സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വ്യാപകം! രാത്രി പത്ത് മണിക്ക് ശേഷം ഡി.ജെ. പാര്‍ട്ടികള്‍ വേണ്ട.. പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷിക്കും... ഹോട്ടലുകളില്‍ സിസിടിവി ക്യാമറകള്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കണമെന്നും ഈ ക്യാമറകളിലെ ദൃശ്യങ്ങള്‍ സൂക്ഷിച്ചുവെയ്ക്കണമെന്നും പോലീസ്

സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വ്യാപകമായതിന്റെ പശ്ചാത്തലത്തിൽ ഡി.ജെ. പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോലീസ്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പലയിടങ്ങളിലും ഡി.ജെ. പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ട്.
എന്നാല്‍ ഈ പാര്‍ട്ടികളിലൊന്നും ലഹരിമരുന്ന് ഉപയോഗം ഉണ്ടാകാതിരിക്കാനാണ് പോലീസിന്റെ ശ്രമം. വന്‍തോതിലുള്ള ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഡി.ജെ. പാര്‍ട്ടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി കര്‍ശന നിര്‍ദേശം നല്‍കി. രാത്രി പത്ത് മണിക്ക് ശേഷം ഡി.ജെ. പാര്‍ട്ടികള്‍ പാടില്ലെന്നാണ് പോലീസിന്റെ നിര്‍ദേശം.
പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷിക്കും. ഡി.ജെ. പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ഹോട്ടലുകളില്‍ സിസിടിവി ക്യാമറകള്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കണമെന്നും ഈ ക്യാമറകളിലെ ദൃശ്യങ്ങള്‍ സൂക്ഷിച്ചുവെയ്ക്കണമെന്നും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
ഡി.ജെ. പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ഹോട്ടലുകാര്‍ക്ക് ഇതുസംബന്ധിച്ച നോട്ടീസും നല്‍കും. അടുത്തിടെ തിരുവനന്തപുരം പൂവാറിലെ റിസോര്‍ട്ടില്‍ ഡി.ജെ. പാര്‍ട്ടിക്കിടെ വന്‍ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തിരുന്നു. കൊച്ചിയില്‍ മോഡലുകളുടെ അപകടമരണത്തിന് പിന്നാലെ ഹോട്ടലില്‍നടന്ന ഡി.ജെ. പാര്‍ട്ടിയുടെ വിവരങ്ങളും പുറത്തുവന്നിരുന്നു. ഈ പാര്‍ട്ടികളിലെല്ലാം ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായാണ് പോലീസ് കണ്ടെത്തിയിരുന്നത്.
https://www.facebook.com/Malayalivartha



























