റഷ്യന്‍ പണി പാളുന്നു... ഒരാഴ്ചയിലേറെ കാലമായി പല ശ്രമങ്ങള്‍ നടത്തിയിട്ടും കീവിനെ കീഴടക്കാനാകുന്നില്ല; ജീവന്‍ നല്‍കിയും കീവിനെ സംരക്ഷിക്കാനുറച്ച് യുക്രെയ്ന്‍; റഷ്യന്‍ സേനയെ ചെറുക്കാന്‍ കീവിലെങ്ങും കിടങ്ങുകള്‍; പോരാട്ടം ശക്തമാകുമ്പോഴും പതറാതെ യുക്രെയ്ന്‍

ഇപ്പോള്‍ കീവിനെ കീഴ്‌പ്പെടുത്തുമെന്ന് പറഞ്ഞ റഷ്യന്‍ സേനയ്ക്ക് ഒരാഴ്ചയിലേറെ കാലമായി ഒന്നും ചെയ്യാനാകുന്നില്ല. കീവില്‍ യുക്രെയ്ന്‍ സൈനികര്‍ കിടങ്ങുകള്‍ നിര്‍മിച്ചും റോഡുകള്‍ അടച്ചും പ്രതിരോധം ശക്തമാക്കി. സമീപപ്രദേശങ്ങളില്‍ ഷെല്ലാക്രമണം രൂക്ഷമാണ്. പ്രധാന പാതയില്‍ മണല്‍ചാക്കുകളും കോണ്‍ക്രീറ്റ് സ്ലാബുകളും നിരത്തി.
തെക്കന്‍ നഗരമായ നോവ കഖോവ്ക്കയില്‍ പ്രവേശിച്ച റഷ്യന്‍ സേനയ്‌ക്കെതിരെ പ്രതിഷേധവുമായി രണ്ടായിരത്തിലേറെപ്പേര്‍ ദേശീയ പതാകയുമായി തെരുവിലിറങ്ങി.
ഇവിടെ പ്രതിഷേധക്കാര്‍ക്കുനേരെ റഷ്യന്‍ സേന നടത്തിയ വെടിവയ്പില്‍ 5 പേര്‍ക്കു പരുക്കേറ്റതായി യുക്രെയ്ന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമാന സംഭവങ്ങള്‍ മറ്റു നഗരങ്ങളിലും ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
മറ്റു രാജ്യങ്ങളുടെ വ്യോമതാവളങ്ങള്‍ യുക്രെയ്ന്‍ വ്യോമസേന ഉപയോഗിച്ചാല്‍, ആ രാജ്യങ്ങളെയും സംഘര്‍ഷത്തില്‍ പങ്കാളികളായി കണക്കാക്കി നടപടിയെടുക്കുമെന്ന് റഷ്യ അറിയിച്ചു. നാറ്റോ സഖ്യം യുക്രെയ്‌നില്‍ റഷ്യയ്ക്കു വ്യോമനിരോധനം ഏര്‍പ്പെടുത്തിയാല്‍ നാറ്റോയെയും സംഘര്‍ഷത്തിലുള്‍പ്പെടുത്തുമെന്ന് റഷ്യ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു.
യുക്രെയ്‌നില്‍ നിന്നു പോളണ്ടിലെത്തിയ അഭയാര്‍ഥികളുടെ എണ്ണം ഇന്നലെ 10 ലക്ഷം കടന്നു. ശനിയാഴ്ച മാത്രം 1.29 ലക്ഷം പേര്‍ പോളണ്ടില്‍ പ്രവേശിച്ചു. ഫെബ്രുവരി 24ന് റഷ്യന്‍ ആക്രമണം തുടങ്ങിയതിനു ശേഷം ഒറ്റദിവസത്തെ ഏറ്റവും വലിയ സംഖ്യയാണിത്. യുക്രെയ്‌നുമായി 500 കിലോമീറ്റര്‍ അതിര്‍ത്തിയാണ് പോളണ്ടിനുള്ളത്.
റഷ്യയ്‌ക്കെതിരെ ഉപരോധം ശക്തമാക്കണമെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങളോട് യുക്രെയ്ന്‍ വീണ്ടും ആവശ്യപ്പെട്ടു. പോര്‍ വിമാനങ്ങളും ആയുധങ്ങളും എത്തിക്കണമെന്നും അഭ്യര്‍ഥിച്ചു. പോളണ്ടില്‍നിന്നു പോര്‍വിമാനം എത്തിക്കാന്‍ ആലോചിക്കുന്നതായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ബ്ലിങ്കന്‍ നാളെ പാരിസില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുമായി കൂടിക്കാഴ്ച നടത്തും. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സെലെന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ചു.
ചോരവാര്‍ന്നൊഴുകുന്ന നിലയിലാണ് യുക്രെയ്‌നെന്ന് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. എന്നിരിക്കിലും യുക്രെയ്ന്‍ വീണിട്ടില്ല എന്ന് കുലേബ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ഉപരോധം മൂലമുള്ള രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ റഷ്യന്‍ ഭരണകൂടം നടപടികള്‍ ശക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ടുകളിലെ അനധികൃത സമ്പാദ്യം പിടിച്ചെടുക്കുന്നതിന് അനുവാദം നല്‍കുന്ന നിയമം പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ഒപ്പിട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
റഷ്യ, യുക്രെയ്ന്‍ സംഘര്‍ഷ പരിഹാരത്തിനുള്ള നയതന്ത്ര ശ്രമങ്ങളില്‍നിന്നു പിന്നോട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് വ്യക്തമാക്കി. റഷ്യന്‍ ഭാഷ അറിയാവുന്ന കാബിനറ്റ് മന്ത്രി സീവ് എല്‍കിനെയും കൂട്ടിയാണു ശനിയാഴ്ച ബെന്നറ്റ് മോസ്‌കോ യാത്ര നടത്തിയത്. റഷ്യ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായി 3 മണിക്കൂര്‍ ചര്‍ച്ച നടത്തിയശേഷം യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി 3 തവണ ഫോണില്‍ സംസാരിച്ചു.
നേരത്തേ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുമായും ഫോണില്‍ ചര്‍ച്ച നടത്തി. പുട്ടിനുമായി ചര്‍ച്ച കഴിഞ്ഞ് ജര്‍മനിയിലെത്തി ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായും കൂടിക്കാഴ്ച നടത്തിയശേഷമാണു ബെന്നറ്റ് ഇസ്രയേലിലേക്കു മടങ്ങിയത്. പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കേണ്ടതു ധാര്‍മികമായ ചുമതലയാണെന്നും യുക്രെയ്‌നില്‍നിന്നു വരാനിടയുള്ള ജൂതഅഭയാര്‍ഥികളെ സ്വീകരിക്കാനായി ഇസ്രയേല്‍ തയാറെടുക്കുകയാണെന്നും ബെന്നറ്റ് പറഞ്ഞു.
"
https://www.facebook.com/Malayalivartha

























