കൂടുതല്‍ തെളിവുകള്‍... ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ ടാറ്റൂ കലാകാരന്‍ പി.എസ്. സുജീഷിനെതിരെ കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ്; എത്രയൊക്കെ ചോദിച്ചിട്ടും തെറ്റ് സമ്മതിക്കാതെ സുജീഷ്; ശാസ്ത്രീയ മാര്‍ഗത്തില്‍ ചോദ്യം ചെയ്യാന്‍ പോലീസ്

കൊച്ചിയില്‍ ടാറ്റു സ്റ്റുഡിയോയുടെ പിന്നാമ്പുറത്ത് നടക്കുന്ന രഹസ്യങ്ങള്‍ പുറത്ത് കൊണ്ടുവരാനുറച്ച് പോലീസ്. എത്രയൊക്കെ ചോദ്യം ചെയ്തിട്ടും താന്‍ കുറ്റക്കാരനല്ലെന്നാണ് അറസ്റ്റിലായ ടാറ്റൂ കലാകാരന്‍ പി.എസ്. സുജീഷ് പറയുന്നത്. എന്നാല്‍ സുജീഷിനെതിരെ കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നു പൊലീസ്. പ്രതി ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നും പൊലീസ് പറയുന്നു.
പരാതി നല്‍കിയ പെണ്‍കുട്ടികളുടെ ശരീരത്തില്‍ ടാറ്റൂ ചെയ്‌തെന്ന കാര്യം സമ്മതിച്ചെങ്കിലും ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്ന നിലപാടിലാണു പ്രതി. ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ സത്യം പുറത്തു കൊണ്ടുവരാനുള്ള ശ്രമമാണു പൊലീസ് നടത്തുന്നത്.
അതേസമയം, തനിക്കെതിരായ പീഢനക്കേസിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് സുജീഷ് രംഗത്തെത്തി. കേസിന് പിന്നില്‍ കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോ ഗ്രൂപ്പാണെന്നാണ് സുജീഷ് ആരോപിക്കുന്നത്. ഇടപ്പള്ളിയില്‍ പുതിയ ടാറ്റൂ സ്റ്റുഡിയോ തുടങ്ങാന്‍ താന്‍ പദ്ധതിയിട്ടിരുന്നു. തന്നെ പങ്കാളിയാക്കാന്‍ ഈ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും താന്‍ തയ്യാറായിട്ടില്ല. ഇതിന്റെ പ്രതികാരമായാണ് കേസ് വന്നതെന്നും സുജീഷ് മൊഴി നല്‍കി.
ശനിയാഴ്ച രാത്രി പെരുമ്പാവൂരിലെ ഒളിത്താവളത്തില്‍നിന്നു ചേരാനെല്ലൂരിലെത്തി കീഴടങ്ങിയ പ്രതിയെ രാത്രി വൈകിയും ഇന്നലെ ഉച്ച വരെയും സിറ്റി ഡിസിപി വി.യു. കുര്യാക്കോസ് ഉള്‍പ്പെടെയുള്ള ഉന്നതോദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.
പ്രതിക്കെതിരെ 3 കേസുകള്‍ റജിസ്റ്റര്‍ ചെയ്ത പാലാരിവട്ടം സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടറും സംഘവും ശനിയാഴ്ച രാത്രി തന്നെ ചേരാനെല്ലൂര്‍ സ്‌റ്റേഷനിലെത്തി പ്രതിയെ ചോദ്യം ചെയ്തിരുന്നു. പരാതി നല്‍കിയ യുവതികളുടെ രഹസ്യ മൊഴി മജിസ്‌ട്രേറ്റിനു മുന്‍പില്‍ രേഖപ്പെടുത്താനുള്ള അപേക്ഷയും പൊലീസ് നല്‍കിയിട്ടുണ്ട്. യുവതികള്‍ക്കു മുന്‍പില്‍ പ്രതിയെ ഓണ്‍ലൈന്‍ മുഖേന ഹാജരാക്കിയുള്ള തിരിച്ചറിയല്‍ പരേഡും നടക്കും.
വൈദ്യ പരിശോധനയ്ക്കു ശേഷം ഓണ്‍ലൈന്‍ മുഖേന കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ ഇന്ന് അപേക്ഷ നല്‍കുമെന്നും പൊലീസ് അറിയിച്ചു.
ചേരാനെല്ലൂര്‍ സ്‌റ്റേഷനില്‍ 2 ബലാത്സംഗക്കേസുകളാണു പ്രതിക്കെതിരെയുള്ളത്. 3 കേസുകളാണു പാലാരിവട്ടം സ്‌റ്റേഷനില്‍ പ്രതിക്കെതിരെ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നഗരത്തിലെ ടാറ്റൂ സ്റ്റുഡിയോകളുമായി ബന്ധപ്പെട്ടു പൊലീസ് നടത്തി വന്ന പരിശോധന പൂര്‍ത്തിയായി. ചില സ്റ്റുഡിയോകളില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ടാറ്റൂ വരയ്ക്കുന്നതും കണ്ടെത്തിയിട്ടുണ്ടെന്നു കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.
പ്രതിക്കെതിരെ ആറു യുവതികളുടെ പരാതി ലഭിച്ചതോടെ ബലാത്സംഗമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി പൊലീസ് ആറു കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. 5 യുവതികള്‍ നേരിട്ടു പരാതി നല്‍കുകയും ഒരാള്‍ ഇമെയിലില്‍ പരാതി അയയ്ക്കുകയുമായിരുന്നു. പാലാരിവട്ടം, എളമക്കര, ചേരാനല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 4 പൊലീസ് സംഘങ്ങള്‍ പ്രതിക്കു പിന്നാലെയുണ്ടായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം സുജീഷ് തന്നെ ചേരാനല്ലൂരിലെത്തി പൊലീസില്‍ കീഴടങ്ങുകയായിരുന്നു. അറസ്റ്റിലായതോടെ വരും ദിവസങ്ങളില്‍ സുജീഷിനെതിരെ കൂടുതല്‍ പരാതികള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു. ഇതോടൊപ്പം അന്വേഷണം ശക്തമാക്കി കൂടുതല്‍ തെളിവ് കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്.
കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കില്ലെന്നാണ് നിലവിലെ കണ്ടെത്തല്‍. ഇന്നലെ റിമാന്‍ഡിലായ പ്രതിയെ പൊലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.അതേ സമയം കൊച്ചി ടാറ്റൂ പീഡനക്കേസില്‍ പിടിയിലായ സുജീഷിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നു കൊച്ചി ഡിസിപി വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുജീഷിനെ കുന്നുംപുറത്തെ ടാറ്റൂ കേന്ദ്രത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha

























