രണ്ടും കല്‍പിച്ച് സെലന്‍സ്‌കി... യുക്രെയിനില്‍ പ്രഖ്യാപിച്ച വെടിനിറുത്തല്‍ അവസാനിച്ചെന്ന് റഷ്യ; യുക്രെയിനില്‍ വ്യാപക ആക്രമണം; മൂന്നാംവട്ട സമാധാന ചര്‍ച്ച നാളെ നടക്കും; നാല് ലക്ഷം ജനങ്ങളെ റഷ്യ ബന്ധിയാക്കിയെന്ന് മരിയുപോള്‍ മേയര്‍; റഷ്യ യുക്രെയിനിനെ ആക്രമിച്ചത് എന്തിന് വേണ്ടി? ഉത്തരം നല്‍കി പുടിന്‍

യുക്രെയിനിലെ രണ്ട് നഗരങ്ങളില്‍ പ്രഖ്യാപിച്ച വെടിനിറുത്തല്‍ അവസാനിച്ചെന്ന് റഷ്യ അറിയിച്ചു. അതോടെ തുടര്‍ച്ചയായ പതിനൊന്നാം ദിവസവും യുക്രെയിനില്‍ വ്യാപക ആക്രമണം. കീവിന്റെ വടക്ക് പടിഞ്ഞാറന്‍ നഗരം പൂര്‍ണമായും തകര്‍ന്നെന്ന് യുക്രെയിന്‍ വ്യക്തമാക്കി. വെടിനിറുത്തല്‍ തുടരാന്‍ യുക്രെയിന്‍ സന്നദ്ധത കാണിച്ചില്ലെന്ന് റഷ്യ കുറ്റപ്പെടുത്തി.
വെടിനിറുത്തല്‍ ഗുണം ചെയ്തില്ലെന്ന് മരിയുപോള്‍ മേയര്‍ പറഞ്ഞു. നഗരത്തിലെ ജലവിതരണവും വൈദ്യുതിയും തടസപ്പെട്ടു. നാല് ലക്ഷം ജനങ്ങളെ റഷ്യ ബന്ധിയാക്കിയെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
യുക്രെയിനിലെ രണ്ടു നഗരങ്ങളില്‍ റഷ്യന്‍ സേന ആറു മണിക്കൂര്‍ വെടിനിറുത്തല്‍ പ്രഖ്യാപിച്ചെങ്കിലും പലയിടത്തും ആക്രമണം ഉണ്ടായി. റഷ്യ വെടിനിറുത്തല്‍ ലംഘിച്ചെന്ന് യുക്രെയിനും, രക്ഷാദൗത്യം യുക്രെയിന്‍ അനുവദിച്ചില്ലെന്ന് റഷ്യയും കുറ്റപ്പെടുത്തി. അതേസമയം റഷ്യ യുക്രെയിന്‍ സമാധാന ചര്‍ച്ച നാളെ നടക്കും. യുക്രെയിന്‍ പ്രതിനിധി സംഘാംഗം ഡേവിഡ് അറഖാമിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സമാധാന ചര്‍ച്ചകള്‍ക്കായി ഇസ്രയേല്‍ പ്രധാനമന്ത്രി നഫാതാലി ബെന്നറ്റ് മോസ്‌കോയില്‍ എത്തി. റഷ്യ യുക്രെയിന്‍ പ്രസിഡന്റുമാരുമായി ചര്‍ച്ച നടത്തി. റഷ്യയും ഇസ്രയേലുമായുള്ള നല്ല ബന്ധം ഗുണം ചെയ്യുമെന്നും, യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നും യുക്രെയിന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് പ്രധാനമന്ത്രി എത്തിയത്.
അതേസമയം റഷ്യ യുക്രെയിനിനെ ആക്രമിച്ചതിന് കാരണമായി പല ഉത്തരങ്ങളാണ് ഓരോരുത്തരും പറയുന്നത്. ഇത് സംബന്ധിച്ച് ഓരോ രാജ്യത്തും പ്രചരിക്കുന്നതും പല കഥകളാണ്. എന്നാല്‍ എല്ലായിടത്ത് നിന്നും എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടും യുക്രെയിനില്‍ യുദ്ധത്തിന് വേണ്ടി റഷ്യ ഇറങ്ങിതിരിച്ചതിന്റെ പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പുടിന്‍. ഒരു ആണവായുധ ശക്തിയാകാനുള്ള യുക്രെയിനിന്റെ ആഗ്രഹമാണ് റഷ്യയെ പ്രകോപിപ്പിച്ചതിനുള്ള മുഖ്യ കാരണമായി പുടിന്‍ പറയുന്നത്. യുക്രെയിനിലെ സാപോറിഷിയ ആണവനിലയം പിടിച്ചെടുത്തതിന് ശേഷം മാത്രമാണ് റഷ്യ ചര്‍ച്ചക്ക് പോലും തയ്യാറായതെന്നത് ഇതിന് ഒരു തെളിവാണ്.
യുക്രെയിന്‍ ആണവായുധ ശക്തിയാകുന്നത് റഷ്യയുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നും യുക്രെയിന്‍ നേരിട്ട് പ്രയോഗിച്ചില്ലെങ്കില്‍ കൂടെ റഷ്യയ്‌ക്കെതിരെ ആണവായുധം ഉപയോഗിച്ച് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് യുക്രയിനിനെ ഉപദേശിക്കാന്‍ അമേരിക്കയും നാറ്റോയും അടക്കമുള്ള ശത്രുക്കള്‍ ഉള്ളപ്പോള്‍ റഷ്യ സുരക്ഷിതമാണെന്ന് കരുതാനാകില്ലെന്നാണ് പുടിന്റെ നിലപാട്. റഷ്യയിലെ ഒരു ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് പുടിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
യുക്രെയിനിലെ യഷ്മാഷ് എന്ന സര്‍ക്കാര്‍ നിയന്ത്രിത വിമാനനിര്‍മാണ കമ്പനി മുമ്പ് സോവിയറ്റ് യൂണിയന് വേണ്ടി ആണവായുധങ്ങള്‍ നിര്‍മിക്കുന്നതില്‍ പങ്കെടുത്തിരുന്നെന്നും യുക്രെയിന്‍ ഇപ്പോഴും മറ്റ് പല ആവശ്യങ്ങള്‍ക്കും വേണ്ടി റേഡിയോ ആക്ടീവ് മൂലകങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും ഇത് ആണവായുധങ്ങള്‍ ആയി മാറാന്‍ അധികം സമയം വേണ്ടിവരില്ലെന്നും റഷ്യ ഭയപ്പെടുന്നതായി പുടിന്‍ വ്യക്തമാക്കി.
അതേസമയം യുക്രെയിനില്‍ വ്യോമനിരോധന മേഖല പ്രഖ്യാപിക്കണമെന്ന തങ്ങളുടെ ആവശ്യം തള്ളിയ നാറ്റോയ്‌ക്കെതിരെ വിമര്‍ശനവുമായി യുക്രെയിന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി രംഗത്തെത്തി. യുക്രെയിന് നേരെ ബോംബാക്രമണങ്ങള്‍ തുടരാന്‍ റഷ്യയ്ക്ക് അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ പച്ചക്കൊടി വീശുകയാണെന്ന് സെലെന്‍സ്‌കി ആരോപിച്ചു.
" "
https://www.facebook.com/Malayalivartha

























