്‍ സിറ്റി അസി. പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























