രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

ബെംഗളൂരു സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. പരാതിക്കാരി നെടുമങ്ങാട് കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിനു പിന്നാലെ ഫെബ്രുവരി 17ന് രാഹുല്‍ അവരെ വാട്‌സാപ്പില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് പ്രത്യേക അന്വേഷണ സംഘം ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിച്ചത്.
ജില്ലാ കോടതിയുടെ ജാമ്യവ്യവസ്ഥ രാഹുല്‍ ലംഘിച്ചുവെന്നും പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. അതേസമയം, പൊലീസിന്റെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നും പരാതിക്കാരിയെ ബന്ധപ്പെടാന്‍ രാഹുല്‍ ശ്രമിച്ചിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.
അതിജീവിത അവരുടെ അമ്മയുടെ ഫോണ്‍ നമ്പറില്‍ നിന്ന് ഇങ്ങോട്ടു വിളിക്കാനാണ് ശ്രമിച്ചതെന്നും പ്രതിഭാഗം വാദിച്ചു. 2023ല്‍ വിവാഹവാഗ്ദാനം നല്‍കി രാഹുല്‍ ഹോംസ്‌റ്റേയില്‍ എത്തിച്ചു ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
https://www.facebook.com/Malayalivartha

























