സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയിലെ മലയാളി സാന്നിദ്ധ്യം; ജീവന്‍ ജോസ്

വിക്കിപീഡിയ എന്ന സ്വതന്ത്ര വിജ്ഞാനകോശം രൂപപ്പെട്ടത് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളുടെ ശ്രമഫലമായിട്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അതില്‍ ഒരു മലയാളിക്ക് സുപ്രധാന പങ്കുണ്ടെന്ന് നമ്മില്‍ എത്ര പേര്‍ക്കറിയാം?
കഴിഞ്ഞ ദിവസം അന്താരാഷ്ട്ര സഹകരണത്തിനുള്ള സ്‌പെയിന്‍ രാജകുടുംബത്തിന്റെ \'പ്രിന്‍സസ് ഓഫ് ആസ്റ്റൂറിയസ് അവാര്‍ഡ്\' വിക്കി പീഡിയയ്ക്ക് ലഭിച്ചപ്പോള്‍ വിക്കിപീഡിയ സ്ഥാപകന്‍ ജിമ്മി വെയില്‍സിനൊപ്പം പുരസ്‌ക്കാരം ഏറ്റുവാങ്ങാന്‍ എറണാകുളം കടവൂര്‍ സ്വദേശിയും വിക്കിപീഡിയ പ്രവര്‍ത്തകനുമായ ജീവന്‍ ജോസും ഒപ്പമുണ്ടായിരുന്നു.
കൂട്ടായ്മയുടെ സാര്‍വ്വലൗകികമായ അടയാളം എന്നാണു വിക്കിപീഡിയയെ ആസ്റ്റൂറിയസ് ഫൗണ്ടേഷന്‍ വിശേഷിപ്പിച്ചത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ദിവസങ്ങളോളം പ്രയത്‌നിച്ച് രൂപപ്പെടുത്തിയ വിക്കിപീഡിയ രാജ്യാന്തര സഹകരണത്തിന്റെ ഏറ്റവും ക്രിയാത്മകമായ ഉദാഹരണമാണെന്ന് ഫിലെപ്പെ നാലാമന്‍ രാജാവ് പറഞ്ഞു.
ഒവിഡോ നഗരത്തില്‍ നടന്ന പ്രൗഡഗംഭീരമായ പുരസ്‌ക്കാര ചടങ്ങില്‍ 288 ലധികം ഭാഷകളില്‍ 35 മില്ല്യനില്‍ അധികം ലേഖനങ്ങളുള്ള വിക്കിപീഡിയ പ്രവര്‍ത്തനങ്ങളെ സ്‌പെയിന്‍ ആദരിച്ചു. മുന്‍വര്‍ഷങ്ങളില്‍ ഇതേ വിഭാഗത്തില്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍, റെഡ് ക്രോസ് തുടങ്ങിയവര്‍ പുരസ്‌ക്കാരങ്ങള്‍ നേടിയിരുന്നു.
50,000 യൂറോ (54,000 ഡോളര്‍) ആണ് സ്‌പെയ്‌നിലെ രാജകുമാരിയുടെ പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സമ്മാനത്തുക. ചടങ്ങില്‍ വിക്കിപീഡിയ സ്ഥാപകന്‍ ജിമ്മി വെയില്‍സ്, വിക്കിപീഡിയ ഫൗണ്ടേഷന്‍ പ്രസിഡന്റ് അര്‍ജന്റീനക്കാരന്‍ പാട്രീഷ്യാ ലോറെന്റെ, വിക്കിപീഡിയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലില എന്നിവരോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്നു വികിപ്പീഡിയ പ്രവര്‍ത്തകരില്‍ ഒരാളായി പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് മലയാളിയായ ജീവന്‍ ജോസ്. മറ്റു രണ്ടു പേര്‍ സ്‌പെയ്‌നില്‍ നിന്നും ഇറാഖില്‍ നിന്നുള്ളവരാണ്.
കടവൂര്‍ എന്ന കൊച്ചുഗ്രാമത്തിലെ വളരെ സാധാരണ കര്‍ഷക കുടുംബത്തില്‍പ്പെട്ട ജീവന്‍ ജോസ് സജീവമായ വിക്കിപീഡിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ലോക ശ്രദ്ധ ആകര്‍ഷിക്കുകയാണ്. ഉന്നതവിദ്യാഭ്യാസ യോഗ്യതകളോ, സാമ്പത്തികമായ ചുറ്റുപാടോ, കാര്യമായ ഒരു ജോലിയോ ഇല്ലാത്തവര്‍ക്കും വിവരവിജ്ഞാന ഉത്പാദനത്തിലും, വിനിമയത്തിലും പങ്കെടുക്കാന്‍ കഴിയുമെന്ന സാക്ഷ്യമാണ് ജീവന് മുന്നോട്ടു വയ്ക്കാനുള്ളത്.
2009-ല്‍ വാങ്ങിയ കൊച്ചുക്യാമറ ഉപയോഗിച്ച് ജീവന്‍ ജോസ് കേരളത്തിലെ ചെടികളെയും ഷഡ്പദങ്ങളെയും ചിത്രീകരിച്ച്, ഫ്‌ളിക്കറിലേക്ക് അപ്ലോഡ് ചെയ്തു. താന്‍ പകര്‍ത്തിയ ചിത്രങ്ങളെപ്പറ്റി കൂടുതല്‍ മനസിലാക്കാനായിരുന്നു വിക്കിപീഡിയ ജീവന്‍ ഉപയോഗിച്ചിരുന്നത്. അവിടെ നിന്നും വിക്കിപീഡിയനായി മാറുകയും വിക്കിമീഡിയ പ്രൊജക്റ്റിന്റെ മീഡിയ റെപ്പോസറ്ററിയായ വിക്കിമീഡിയ കോമണ്‍സിലെ ഇന്ത്യയില്‍ നിന്നുള്ള പ്രധാന കോണ്ട്രിബ്യൂട്ടര്‍ ആയി മാറുകയും ചെയ്തു.
പൂമ്പാറ്റകളെ, ഷഡ്പദങ്ങളെ, ചെടികളെ ലോകത്തിനു പരിചയപ്പെടുത്തുകയായിരുന്നു ജീവന്റെ ലക്ഷ്യം. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ലോകത്തിലെതന്നെ ഏറ്റവുമധികം ജൈവവൈവിധ്യമുള്ള ഇടങ്ങളിലൊന്നായ പശ്ചിമഘട്ടത്തില്‍ നിന്നുമുള്ള സസ്യങ്ങളുടെയും, മൃഗങ്ങളുടെയും ആയിരത്തിലധികം ചിത്രങ്ങളെടുത്തു കഴിഞ്ഞു. വെറും അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ജീവന്‍ എടുത്തു അപ്‌ലോഡ് ചെയ്തത് 1,100 ലധികം ചിത്രങ്ങള്‍; ഇവയില്‍ 150 തോളം ചിത്രങ്ങള്‍ മികച്ച ചിത്രങ്ങളായും, 40 തോളം ചിത്രങ്ങള്‍ തിരഞ്ഞെടുത്ത ചിത്രങ്ങളായും കോമണ്‍സ് പ്രവര്‍ത്തകര്‍ വേര്‍തിരിച്ചിട്ടുണ്ട്.
ജീവന്റെ പ്രവര്‍ത്തന രീതി കണ്ടു ഇഷ്ടപ്പെട്ട വിക്കിമീഡിയ കോമണ്‍സ് പ്രവര്‍ത്തകര്‍ ജീവന്റെ സാമ്പത്തിക ബുദ്ധിമുട്ട് അറിഞ്ഞപ്പോള്‍ മികച്ച ഒരു ക്യാമറ വാങ്ങാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ചേര്‍ന്ന് indiegogo എന്ന സൈറ്റിലൂടെ 3,150 ഡോളറാണ് സമാഹരിച്ച് ജീവന് അയച്ചുകൊടുത്തത്. ഇത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന അനേകം സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഇത്തരം സഹായങ്ങള്‍ നല്‍കുന്ന പ്രചോദനം വളരെ വലുതാണെന്ന് ജീവന്‍ പറയുന്നു. എന്നാല്‍ അടുത്തയിടയ്ക്ക് തട്ടേക്കാട് നടന്ന ഒരു പരിസ്ഥിതി ക്യാമ്പില്‍ വെച്ച് ചിത്രം എടുക്കുന്നതിനിടെ ഉണ്ടായ ചെറിയ അപകടത്തില്‍ ആ ക്യാമറയ്ക്ക് തകരാറ് പറ്റിയിരിക്കുകയാണ്. ഇനിയും സുമനസ്സുകളുടെ സഹായം ഉണ്ടെങ്കില്‍ മാത്രമേ ജീവന് ഒരു ക്യാമറ സ്വന്തമാക്കാന്‍ കഴിയൂ.
പതിവ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയില്‍ ജീവന്റെ ക്യാമറയില്‍ പതിഞ്ഞ ഒരു പ്രത്യേക തരം ഷദ്പദത്തെ (cranefly) ലോകം എമ്പാടുമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. തുടര്‍ന്ന് നെതര്‍ലാന്‍ഡ്‌സ് ആസ്ഥാനമായ ജൈവവൈവിധ്യ കേന്ദ്രമായ Natrualis ലെ പ്രൊഫസര്‍മാരെ ബന്ധപ്പെടാന്‍ ജീവനോട് എല്ലാവരും ആവശ്യപ്പെട്ടു. അവരുടെ നിരീക്ഷണത്തില്‍ ആ ജനുസില്‍ പെട്ട രണ്ട് ഷഡ്പദങ്ങളെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. ഒന്ന് വടക്കേ ഇന്ത്യയിലും, മറ്റൊന്ന് ഓസ്‌ത്രേലിയയിലുമായിരുന്നു. എന്നാല്‍ ജീവന്‍ കൊണ്ടുവന്നതിനെ ഇതുവരെ ശാസ്ത്ര ലോകം തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നില്ല. അതോടെ, അതിന്റെ ചിത്രങ്ങളും വിവരങ്ങളും നെതര്‍ലാന്‍ഡ്‌സിലെ മ്യൂസിയത്തില്‍ സൂക്ഷിക്കാന്‍ Natrualis അനുമതി ചോദിക്കുകയും, ജീവന്‍ സന്തോഷത്തോടെ അനുവദിക്കുകയും ചെയ്തു.
പശ്ചിമ ഘട്ടത്തില്‍ ഇന്നും തിരിച്ചറിയപ്പെടാത്ത ഒട്ടനേകം ജീവികള്‍ ഉണ്ടെന്നു ജീവന്‍ പറയുന്നു. നമ്മുടെ നാട്ടുകാര്‍ക്ക് ഇതൊന്നും കാര്യമല്ലെങ്കിലും, രാജ്യത്തിന് പുറത്തുള്ളവര്‍ എത്രത്തോളം ഗൗരവമാണ് പശ്ചിമ ഘട്ടത്തിന് നല്‍കുന്നതെന്നു മനസ്സിലാക്കാന്‍ ഇതിലൂടെ കഴിഞ്ഞെന്നു ജീവന്‍ ഓര്‍മ്മിക്കുന്നു.
കാര്യമായ വിദ്യാഭ്യാസ യോഗ്യതകള്‍ ഇല്ലെങ്കിലും ഏതൊരു സാധാരണക്കാരനും ഇന്ന് വിജ്ഞാനത്തിന്റെ ഏതു തലംവരെയും എത്താമെന്നതിന് തെളിവാണ് ജീവന്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മികച്ച സര്‍വ്വകലാശാലകളിലെ അധ്യാപകരുമായി ജീവന് ഇന്ന് മികച്ച ബന്ധമാണുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























