വഴിയിലൂടെ പോയ ഗർഭിണിയായ യുവതിയെ കമൻറ് അടിക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തു; ചോദ്യം ചെയ്യാൻ ഭർത്താവെത്തിയതോടെ സംഭവങ്ങൾ വഷളായി; പ്രകോപിതരായ പ്രതികൾ ഭർത്താവിനെ കയ്യേറ്റം ചെയ്തു; 22ആഴ്ച ഗർഭിണിയായ യുവതിയുടെ അടിവയറ്റിൽ ചവിട്ടി; ചവിട്ട് കിട്ടി നിലത്ത് വീണ യുവതിക്ക് ബ്ലീഡിങ് ഉണ്ടായി; ഗർഭസ്ഥശിശുവിന്റെ ജീവൻ അപകടത്തിൽ! അതിക്രൂരമായ സംഭവം നടന്നത് പാലായിൽ; വിദ്യാർത്ഥിനിയും ഗർഭിണിയുമായ യുവതിയെചവിട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ നാലുപേർ പിടിയിൽ

പാല ഞൊണ്ടിമാക്കൽ കവലയിൽ വിദ്യാർത്ഥിനിയും ഗർഭിണിയുമായ യുവതിയെ ചവിട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ നാലു പേർ പിടിയിൽ. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരായ ദമ്പതികളായ തോടനാൽ സ്വദേശി കൾ ജോലികഴിഞ്ഞ് പാലാ ഞൊണ്ടിമാക്കൽ കവലയിലുള്ള വാടക വീട്ടിലേക്ക് പോകുംവഴി ഒന്നും രണ്ടും പ്രതികളുടെ ഉടമസ്ഥതയിലുള്ള കാർ നെസ്റ്റ് എന്ന വർക്ക് ഷോപ്പിന് സമീപമെത്തി.
അപ്പോൾ ഒന്നാംപ്രതി ഗർഭിണിയായ യുവതിയെ കമൻറ് അടിക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തപ്പോൾ ഭർത്താവും യുവതിയും ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായ പ്രതികൾ ഭർത്താവിനെ കയ്യേറ്റം ചെയ്തു.തുടർന്ന് ഒന്നാംപ്രതി, 22ആഴ്ച ഗർഭിണിയായ യുവതിയുടെ അടിവയറ്റിൽ ചവിട്ടി.തുടർന്ന് യുവതിക്ക് ബ്ലീഡിങ് ഉണ്ടാവുകയും പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
വിദഗ്ധചികിത്സയ്ക്കായി ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.ഗർഭസ്ഥശിശുവിന്റെ ജീവൻ അപകടത്തിൽ ആയതിന്റെ അടിസ്ഥാനത്തിൽ പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ, കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പ ഐപിഎസ് ന്റെ കർശനനിർദ്ദേശപ്രകാരം പാലാ ഡിവൈഎസ്പി ഷാജു ജോസ് പ്രതികളെ എത്രയും വേഗം പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു .
തുടർന്ന് വർക്ക്ഷോപ്പ് ഉടമകളായ പൂവരണി പാറപ്പള്ളി കറുത്തേടത്ത് ശങ്കർ കെ എസ് (39), അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ (38), വർക്ക്ഷോപ്പിലെ തൊഴിലാളികളായ നരിയങ്ങാനം ചെമ്പൻപുരയിടത്തിൽ ആനന്ദ് (23), മേവട വെളിയത്ത് സുരേഷ്(55) എന്നിവരെയാണ് പാല എസ് എച്ച് ഒ കെ പി തോംസൺ അറസ്റ്റ് ചെയ്തത്.
സംഭവം ഉണ്ടായതിനെത്തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിച്ച് പോലീസ് സംഭവസ്ഥലത്തെത്തിയപ്പോഴേക്കും ഒന്നാംപ്രതി വർക്ക്‌ഷോപ്പിൽ ഉണ്ടായിരുന്ന ഒരു കാറിൽ രക്ഷപ്പെട്ടു. തുടർന്ന് പ്രതികൾക്കായി അന്വേഷണം ആരംഭിച്ച പോലീസ് പിറ്റേന്ന് പുലർച്ചെ ഒന്നാംപ്രതിയുടെ കാറിൽ ബാംഗ്ലൂരിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഒന്നും രണ്ടും പ്രതികളെ അമ്പാറ നിരപ്പിലുള്ള റബ്ബർതോട്ടത്തിൽ ഒളിവിൽ കഴിയുന്നതിനിടെ പിടികൂടി.
മൂന്നും നാലും പ്രതികളെ വീടുകളിൽ നിന്നും പിടികൂടി. എസ് ഐ അഭിലാഷ് എംഡി, എ എസ് ഐമാരായ ഷാജി എ ടി, ബിജു കെ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, ജസ്റ്റിൻ ജോസഫ് സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് സി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha
























