തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാര്‍വതി ദേവിയുടെ നടതുറപ്പ് മഹോത്സവം ജനുവരി രണ്ടുമുതല്‍ 13 വരെ...

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാര്‍വതി ദേവിയുടെ നടതുറപ്പ് മഹോത്സവം ജനുവരി രണ്ടുമുതല്‍ 13 വരെ നടക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിങ് കലക്ടര്‍ ജി പ്രിയങ്ക ഉദ്ഘാടനംചെയ്തു. www.thiruvairanikkulamtemple.org വഴി ബുക്ക് ചെയ്യാം. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുന്നതിലൂടെ സമയബന്ധിതമായി ദര്‍ശനം പൂര്‍ത്തിയാക്കാവുന്നതാണ്.
ബുക്ക് ചെയ്യുന്നവര്‍ക്ക് ദേവസ്വം പാര്‍ക്കിങ് ഗ്രൗണ്ടുകളായ സൗപര്‍ണിക, കൈലാസം എന്നിവിടങ്ങളിലെ കൗണ്ടറില്‍ ബുക്കിങ് രസീത് നല്‍കി ദര്‍ശന പാസ് വാങ്ങാനാകും. ബുക്ക് ചെയ്യാത്തവര്‍ക്ക് സാധാരണ ക്യൂവിലൂടെ ദര്‍ശനം അനുവദിക്കും. 12 ദിവസം നീണ്ടു നില്‍ക്കുന്ന നടതുറപ്പ് മഹോത്സവത്തില്‍ പങ്കെടുക്കാനായി സംസ്ഥാനത്തിന് അകത്തും പുറത്തുനിന്നുമായി ലക്ഷക്കണക്കിന് ഭക്തരാണ് എത്തുക. വര്‍ഷത്തിലൊരിക്കല്‍ 12 ദിവസം മാത്രം നടതുറക്കുന്ന അപൂര്‍വ്വ ക്ഷേത്രമാണിത്. പെരിയാര്‍ തീരത്ത് വെള്ളാരപ്പിള്ളി തെക്കുംഭാഗം കരയിലാണ് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം.
ഒരേ ശ്രീകോവിലില്‍ കിഴക്ക് ദര്‍ശനമായി ശിവനെയും മഹാദേവന്റെ പുറകില്‍ പടിഞ്ഞാറ് ദര്‍ശനമായി പാര്‍വ്വതിദേവിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു.
ഉപദേവതകളായി ഗണപതി, അയ്യപ്പന്‍, മഹാവിഷ്ണു, സതീദേവി, ഭദ്രകാളി, നാഗദൈവങ്ങള്‍ എന്നിവര്‍ക്കും പ്രത്യേകം പ്രതിഷ്ഠയുണ്ട്.
"
https://www.facebook.com/Malayalivartha


























