അപൂർവമായ ‘ഫീറ്റസ് ഇന്‍ ഫീറ്റു’ ശസ്ത്രക്രിയ വിജയകരമായി നടത്തി അമൃത ആശുപത്രി...

വളരെ അപൂർവമായി കണ്ടുവരുന്ന ‘ഫീറ്റസ് ഇൻ ഫീറ്റു’ (Fetus-in-Fetu) രോഗാവസ്ഥ കണ്ടെത്തിയ കുഞ്ഞിന് കൊച്ചി അമൃത ആശുപത്രിയിൽ വിജയകരമായ ശസ്ത്രക്രിയ നടത്തി. ജനനത്തിന്റെ ആദ്യഘട്ടങ്ങളിൽ സാധാരണ ഭ്രൂണത്തിന്റെ ശരീരത്തിനുള്ളിൽ ദുര്‍വികസിതമായ മറ്റൊരു ഇരട്ട ഭ്രൂണം അടങ്ങിയിരിക്കുമ്പോഴാണ് ഈ അവസ്ഥ രൂപം കൊള്ളുന്നത്. ലോകത്ത് 5 ലക്ഷം ജനനങ്ങളിൽ ഒരു കേസിൽ മാത്രമാണ് ഈ അപൂർവത രേഖപ്പെടുത്തുന്നത്.
എറണാകുളം സ്വദേശിനിയിൽ നടത്തിയ ഗർഭകാല പരിശോധനകൾക്ക് ഇടയിൽ കൊച്ചി അമൃത ആശുപത്രിയിലെ ഫീറ്റൽ കെയർ വിഭാഗത്തിലെ അഡിഷണൽ പ്രൊഫസർ ഡോ. വിവേക് കൃഷ്ണനും അസിസ്റ്റന്റ് പ്രൊഫസർ ഡോ. ധന്യ കീഴാറ്റൂരും അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്രുതി സോമനും നടത്തിയ ആന്റിനേറ്റൽ സ്കാനിംഗിലാണ് ഈ അസാധാരണ വളർച്ച ആദ്യം കണ്ടെത്തിയത്. ഉയർന്ന നിലവാരത്തിലുള്ള ഗർഭകാല സ്കാനിംഗ് വഴി വ്യക്തമായ അസാധാരണ അവസ്ഥ കണ്ടെത്തിയതോടെ വിദഗ്ധ നിരീക്ഷണം ആരംഭിച്ചു. ഇത്തരം സങ്കീർണ അവസ്ഥകളെ പ്രാരംഭ ഘട്ടത്തിൽ തിരിച്ചറിയുന്നതിന് ആന്റിനേറ്റൽ സ്കാനിങ്ങുകൾ നിർണായകമാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.
കുഞ്ഞ് ജനിച്ചതിന് ശേഷം നടത്തിയ വിശദമായ പരിശോധനയിൽ വയറ്റിനുള്ളിൽ ജീവൻ ഇല്ലാത്ത ഭ്രൂണാവശിഷ്ടം നിലനിൽക്കുന്നുവെന്ന് സ്ഥിരീകരിച്ചു. വെറും രണ്ട് മാസം പ്രായത്തിലുള്ള പെൺകുഞ്ഞിന് നടത്തിയ ശസ്ത്രക്രിയയിൽ 48.7 ഗ്രാം ഭാരം വരുന്ന ഭ്രൂണാവശിഷ്ടരം വിജയകരമായി നീക്കം ചെയ്തു.
ഈ അത്യന്തം അപൂർവമായ ശസ്ത്രക്രിയയ്ക്ക് കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് സർജറി വിഭാഗം എമിറിറ്റസ് പ്രൊഫസർ ഡോ. മോഹൻ എബ്രഹാം, അസോസിയേറ്റ് പ്രൊഫസർ ഡോ. അശ്വിൻ പ്രഭാകരൻ, അനസ്തീഷ്യോളജിസ്റ്റ് ഡോ. രേഖ വർഗീസ് എന്നിവർ നേതൃത്വം നൽകി. ഡോ. അഞ്ജു ആനന്ദും സ്റ്റെനി ഷാജിയും ശസ്ത്രക്രിയയിൽ പങ്കാളികളായി.
ഏകദേശം രണ്ട് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയക്കു ശേഷം കുഞ്ഞിന്റെ ആരോഗ്യനില മികച്ച രീതിയിൽ സുഖം പ്രാപിച്ചുവരുകയാണെന്ന് കൊച്ചി അമൃത ആശുപത്രി അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha


























