ഐ എസ് എല്ലിൽ സെമിഫൈനല്‍ യോഗ്യത നേടി കേരള ബ്ളാസ്റ്റേഴ്സ്; കേരളത്തിന് വഴിതുറന്നത് മുംബൈയുടെ പരാജയത്തോടെ; കേരളം സെമിഫൈനലിലേക്ക് യോഗ്യത നേടുന്നത് ഇത് മൂന്നാം തവണ

ഐ എസ് എല്‍ പൊയിന്റ് പട്ടികയിലെ ആദ്യ നാലു സ്ഥാനക്കാരില്‍ ഒരാളായി കേരള ബ്ളാസ്റ്റേഴ്സ് സെമിഫൈനല്‍ യോഗ്യത നേടി. ഇത് മൂന്നാം തവണയാണ് ബ്ളാസ്റ്റേഴ്സ് സെമിഫൈനലിലേക്ക് യോഗ്യത നേടുന്നത്. ഐ എസ് എല്‍ ആദ്യ എഡിഷനായ 2014ലും സ്റ്റീവ് കോപ്പലിന് കീഴില്‍ 2016ലുമാണ് ബ്ളാസ്റ്റേഴ്സ് ഇതിന് മുമ്ബ് സെമിഫൈനലിലേക്ക് യോഗ്യത നേടുന്നത്. ഇതിന് മുമ്ബ് സെമിഫൈനലില്‍ കടന്നപ്പോഴെല്ലാം ബ്‌ളാസ്റ്റേഴ്സ് ഫൈനലിലേക്കും യോഗ്യത നേടിയിട്ടുണ്ടെന്നത് ബ്‌ളാസ്റ്റേഴ്സ് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന കാര്യമാണ്.
ഇന്ന് നടന്ന ഹൈദരാബാദ് - മുംബയ് സിറ്റി മത്സരത്തില്‍ മുംബയെ ഹൈദരാബാദ് പരാജയപ്പെടുത്തിയതോടെയാണ് ബ്‌ളാസ്റ്റേഴ്സിന് സെമിഫൈനല്‍ പ്രവേശനം ഉറപ്പായത്. ഇക്കൊല്ലം സെമിഫൈനല്‍ പ്രവേശനം നേടുന്ന അവസാനത്തെ ടീമാണ് ഇവാന്‍ വുകോമാനോവിച്ച് പരിശീലിപ്പിക്കുന്ന കേരള ബ്‌ളാസ്റ്റേഴ്സ്. ജംഷഡ്പൂര്‍ എഫ് സി, എ ടി കെ മോഹന്‍ ബഗാന്‍, ഹൈദരാബാദ് എഫ് സി എന്നിവര്‍ ഇതിനോടകം തന്നെ സെമിഫൈനല്‍ യോഗ്യത നേടികഴിഞ്ഞു.
നാളെ എഫ് സി ഗോവയുമായാണ് ബ്‌ളാസ്റ്റേഴ്സിന്റെ ലീഗ് റൗണ്ടിലെ അവസാന മത്സരം. ആ മത്സരത്തിന്റെ ഫലം ഏതായാലും പൊയിന്റ് പട്ടികയില്‍ സ്ഥാനചലനം ഒന്നും ഇനി ഉണ്ടാകാന്‍ പോകുന്നില്ല. ഇന്ന് നടന്ന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ മുംബയ് സിറ്റിക്ക് സെമി ഫൈനലില്‍ പ്രവേശിക്കണമെങ്കില്‍ വിജയം കൂടിയേ തീരുമായിരുന്നുളളൂ. ഇന്നത്തെ കളി വിജയിച്ചിരുന്നെങ്കില്‍ മുംബയ്ക്ക് 20 മത്സരങ്ങളില്‍ നിന്ന് 34 പൊയിന്റ് ആകുമായിരുന്നു. എങ്കില്‍ പോലും നാളെ നടക്കുന്ന അവസാന മത്സരത്തില്‍ ബ്‌ളാസ്റ്റേഴ്സിന് സമനില നേടിയാല്‍ സെമിയില്‍ എത്താന്‍ സാധിക്കുമായിരുന്നു. നിലവില്‍ 19 കളികളില്‍ നിന്ന് 33 പൊയിന്റുകളാണ് ബ്‌ളാസ്റ്റേഴ്സിന് ഉള്ളത്.
ഇന്ന് നടന്ന ഐ എസ് എല്‍ മത്സരത്തില്‍ 2-1നാണ് ഹൈദരാബാദ് മുംബയ് സിറ്രിയെ തകര്‍ത്തത്. 14ാം മിനിട്ടില്‍ ദനുവും 41ാം മിനിട്ടില്‍ ചിയാനിസും ഹൈദരാബാദിന്റെ ഗോളുകള്‍ നേടി. 76ാം മിനിട്ടില്‍ മുംബയ് സിറ്റിക്ക് വേണ്ടി ഫാള്‍ ആശ്വാസഗോള്‍ നേടി.
https://www.facebook.com/Malayalivartha























