സിപിഎം വെട്ടിനിരത്തല്‍.... സിപിഎം സംസ്ഥാന സെക്രട്ടറിയറ്റില്‍ നിന്നുള്‍പ്പെടെ പാര്‍ട്ടിയിലെ എല്ലാ സ്ഥാനമാനങ്ങളില്‍ നിന്നും തൂത്തെറിയപ്പെട്ടതോടെ പി ജയരാജന്‍ സിപിഎമ്മില്‍ കറിവേപ്പിലയുടെയും പുകഞ്ഞ കൊള്ളിയുടെയും ഗതികേടിലേക്ക്.... ജയരാജനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൃത്യമായ നിലപാട് വരും ദിവസങ്ങളിലുണ്ടാകുമെന്ന നിലപാടില്‍ ജില്ലാ നേതൃത്വം

കറിവേപ്പില എന്ന വാക്കിന് ഏറെ അര്‍ഥമാനങ്ങളുള്ള രാഷ്ട്രീയപാര്‍ട്ടിയാണ് സിപിഎം. പാര്‍ട്ടിക്കായി ചോരയും നീരും ഊറ്റിയെടുത്തശേഷം കറിവേപ്പില പോലെ എടുത്തെറിയപ്പെട്ടവരില്‍ കെആര്‍ ഗൗരിയമ്മയും വിഎസ് അച്യുതാനന്ദനും പളനിയും ആഞ്ചലോസും മുതല്‍ അവസാനം പി ജയരാജന്‍ വരെ എത്തിനില്‍ക്കുന്നു. പൊന്നു കായിടുന്ന മരമാണെങ്കിലും പുരയ്ക്കു മുകളിലേക്കു ചാഞ്ഞുവന്നാല്‍ വെട്ടിമാറ്റുമെന്ന് പിണറായി വിജയന്‍ പി ജയരാജനെ ഉന്നമിട്ട് മുന്നു വര്‍ഷം മുന്‍പ് തിട്ടൂരം പുറപ്പെടുവിച്ചിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിയറ്റില്‍നിന്നുള്‍പ്പെടെ പാര്‍ട്ടിയിലെ എല്ലാ സ്ഥാനമാനങ്ങളില്‍ നിന്നും തൂത്തെറിയപ്പെട്ടതോടെ പി ജയരാജന്‍ സിപിഎമ്മില്‍ കറിവേപ്പിലയുടെയും പുകഞ്ഞ കൊള്ളിയുടെയും ഗതികേടിലെത്തിയിരിക്കുന്നു. സ്ഥാനപദവിയില്ല നിലപാടുകളാണ് തനിക്കു വലുതെന്ന് സംസ്ഥാന സമ്മേളനത്തിനു പിന്നാലെ പി ജയരാജന്‍ ഇന്നു പറഞ്ഞുവെച്ചെങ്കില്‍ പിണറായി പക്ഷം പി ജയരാജന് സംസ്ഥാന നേതൃത്വത്തില്‍ ഒരിക്കല്‍പോലും ഇടംകൊടുക്കില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു.
കണ്ണൂരിലെ പി ജെ ആര്‍മിയും അനുയായികളുടെ പൊങ്കാലയുമൊക്കെയായി സോഷ്യല്‍മീഡിയയില്‍ കുറേനാള്‍ പൊങ്കാല ആഘോഷിക്കാമെന്നല്ലാതെ പി ജയരാജനെന്ന നേതാവിനെ സിപിഎം കൊല്ലാതെ കൊന്നിരിക്കുന്നു. ഇക്കാലമത്രെയുംകണ്ണൂരില്‍ രാഷ്ട്രീയ ചോരപ്പുഴയൊഴുക്കിയതിന്റെ സര്‍വ പാപഭാരവും ജയരാജനുമേല്‍ ചാര്‍ത്തിയശേഷമാണ് ജയരാജനെ രാഷ്ട്രീയ പുറമ്പോക്കിലേക്ക് പിണറായി പക്ഷം വലിച്ചെറിഞ്ഞിരിക്കുന്നത്.
ആയകാലം മുതല്‍ കണ്ണൂരില്‍ കൊലയുടെയും ആക്രമണങ്ങളുടെയും ചോരച്ചാലുകളുടെയും കമ്യൂണിസം നടപ്പാക്കി അധികാരം ഉറപ്പിക്കാന്‍ സിപിം ഉപയോഗിച്ച ജയരാജന്‍ ഇനി നാട്ടിലെന്നല്ല പാര്‍ട്ടിയുടെ ജില്ലാ നേതൃത്വത്തില്‍പോലും പ്രസക്തനല്ലാതായിരിക്കുന്നു.
ഒന്‍പതു വര്‍ഷം കണ്ണൂരില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തിരുത്തി സിപിഎം നേതാക്കള്‍ ചോരയും നീരും ഊറ്റിയെടുത്തു. ഒട്ടേറെ കേസുകളില്‍ കോടതി കയറി. ഒരു പാടു പ്രതിയോഗികളെ കുത്തിമലര്‍ത്തി കേസുകളില്‍ ഒരുപാട് പാപങ്ങളുടെ പങ്കുകാരനായി. ഒറ്റലുകള്‍ക്ക് തന്ത്രപരമായ കണ്ണിയായി കണ്ണൂരിലെങ്ങും വര്‍ത്തിച്ചു.
അവസാനം കണ്ണൂരിലെ കലാപഭൂമിയില്‍ പിണറായിക്കും കോടിയേരിക്കും മുകളിലേക്ക് പി ജയരാജന്‍ വളരുന്നുവെന്ന സാഹചര്യത്തിലാണ് പിണറായി പക്ഷം പി ജയരാജനെ വെട്ടിനിരത്താന്‍ രണ്ടും കല്‍പിച്ചിറങ്ങിയത്. കണ്ണൂരില്‍ പിണറായി പങ്കെടുക്കുന്ന യോഗങ്ങളില്‍ പോലും കൈയടിയും മുദ്രാവാക്യം വിളിയും ജയരാജനു മാത്രം ലഭിക്കുന്ന സാഹചര്യത്തിലേക്ക് പാര്‍ട്ടി എത്തിയതോടെ കലിപൂണ്ട പിണറായി ജയരാജനു നേരേ പാര്‍ട്ടി തിട്ടൂരം എന്ന കൊടുവാള്‍ ആഞ്ഞുവീശിത്തുടങ്ങി.
വടകര ലോക് സഭാ സീറ്റില്‍ മത്സരിപ്പിച്ച് തോല്‍പിക്കാന്‍ നിശ്ചയിച്ച നിമിഷം തന്നെ ജില്ലാ സെക്രട്ടറി പദം പാര്‍ട്ടി പിടിച്ചടക്കി. വടകരയില്‍കെ മുരളീധരനോട് തോറ്റ് തിരിച്ചു ചെന്നപ്പോള്‍ കടിച്ചതുമില്ല, പിടിച്ചതുമില്ലെന്ന ഗതികേടിലായ ജയരാജന്‍. പിന്നീട് ഇക്കഴിഞ്ഞ നാലുവര്‍ഷവും പാര്‍ട്ടിയുടെ രാഷ്ട്രീയ പുറമ്പോക്കില്‍ അലഞ്ഞുതിരിയേണ്ട ഗതികേടിലായിരുന്നു കണ്ണൂരിലെ പഴയ പുലി.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇടംപിടിക്കാതെ പോയ പി.ജയരാജനെ അനുകൂലിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചാരം വീണ്ടു ആരംഭിച്ചുകഴിഞ്ഞു. പി.ജയരാജന്‍ സെക്രട്ടേറിയറ്റില്‍ ഇല്ല, പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട്, സ്ഥാനമാനങ്ങളില്‍ അല്ല, ജനഹൃദയങ്ങളിലാണ് സ്ഥാനം എന്നൊക്കെ 42,000 പേര്‍ അംഗങ്ങളായുള്ള റെഡ് ആര്‍മി ഒഫിഷ്യല്‍സ് എന്ന ഫെയ്സ്ബുക്ക് പേജില്‍ ജയരാജന്‍ അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കണ്ണൂരിന്‍ താരകമല്ലോ എന്ന ജയരാജന്‍ അനുകൂല വാഴ്ത്തുപ്പാട്ടും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയെ പിണറായി അപ്പാടെ വിഴുങ്ങുകയും മരുമകനെ അടുത്ത അവകാശിയായി അവരോധിക്കുകയും ചെയ്തിരിക്കെ ഇത്തരത്തിലുള്ള വാട് ആപ് വായ്ത്താരികളൊന്നും പിണറായി പക്ഷത്തിന് നോക്കേണ്ടതോ കാണേണ്ടതോ ഇല്ല.
അടിവേര് ഇളക്കിയാല്‍ ഏതും വന്‍വൃക്ഷവും നിലംപൊത്തും എന്നതാണ് ജയരാജനില്‍നിന്ന് ലോകം പഠിക്കേണ്ട പാഠം. സ്വന്തം ജീവിതം പ്രത്യയശാസ്ത്രത്തിനായ സമര്‍പ്പിച്ച് ഒരു പാട് പാപവും പാതകവും ചെയ്തുകൂട്ടിയാലും കാലത്തിന്റെ തിരിച്ചടി എല്ലാവര്‍ക്കും ബാധകമാണെന്ന പാഠമാണ് ജയരാജനില്‍നിന്നും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് പഠിക്കാനുള്ളത്.
മൂര്‍ച്ചയുള്ള വടിവാളുകള്‍ തോറ്റു പിന്‍മാറിയിട്ടുണ്ടെങ്കില്‍ അതിന് ഒരേ ഒരു പേരേ ഉള്ളു സഖാവ് പിജെ. എന്നാണ് ജയരാജന്‍ അനുകൂല ഫെയ്സ് ബുക്ക് പോസ്റ്റിലുള്ളത്. ആരൊക്കെ തള്ളിപ്പറഞ്ഞാലും എന്നും എപ്പോഴും ഇടനെഞ്ചില്‍ത്തന്നെ എന്ന് ജയരാജന്റെ മകന്‍ ജെയിന്‍ പി. രാജ് ഇട്ട പോസ്റ്റും ഇതിനുള്ള കമന്റുകളും ചര്‍ച്ചയായിട്ടുണ്ട്.
മകനും കൂട്ടുകാരും കൂടി അദ്ദേഹത്തെ ഒരു വഴിക്കാക്കരുതെന്ന പ്രതികരണത്തിന് നിന്റെ പൊരയില്‍ നിന്നല്ല എനിക്ക് ചെലവിന് തരുന്നത്, എന്റെ അഭിപ്രായം പറയാന്‍ നിന്റെ ചീട്ടും വേണ്ട സഖാവേ എന്നാണ് ജയിന്‍ പി. രാജിന്റെ മറുപടി. ഏപ്രിലില്‍കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനിരിക്കെ തല്‍ക്കാലം പരസ്യപ്രതികരണം വേണ്ടെന്ന നിലപാടിലാണ് സിപിഎം നേതൃത്വം. അടുത്ത രണ്ട് ദിവസങ്ങളിലായി മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂരിലുണ്ട്. ജയരാജനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍
കൃത്യമായ നിലപാട് വരും ദിവസങ്ങളിലുണ്ടാകുമെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം.
"
https://www.facebook.com/Malayalivartha

























