'ഇന്ന് ആകാശവാണി അല്ല പ്രസാര്‍ ഭാരതിയാണ്. അതിനെ വേണമെങ്കില്‍ മോഡി ഭാരതി എന്നോ കേന്ദ്രഭാരതി എന്നോ വിളിക്കാം. മോഡിക്ക് നല്‍കുന്ന സമയത്തില്‍ മാത്രമല്ല, പ്രാദേശിക എഫ് എം ചാനലുകളുടെ സമയം കവരുന്ന കാര്യത്തിലും ഈ പേരാവും ചേരുക. തിരുവനന്തപുരത്തിന്റെ പ്രാദേശിക എഫ് എം ചാനലായ അനന്തപുരി എഫ് എം ഇപ്പോള്‍ വിവിധഭാരതി മലയാളമാണ്...' സർക്കാർ എഫ്എമ്മുകളിൽ മുഴുവൻ ഹിന്ദി പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നതിൽ പ്രതിഷേധം അറിയിച്ച് ബിനുരാജ്
റേഡിയോയുടെ പ്രൈം ടൈമിൽ ഹിന്ദി പരിപാടികൾ അവരത്തരിപ്പിക്കുന്നതിൽ പ്രതിഷേധം അറിയിച്ച് ബിനുരാജ് എഴുതിയ കുറിപ്പ് വൈറലാകുകയാണ്. സാധാരണക്കാരും ജോലിക്ക് പോകുന്നവരും ആശ്രയിക്കുന്ന റേഡിയോയിൽ ഇത്തരത്തിൽ ഹിന്ദി പരിപാടികൾ മാത്രം സംപ്രേക്ഷണം ചെയ്യുന്നത് ആരുടെ താല്പര്യത്തിനാണ് എന്നാണ് ചോദിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ആകാശവാണി ഇന്ദിരാവാണി എന്നറിയപ്പെട്ടിരുന്നത് 70കളിലാണ്. അടിയന്തരാവസ്ഥ കാലത്ത് ആകാശവാണി ഈ പേരിനെ അന്വര്‍ത്ഥമാക്കി. കോണ്‍ഗ്രസിനും ഇന്ദിരാഗാന്ധിക്കും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രക്ഷേപണ സ്ഥാപനം (സര്‍ക്കാര്‍ ഉടമസ്ഥതയില്‍ എന്നാല്‍ ജനങ്ങളുടെ ഉടമസ്ഥതയില്‍ എന്ന് തന്നെയാണ് അര്‍ത്ഥം) അമിതപ്രാധാന്യം നല്‍കുന്നതായി പരാതി ഉയര്‍ന്നപ്പോള്‍ ആകാശവാണി ഒരു പത്രക്കുറിപ്പ് ഇറക്കി. അതില്‍ ഇന്ദിരാഗാന്ധിക്കും പ്രതിപക്ഷ നേതാക്കള്‍ക്കും ആകാശവാണിയില്‍ നല്‍കിയ സമയത്തിന്റെ വിശദവിവരം ഉണ്ടായിരുന്നു. അത് പരിശോധിച്ചപ്പോള്‍ ഇന്ദിരാഗാന്ധിക്ക് നല്‍കിയ സമയത്തേക്കാള്‍ കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട് എന്ന് പരാതി ഉന്നയിച്ചവര്‍ക്ക് ബോധ്യപ്പെട്ടു.
ഇന്ന് ആകാശവാണി അല്ല പ്രസാര്‍ ഭാരതിയാണ്. അതിനെ വേണമെങ്കില്‍ മോഡി ഭാരതി എന്നോ കേന്ദ്രഭാരതി എന്നോ വിളിക്കാം. മോഡിക്ക് നല്‍കുന്ന സമയത്തില്‍ മാത്രമല്ല, പ്രാദേശിക എഫ് എം ചാനലുകളുടെ സമയം കവരുന്ന കാര്യത്തിലും ഈ പേരാവും ചേരുക. തിരുവനന്തപുരത്തിന്റെ പ്രാദേശിക എഫ് എം ചാനലായ അനന്തപുരി എഫ് എം ഇപ്പോള്‍ വിവിധഭാരതി മലയാളമാണ്.
രാവിലെ ഏട്ട് മുതല്‍ 10 മണി വരെയാണ് റേഡിയോയുടെ പ്രൈം ടൈം എന്ന് പറയാവുന്നത്. അതില്‍ തന്നെ 9 മുതല്‍ 10 വരെ. അടുക്കളപ്പണിക്ക് ഇടയിലും തൊഴിലടങ്ങളിലേക്ക് പോകാനുമുള്ള തിരക്കിനിടയിലും ശ്രോതാക്കള്‍ റേഡിയോ കേള്‍ക്കുന്ന പ്രധാന സമയമാണിത്. ക്ലോക്കില്‍ നോക്കാതെ തന്നെ സമയമറിഞ്ഞ് ഓരോന്ന് ചെയ്യാനുള്ള സൗകര്യവും റേഡിയോ തരുന്നുണ്ട്. പണിത്തിരക്കിനിടയില്‍ ബാബുരാജും ഭാസ്ക്കരന്‍ മാഷും വരും. വയലാറും ദേവരാജനും വരും, ബിച്ചുവും ശ്യാമും പിന്നെ ഇടയ്ക്കിടെ പരസ്യങ്ങളും വരും.
ഓഫീസിലേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇതൊക്കെ ഞാനും കേള്‍ക്കുക. ഓരോ പാട്ടും ഓരോ ഓര്‍മ്മകള്‍ കൊണ്ടു വന്നിരുന്നു. ചിലര്‍ ഓഫീസില്‍ പോകുന്ന വഴിക്ക് കാറില്‍ ഇരുന്നാണ് ഇത് ആസ്വദിക്കുക. ട്രാഫിക്ക് തിരക്കുകള്‍ അറിയുകയേ ഇല്ല. 10 മണിയോടെ ഇതൊക്കെ തീരും. അപ്പോഴേക്കും എല്ലാവരും അവരവരുടെ തൊഴിലടങ്ങളില്‍ എത്തിയിട്ടുണ്ടാവും. 10 മണിക്കാണ് അനന്തപുരി എഫ് എമ്മില്‍ ജനപ്രിയ പരിപാടിയായ ഗാനോപഹാരം തുടങ്ങുന്നത്. അപ്പോള്‍ ആര് കേള്‍ക്കാനാണ്?
പക്ഷേ ഇത് ഇപ്പോള്‍ നഷ്ടമായിരിക്കുന്നു. അനന്തപുരം എഫ് എമ്മില്‍ മാത്രമല്ല കൊച്ചി കോഴിക്കോട് എഫ് എം സ്റ്റേഷനുകളിലും രാവിലെ 9 മുതല്‍ 10 വരെ ഹിന്ദി പരിപാടികളാണ്. ആരെങ്കിലും ഇത് കേള്‍ക്കുന്നുണ്ടോ? മൊബൈല്‍ ആപ്പ് വഴി ദേവികുളം കണ്ണൂര്‍ എഫ് എം ഒക്കെ കിട്ടുന്നത് കൊണ്ട് ഞാന്‍ അതില്‍ ആശ്വാസം കണ്ടെത്തുകയാണ്. പക്ഷേ അവയും താമസിയാതെ നിലയ്ക്കും. 90 ശതമാനം സമയം പരസ്യവും വാചകമടിയും 10 ശതമാനം സമയം മാത്രം പാട്ടുമുള്ള സ്വകാര്യ എഫ് എം ചാനലുകള്‍ ഈ സമയത്ത് കേള്‍ക്കാന്‍ തോന്നാറില്ല.
എന്തുകൊണ്ടാണ് ഈ പ്രൈം ടൈം തന്നെ മലയാളത്തില്‍ നിന്നും അപഹരിക്കപ്പെട്ടത്? ഹിന്ദിയുടെ അടിച്ചേല്‍പ്പിക്കല്‍ എന്നാണ് പലരും പറയുന്നത്. പക്ഷേ എനിക്ക് അത് അത്ര വിശ്വസനീയമായി തോന്നുന്നില്ല. കാരണം മലയാളം കൂടാതെ കര്‍ണാടകം, തമിഴ്നാട് എന്നീ ഹിന്ദി ഇതര എഫ് എം ചാനലുകളുടെ പ്രൈം ടൈം ഹിന്ദി കയ്യേറിയത് പോലെ ചില ഉത്തരേന്ത്യന്‍ നഗര എഫ് എം സ്റ്റേഷനുകളുടെ പ്രൈം ടൈമും വിവിധ ഭാരതി കൈയേറിയിട്ടുണ്ട്. പ്രയാഗ് രാജ്, വാരാണസി, റോഹ്ത്തക്ക്, ജയ്പ്പൂര്‍, ജോധ്പ്പൂര്‍, ഉദയ്പ്പൂര്‍ എന്നീ എഫ് എമ്മുകളുടെ രാവിലെ 9 മുതല്‍ 10 വരെയും വൈകുന്നേരം മൂന്ന് മുതല്‍ അഞ്ച് വരെയുമുള്ള സമയത്ത് പ്രാദേശിക പരിപാടികള്‍ ഒഴിവാക്കി വിവിധഭാരതി പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നു.
പ്രൈം ടൈം എന്നാല്‍ ഏറ്റവും കൂടുതല്‍ ശ്രോതാക്കള്‍ റേഡിയോ കേള്‍ക്കുന്ന സമയം. അതാണ് ഏറ്റവും കൂടുതല്‍ പരസ്യസാന്ദ്രതയുള്ള സമയവും. ആ സമയത്ത് പ്രേക്ഷകര്‍ ഇല്ലാതെ ആയാല്‍ പരസ്യദാതാക്കള്‍ സ്വകാര്യ എഫ് എം ചാനലുകളെ തേടിപ്പോകും എന്നറിയാന്‍ വലിയ ജ്ഞാനം ഒന്നും ആവശ്യമില്ല. ആരുടെ താല്‍പര്യമാണ് ഇതിന് പിന്നിലെന്ന് ഇപ്പോള്‍ വ്യക്തമല്ലേ? ഇത് ആരു വഴി നടപ്പാക്കിയെന്നും അതിന് ആരൊക്കെ പങ്ക് പറ്റിയെന്നും അന്വേഷിക്കുന്നത് നന്നായിരിക്കും. നേരത്തെ പറഞ്ഞത് പോലെ സര്‍ക്കാരിന്റെ പ്രക്ഷേപണ നിലയം എന്നാല്‍ അത് ജനങ്ങളുടെ ആണ്. ആരുടെയും തറവാട്ട് സ്വത്തല്ല.
https://www.facebook.com/Malayalivartha

























