നാദാപുരം കല്ലാച്ചിയില്‍ ചെമ്മീന്‍ കഴിച്ച് വീട്ടമ്മ മരിച്ച സംഭവം... കല്ലാച്ചി മത്സ്യമാര്‍ക്കറ്റ് രണ്ട് ദിവസത്തേക്ക് ആരോഗ്യവകുപ്പ് അടപ്പിച്ചു
കോഴിക്കോട് നാദാപുരം കല്ലാച്ചിയില്‍ ചെമ്മീന്‍ കഴിച്ച് വീട്ടമ്മ മരിച്ച സംഭവത്തെ തുടര്‍ന്ന് കല്ലാച്ചി മത്സ്യമാര്‍ക്കറ്റ് രണ്ട് ദിവസത്തേക്ക് ആരോഗ്യവകുപ്പ് അടപ്പിച്ചു. മരണം ഭക്ഷ്യവിഷബാധയെത്തുടര്‍ന്നാണെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. നാദാപുരം സ്വദേശി സുലേഖയാണ് ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മരിച്ചത്.
ബുധനാഴ്ചയാണ് സുലേഖയുടെ ഭര്‍ത്താവ് സെയ്ദ് വീട്ടിലേക്ക് ചെമ്മീന്‍ എത്തിച്ചത്. പാകം ചെയ്ത കറി കഴിച്ചുടന്‍ തന്നെ സുലേഖയ്ക്ക് അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങി. പിന്നീട് ഇവരെ കല്ലാച്ചിയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്നലെ വൈകിട്ടോടെ അസ്വസ്ഥത വര്‍ധിച്ചതിനെത്തുടര്‍ന്ന് ഇവരെ കോഴിക്കോടുള്ള ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഈ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരവേയായിരുന്നു അന്ത്യം.
ശുചിത്വം ഉറപ്പ് വരുത്താന്‍ നാദാപുരം പഞ്ചായത്തിന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി. പഞ്ചായത്തും ആരോഗ്യവകുപ്പും മാര്‍ക്കറ്റില്‍ അന്വേഷണം നടത്തിവരികയാണ്.
https://www.facebook.com/Malayalivartha