ലോക മഹായുദ്ധത്തിലേക്ക്... വ്യോമനിരോധനം യുദ്ധപ്രഖ്യാപനമായി കാണുമെന്ന പുടിന്റെ പ്രസ്താവന രാജ്യങ്ങളെ ഇളക്കി; വ്യോമനിരോധിത മേഖലയായി പ്രഖ്യാപിച്ച് റഷ്യയുടെ ആക്രമണത്തിനു തടയിടണമെണ ആവശ്യം നിരസിച്ചു; ആഞ്ഞടിച്ച് സെലെന്‍സ്‌കി; ഇനിയുള്ള മരണങ്ങള്‍ക്ക് നാറ്റോയ്ക്കും ഉത്തരവാദിത്തം

നാറ്റോ രാജ്യങ്ങളുമായി കൂട്ടുപിടിച്ച് റഷ്യക്ക് വമ്പന്‍ പണി കൊടുക്കാനിരുന്നതായിരുന്നു യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ അതിനെ മറികടന്ന പ്രസ്താവനയുമായി രംഗത്തെത്തി.
യുക്രെയ്‌നിനു മുകളില്‍ ഏതെങ്കിലും മൂന്നാംകക്ഷി വ്യോമനിരോധനം പ്രഖ്യാപിച്ചാല്‍ അതു യുദ്ധപ്രഖ്യാപനമായി കാണുമെന്നു പുടിന്‍ പറഞ്ഞു. വനിതാ പൈലറ്റുമാരോടു സംസാരിക്കുമ്പോഴാണ് നാറ്റോയെ ലക്ഷ്യമിട്ടുള്ള പുട്ടിന്റെ മുന്നറിയിപ്പ്. വ്യോമനിരോധനം പ്രഖ്യാപിക്കുന്നത് ആരായാലും ആ നിമിഷം മുതല്‍ അവരും യുദ്ധത്തില്‍ പങ്കാളികളായിരിക്കുമെന്നു പുടിന്‍ പറഞ്ഞു.
അതേസമയം വ്യോമനിരോധിത മേഖലയായി പ്രഖ്യാപിച്ച് റഷ്യയുടെ ആക്രമണത്തിനു തടയിടണമെണ ആവശ്യം നിരസിച്ചതിനെത്തുടര്‍ന്ന് നാറ്റോയ്‌ക്കെതിരെ ആഞ്ഞടിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. നാറ്റോ ദുര്‍ബലമാണെന്നും ആശയക്കുഴപ്പത്തിലാണെന്നും അദ്ദേഹം ആരോപിച്ചു.
നാറ്റോയുടെ സൈനിക പിന്തുണയില്ലാതെ പിടിച്ചുനില്‍ക്കാനാവില്ലെന്ന സൂചനയാണ് സെലെന്‍സ്‌കി നല്‍കുന്നത്. എന്നാല്‍, വ്യോമനിരോധിത മേഖലയായി പ്രഖ്യാപിച്ചാല്‍, പ്രായോഗികമായി നടപ്പാക്കാനാവില്ലെന്നാണ് നാറ്റോയുടെ നിലപാട്.
തീരുമാനം നടപ്പില്‍ വരുത്തുന്നത് സൈനിക നടപടിയായി മാറുമ്പോള്‍ റഷ്യയും നാറ്റോയുമായി ഏറ്റുമുട്ടുന്ന സ്ഥിതി വരികയും അതു ഗുരുതരമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുമെന്ന് സഖ്യം വിലയിരുത്തുന്നു. എന്നാല്‍, ഗാലറിയിലിരുന്നു കളി പറയുന്ന നാറ്റോയുടെ രീതികൊണ്ടു കാര്യമില്ലെന്നാണ് സെലെന്‍സ്‌കി സൂചിപ്പിക്കുന്നത്.
ഇനി മുതല്‍ യുക്രെയ്‌നില്‍ നഷ്ടമാകുന്ന ഓരോ ജീവനും നാറ്റോ ഉത്തരവാദിയായിക്കുമെന്നു സെലെന്‍സ്‌കി ആരോപിച്ചു. അതേസമയം, യുക്രെയ്‌നിനു നല്‍കിയിട്ടുള്ള ആയുധങ്ങളുടെയും പണത്തിന്റെയും കണക്കാണു യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇന്നലെയും പറഞ്ഞത്.
സാമ്പത്തിക ഉപരോധമാണു പാശ്ചാത്യരാജ്യങ്ങളുടെ ഭാഗത്തുനിന്ന് റഷ്യയ്‌ക്കെതിരെ നേരിട്ടു പ്രയോഗിച്ചിട്ടുള്ള പ്രധാന ആയുധം. ഉപരോധം ക്ഷതമേല്‍പ്പിച്ചെന്ന മട്ടിലുള്ള പ്രതികരണം റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലാത്തിനാല്‍ കൂടുതല്‍ ശക്തമായ നടപടി വേണമന്നാണു യുക്രെയ്ന്‍ ആവശ്യപ്പെടുന്നത്.
അതിനിടെ, ആണവനിലയ മേഖല ആക്രമിച്ചതിനെതിരെ രാജ്യാന്തരതലത്തില്‍ ശക്തമായ വിമര്‍ശനമുയര്‍ന്നപ്പോള്‍, റഷ്യയില്‍ മാധ്യമങ്ങള്‍ക്കു മേല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണു പുടിന്‍ ചെയ്തത്.
അതേസമയെ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പോളണ്ടിലേക്കു മുങ്ങിയെന്ന റഷ്യന്‍ പ്രചാരണത്തിന് കീവിലെ ഓഫിസില്‍ നിന്നു വിഡിയോ സന്ദേശത്തില്‍ മറുപടി നല്‍കി. റഷ്യ ആക്രമണം ശക്തമാക്കുന്നതിനു മുന്‍പ് മാര്‍ച്ച് 2ന് സെലെന്‍സ്‌കി പോളണ്ടിലേക്കു രക്ഷപ്പെട്ടെന്നും യുഎസില്‍ അഭയം തേടാന്‍ ആലോചിക്കുന്നെന്നുമാണു റഷ്യന്‍ പാര്‍ലമെന്റ് അംഗത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
യുക്രെയ്ന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കു സെലെന്‍സ്‌കിയെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും പ്രചാരണമുണ്ടായിരുന്നു. ഇതെത്തുടര്‍ന്ന് ഇന്നലെ കീവിലെ ഓഫിസില്‍ നിന്ന് സെല്‍ഫി വിഡിയോ സന്ദേശത്തില്‍ പ്രത്യക്ഷപ്പെട്ട സെലെന്‍സ്‌കി ആരോപണങ്ങള്‍ നിഷേധിച്ചു.
യുക്രെയ്‌നില്‍ നിന്നു ഞാന്‍ ഒളിച്ചോടിയെന്ന വാര്‍ത്ത ഒന്നിടവിട്ട ദിവസങ്ങളില്‍ കാണുന്നുണ്ട്. ഞാനെവിടെയും പോയിട്ടില്ല. ഞങ്ങള്‍ ഇവിടെ ജോലിയിലാണ്. ഇടയ്‌ക്കൊന്ന് ഓടാന്‍ പോകണമെന്ന് തോന്നാറുണ്ട്. പക്ഷേ, അതിനു സമയമില്ല. യുക്രെയ്‌നിനു വിജയവും ശത്രുക്കള്‍ക്കു മരണവും നേര്‍ന്ന് സെലെന്‍സ്‌കി സന്ദേശം അവസാനിപ്പിക്കുന്നു. റഷ്യ ആക്രമണം ആരംഭിച്ച ഫെബ്രുവരി 24 മുതല്‍ പല തവണ സെലെന്‍സ്‌കി രാജ്യം വിട്ടതായി പ്രചാരണം ഉണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha























