പലപ്പോഴും എല്ലാ പോരാട്ടവും അവസാനിപ്പിക്കണെമെന്ന് തോന്നിയിരുന്നു... പുറത്ത് പറയേണ്ടായിരുന്നുവെന്ന് തോന്നിയിരുന്നു.. ഞാനിപ്പോഴും ഭയപ്പെടുകയാണ്.. ഈ പോരാട്ടം എളുപ്പമല്ല! തന്റെ പിതാവ് ജീവിച്ചിരുന്നെങ്കിൽ, എനിക്കിത് സംഭവിക്കില്ലായിരുന്നുവെന്ന് ഞാൻ ചിന്തിക്കുമായിരുന്നു.. ഇതെല്ലാം ഒരു ദുസ്വപ്നമായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു! അഞ്ച് വർഷത്തെ യാത്ര വളരെ ബുദ്ധിമുട്ടേറിയതായിരുന്നു... പലരും അവസരം നിഷേധിച്ചു; മലയാളത്തിലേക്ക് ഞാൻ മടങ്ങിവരാൻ ഒരുങ്ങുകയാണ്... നടിയുടെ തുറന്ന് പറച്ചിൽ

ലൈംഗിക അതിക്രമത്തെ പറ്റി ആദ്യമായി പൊതുമധ്യത്തില്‍ തുറന്നു പറയുകയാണ് ആക്രമണത്തിനിരയായ പ്രമുഖ നടി. തനിക്ക് എന്താണ് സംഭവിച്ചതെന്ന് എല്ലാവരും അറിയണമെന്ന് കരുതിയാണ് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചത്. അതികഠിനമായ ദിവസങ്ങളിലൂടെയാണ് താൻ കടന്നുപോയതെന്ന് പ്രമുഖ മാദ്ധ്യമ പ്രവർത്തക ബർക്കാ ദത്ത് അവതരിപ്പിക്കുന്ന 'വി ദി വിമൺ' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. പലപ്പോഴും എല്ലാ പോരാട്ടവും അവസാനിപ്പിക്കണെമെന്ന് തോന്നിയിരുന്നു. പുറത്ത് പറയേണ്ടായിരുന്നുവെന്ന് തോന്നിയിരുന്നു. എന്നാൽ ഡബ്ള്യൂ സി സി പോലെ ധാരാളം പേർ തനിക്കൊപ്പം നിന്നു. താനിപ്പോഴും ഭയപ്പെടുകയാണ്. നീതിയ്ക്ക് വേണ്ടിയുളള പോരാട്ടം എളുപ്പമല്ല.
സംഭവത്തിന് ശേഷം തനിക്ക് പലരും അവസരം നിഷേധിച്ചു. എന്നാൽ ഭദ്രൻ, ആശിഖ് അബു, പൃഥിരാജ്, ജിനു എബ്രഹാം, ഷാജി കൈലാസ്, ജയസൂര്യ എന്നിവർ താൻ മലയാളം സിനിമയിലേക്ക് തിരിച്ചുവരണമെന്നും ആവശ്യപ്പെടുകയും അവസരങ്ങൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ താൻ അപ്പോൾ മാനസികമായി തയ്യാറായിരുന്നില്ല. എന്നാലിപ്പോൾ താൻ ചില മലയാളം കഥകൾ കേൾക്കുകയാണെന്നും താരം വെളിപ്പെുത്തി.
തന്റെ പിതാവ് ജീവിച്ചിരുന്നെങ്കിൽ, തനിക്ക് അടുത്ത ദിവസം ഷൂട്ടിംഗ് ഇല്ലായിരുന്നെങ്കിൽ തനിക്കിത് സംഭവിക്കുമായിരുന്നില്ല എന്ന് താൻ ചിന്തിക്കുമായിരുന്നെന്നും ഇതെല്ലാം ഒരു ദുസ്വപ്നമായിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിച്ചിരുന്നു എന്നും നടി പറഞ്ഞു. എല്ലാം തന്റെ തെറ്റായിരുന്നെന്ന് സ്വയം പഴിക്കുമായിരുന്നു. 2020ൽ ആണ് വിചാരണ ആരംഭിക്കുന്നത്. പതിനഞ്ച് ദിവസം തനിക്ക് കോടതിയിൽ പോകേണ്ടതായി വന്നു. മാനസികാഘാതം നൽകിയ ദിവസങ്ങളായിരുന്നു അത്. എന്നാൽ അവസാന ദിവസം തനിക്ക് താൻ ഇരയല്ല അതിജീവിതയാണെന്ന തിരിച്ചറിവ് ഉണ്ടാവുകയായിരുന്നു. അഞ്ച് വർഷത്തെ യാത്ര വളരെ ബുദ്ധിമുട്ടേറിയതായിരുന്നു.
ധാരാളം പേർ തനിക്കൊപ്പം നിന്നെങ്കിലും തന്നെ അറിയാത്ത നിരവധി പേർ തനിക്കെതിരെ ചാനലുകളിലും മറ്റുമിരുന്നു തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പറയുന്നത് കണ്ടു. താൻ രാത്രിയിൽ സഞ്ചരിക്കാൻ പാടില്ലായിരുന്നു ഇതെല്ലാം കെട്ടിച്ചമച്ചുണ്ടാക്കിയ കഥകളാണ് എന്ന് ചിലർ പറഞ്ഞു. താൻ അത്തരമൊരു വ്യക്തിയല്ല,തന്റെ മാതാപിതാക്കൾ അങ്ങനെയല്ല വളർത്തിയത്. ഇതെല്ലാം വളരെയധികം തളർത്തിയെന്നും അവസാനം വരെ പോരാടുമെന്നും താരം വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha

























