സർക്കാരിന്റെ ഓണക്കിറ്റ് ഈ മാസം മുതൽ... ജനങ്ങൾ അറിയേണ്ടത് ഇതൊക്കെ! തുണി സഞ്ചിയടക്കം 14 ഇനം സാധനങ്ങൾ

ഓണത്തോടനുബന്ധിച്ച് റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. സെപ്റ്റംബർ 7 വരെ കിറ്റുകൾ വിതരണം ചെയ്യും. തുണി സഞ്ചി അടക്കം 14 ഇനം സാധനങ്ങളാണ് കിറ്റിലുള്ളത്.
ഓഗസ്റ്റ് 23, 24 തീയതികളിൽ മഞ്ഞ കാർഡുടമകൾക്കുള്ള കിറ്റുകൾ വിതരണം ചെയ്യും. ഓഗസ്റ്റ് 25, 26, 27 തീയതികളിൽ പിങ്ക് കാർഡുടമകൾക്കും ഓഗസ്റ്റ് 29, 30, 31 തീയതികളിൽ നീല കാർഡുടമകൾക്കും സെപ്റ്റംബർ 1, 2, 3 തീയതികളിൽ വെള്ള കാർഡുടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് നൽകും.
നേരത്തേ നിശ്ചയിച്ച തീയതിയിൽ വാങ്ങാൻ കഴിയാത്തവർക്ക് സെപ്റ്റംബർ 4, 5, 6, 7 തീയതികളിൽ കിറ്റുകൾ വാങ്ങാം. സെപ്റ്റംബർ 4ന് റേഷൻ കടകൾക്ക് പ്രവൃത്തി ദിവസമായിരിക്കും. എല്ലാ കാർഡുടമകളും അവരവരുടെ റേഷൻ കടകളിൽ നിന്നുതന്നെ കിറ്റുകൾ കൈപ്പറ്റാൻ ശ്രദ്ധിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ പറഞ്ഞു. റേഷൻ വിതരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പോർട്ടബിലിറ്റി സംവിധാനം കിറ്റുകൾ കൈപ്പറ്റുന്ന കാര്യത്തിൽ ഒഴിവാക്കാൻ മന്ത്രി അഭ്യർഥിച്ചു.
ശർക്കരവരട്ടിയുടെ ലഭ്യതക്കുറവ് കാരണം കുറച്ച് കിറ്റുകളിൽ ചിപ്സ് ഉൾപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. സർക്കാർ അംഗീകരിച്ചിട്ടുള്ള എല്ലാ ക്ഷേമസ്ഥാപനങ്ങളിലും ഭക്ഷ്യക്കിറ്റുകൾ പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥർ വാതിൽപ്പടിയായി എത്തിക്കും. ആദിവാസി ഊരുകളില്‍ ഭക്ഷ്യക്കിറ്റ് വാതില്‍പ്പടിയായി വിതരണം നടത്തും. ഈ വര്‍ഷം മുതല്‍ ഓണം, ക്രിസ്മസ്, റമസാന്‍ തുടങ്ങിയ ഉത്സവസീസണുകളില്‍ സ്പെഷല്‍ ഭക്ഷ്യക്കിറ്റുകള്‍ വില്‍പ്പന നടത്താനും സപ്ലൈകോ തീരുമാനിച്ചു.
കിറ്റിൽ അടങ്ങിയിരിക്കുന്ന സാധനങ്ങൾ ഇവയൊക്കെയാണ്..
കശുവണ്ടി പരിപ്പ് 50 ഗ്രാം, മിൽമ നെയ്യ് 50 മില്ലി, ശബരി മുളക് പൊടി 100 ഗ്രാം, മഞ്ഞൾപ്പൊടി 100 ഗ്രാം, ഏലയ്ക്ക 20 ഗ്രാം, വെളിച്ചെണ്ണ 500 മില്ലി, തേയില 100 ഗ്രാം, ശർക്കര വരട്ടി 100 ഗ്രാം, ഉണക്കലരി 500 ഗ്രാം, പഞ്ചസാര 1 കിലോ, ചെറുപയർ 500 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, പൊടി ഉപ്പ് 1 കിലോ, തുണി സഞ്ചി എന്നീ ഇനങ്ങൾ അടങ്ങിയതാണ് ഓണക്കിറ്റ്.
സപ്ലൈകോയുടെ 1400 പായ്ക്കിങ് സെന്ററുകളില്‍ പായ്ക്കിങ് പുരോഗമിക്കുകയാണ്. പരമാവധി 87 ലക്ഷം കിറ്റുകളുടെ വിതരണം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 57 ലക്ഷം കിറ്റുകൾ വിതരണത്തിനു തയാറായി. പായ്ക്കിങ് പുരോഗതി വിലയിരുത്തുന്നതിന് ദിവസവും ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗം നടക്കുന്നുണ്ട്. ഭക്ഷ്യക്കിറ്റിലെ സാധനങ്ങളുടെ ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്തുന്നതിനു പ്രത്യേക സ്ക്വാഡുകളുമുണ്ട്.
https://www.facebook.com/Malayalivartha