ഗീതുവും പാര്‍വതിയും കമ്മിഷണര്‍ക്ക് മൊഴി നല്‍കി; ലൈംഗികപീഡനപരാതിയില്‍ യുവസംവിധായകന്‍ ലിജുകൃഷ്ണയെ പൊലീസ് അറസ്റ്റുചെയ്തു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം വീണ്ടും സജീവചര്‍ച്ചയാകുന്നതിനിടെ മറ്റൊരു സംഭവം കൂടി. ലൈംഗികപീഡന പരാതിയെത്തുടര്‍ന്ന് യുവസംവിധായകന്‍ ലിജുകൃഷ്ണയെ ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റുചെയ്തു. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രമായ പടവെട്ട് സംവിധാനം ചെയ്യുന്നത് ലിജുവാണ്. ഈ സിനിമയുടെ കണ്ണൂര്‍ മട്ടന്നൂരിലെ ലെക്കേഷനില്‍നിന്നാണ് ലിജുവിനെ കസ്റ്റഡിയില്‍ എടുത്തത്. ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ടാണ് കാക്കനാട് കരിമക്കാട് താമസിക്കുന്ന കൊട്ടാരക്കര സ്വദേശിയും സോഫ്റ്റ്വെയര്‍ എന്‍ജിനിയറുമായ യുവതി ലിജുവുമായി അടുക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി 2020 ജൂണില്‍ കാക്കനാട് കളക്ടറേറ്റിന് സമീപത്തെ അപ്പാര്‍ട്ട്മെന്റിലും ഡിസംബറില്‍ എടത്തലയിലെ ഹോട്ടലിലും 2021 ജൂണില്‍ കണ്ണൂരുളള ലിജുവിന്റെ വീട്ടിലും വച്ച് പീഡിപ്പിച്ചതായി യുവതി വനിതാ അഭിനേതാക്കളുടെ സംഘടനയായ ഡബ്ല്യു.സി.സി ക്ക് കൊടുത്ത പരാതിയില്‍ പറയുന്നു. പരാതി ഡബ്ല്യു.സി.സി കമ്മിഷണര്‍ക്ക് കൈമാറി. ഡബ്‌ള്യു.സി.സി ഭാരവാഹികളായ ഗീതു മോഹന്‍ദാസ്, പാര്‍വതി എന്നിവരുടെ മൊഴി ഇന്‍ഫോപാര്‍ക്ക് പൊലീസ് രേഖപ്പെടുത്തി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സണ്ണി വെയിന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് പടവെട്ട്. മലബാറിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ 90 ശതമാനം ചിത്രീകരണം പൂര്‍ത്തിയായി. കൊവിഡ് പ്രതിസന്ധിയില്‍ ഏറെനാള്‍ മുടങ്ങിയ ചിത്രീകരണം അടുത്തിടെയാണ് പുനരാരംഭിച്ചത്. സംവിധായകന്റെ അറസ്റ്റോടെ ചിത്രീകരണം പ്രതിസന്ധിയിലായി.
അതിനിടെ അതിജീവിതയ്്ക്ക്് പിന്തുണയുമായി നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടി നടത്തിയത് വിപ്ലവമെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഞാനിതാ മുഖം കാണിക്കുന്നു, മുന്നില്‍ നടക്കുന്നു എന്നാണ് അവള്‍ കാണിച്ച് തന്നിരിക്കുന്നത്. അവള്‍ വലിയൊരു സന്ദേശമാണ് നല്‍കിയത്, ഭാഗ്യലക്ഷ്മി പറഞ്ഞു. താന്‍ നേരിട്ട അതിക്രമത്തെ കുറിച്ച് നടിയുടെ വെളിപ്പെടുത്തലില്‍ ഒരു ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി. പ്രതികരിക്കുന്ന പെണ്ണിനെ ആര്‍ക്കും എന്തും ചെയ്യാമെന്നാണ്. സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്ന സ്ത്രീ പോലും ഒരിക്കല്‍ നടിയെ കുറിച്ച് എതിരായി സംസാരിച്ചിട്ടുണ്ട്. പള്‍സര്‍ സുനിയെ നടിക്ക് നേരത്തേ അറിയാമായിരുന്നല്ലോയെന്നാണ് ചിലരുടെ ചോദ്യം. അതുകൊണ്ട് എന്താണ്? പരിചയം ഉണ്ടെന്ന് കരുതി എന്തും ചെയ്യുമോയെന്നും ചര്‍ച്ചയില്‍ ഭാഗ്യലക്ഷ്മി ചോദിച്ചു. അവരിടെ വാക്കുകളിലേക്ക് പറയേണ്ടതെല്ലാം അവള്‍ പറഞ്ഞുവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.പരിമിതികളില്‍ നിന്നുകൊണ്ടാണ് അവള്‍ സംസാരിച്ചത്. കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ അവള്‍ക്ക് പരിമിതികളുണ്ട്.വളരെ വളരെ ചുരുക്കി, നാളെ ഇതൊന്നും തിരിച്ചടിയാകാതിരിക്കാനുള്ള രീതിയില്‍ ആണ് അവള്‍ സംസാരിച്ചത്.
ഞാനും നടിയും ഒരു ദിവസം ഒരു മണിക്കൂറെങ്കിലും കുറഞ്ഞത് ബന്ധപെടാറുണ്ട് . അപ്പോഴൊക്കെ ഈ വിഷയം വരാതിരിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്. എന്നാല്‍ ഈ വിഷയം അവള്‍ക്ക് അവളുടെ ജീവിതത്തില്‍ നിന്നും മറക്കാന്‍ സാധിക്കില്ല.അതെങ്ങനേയും കറങ്ങി തിരിഞ്ഞ് വരും. നടി കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം വളരെ മികച്ചതായിരുന്നു. ആരുടേയും പേര് പറയാതെ കേസിന് യാതൊരു വിഘാതവും സൃഷ്ടിക്കാതെ സമൂഹത്തിനോട് പറയാനുള്ള കാര്യങ്ങള്‍ അവള്‍ വളരെ മികച്ച രീതിയില്‍ പറഞ്ഞു. ഒട്ടും വൈകാരികമാകാതെയാണ് അവള്‍ സംസാരിച്ചത്. സംസാരിക്കുമ്പോള്‍ വൈകാരികമാകുമോയെന്ന് ഭയപ്പെട്ടിരുന്നു. അവള്‍ കരയുന്നത് കാണാന്‍ ചിലര്‍ കാത്ത് നില്‍ക്കുന്നുണ്ട്. അത് കാണരുതെന്ന് ആഗ്രഹിച്ചിരുന്നു. മനോഹരമായി തന്നെ അവര്‍ സംസാരിച്ചു. അവള്‍ ശരിക്കും ധീര വനിത തന്നെയാണ്, ഭാഗ്യലക്ഷ്മി പറഞ്ഞു.
https://www.facebook.com/Malayalivartha

























