കേരളഹൗസ് റെയ്ഡ്: ഡല്‍ഹി പൊലീസ് മിതത്വം പാലിക്കേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി, ഡല്‍ഹി പൊലീസ് ഏതറ്റം വരെ പോയി എന്നറിയില്ല

ബീഫ് പരിശോധനയുടെ പേരില്‍ കേരള ഹൗസില്‍ കയറിയ ഡല്‍ഹി പൊലീസ് മിതത്വം പാലിക്കേണ്ടതായിരുന്നു എന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡല്‍ഹി പൊലീസ് ഏതറ്റം വരെ പോയി എന്നറിയില്ല, പത്രങ്ങളിലൂടെ ലഭിച്ച വിവരങ്ങള്‍ മാത്രമേയുള്ളു. ഏതെങ്കിലും പരാതി പരിശോധിക്കാനാണെങ്കില്‍ അതിനു പാലിക്കേണ്ട നടപടി ക്രമങ്ങള്‍ ഉണ്ട്.
അവര്‍ കേരള ഹൗസിനകത്തു കയറിയെങ്കില്‍ തെറ്റാണ്. കേരള ഹൗസ് ഹോട്ടലല്ല, സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക അതിഥി മന്ദിരമാണ്. അവിടെ അതിക്രമം കാണിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളാ ഹൗസിലെ പരിശോധനയില്‍ സംസ്ഥാനം പ്രതിഷേധം അറിയിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അറിയിച്ചു. ഡല്‍ഹി പൊലീസിന്റെ നടപടി അംഗീകരിക്കാനാകില്ല. പ്രതിഷേധം അറിയിച്ച് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കു കത്തു നല്‍കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കേരളാ ഹൗസില്‍ പശുവിറച്ചിയാണ് ഊണിനൊപ്പം വിളമ്പുന്നതെന്ന് ആരോപിച്ച് മൂന്നംഗ സംഘം എത്തിയതു സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ഡല്‍ഹി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തല്‍ക്കാലത്തേക്ക് കേരള ഹൗസില്‍ ഭക്ഷണത്തിനൊപ്പം പോത്തിറച്ചി ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.
കേരളാ ഹൗസിലെ ഭക്ഷണശാലയിലെ വിലവിവരപ്പട്ടികയില്‍ മറ്റുള്ള ഭക്ഷണസാധനങ്ങളുടെ വിവരങ്ങള്‍ ഇംഗ്ലീഷിലും ബീഫ് എന്നത് മലയാളത്തിലുമാണ് എഴുതിയിട്ടുള്ളത്. ഉച്ചയോടെ ഒരു മലയാളി ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘം എത്തി ഭക്ഷണം കഴിച്ച ശേഷം വിലവിവരപ്പട്ടിക മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയായിരുന്നു.
സംഘത്തിലെ രണ്ടു പേര്‍ കര്‍ണാടക സ്വദേശികളാണെന്ന് അറിയുന്നു. ഫോട്ടോ എടുത്തതിടെ തുടര്‍ന്ന് ജീവനക്കാരുമായി സംഘര്‍ഷമുണ്ടായി. ഇതിനിടെ ഇവര്‍ ഓടി രക്ഷപ്പെട്ടു. കര്‍ണാടക സ്വദേശിയായ യുവാവ് വൈകിട്ട് നാലരയോടെ വീണ്ടും സ്റ്റാഫ് കാന്റീനിലെത്തി ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതോടെ കേരളാ ഹൗസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. ജീവനക്കാര്‍ ഇയാളെ മര്‍ദിച്ചതായും പരാതിയുണ്ട്. പോലീസ് വാഹനത്തിലാണ് ഇയാളെ കേരളാ ഹൗസ് വളപ്പിനു പുറത്തെത്തിച്ചത്.
ഇതിനു ശേഷം പോലീസ് സംഘം കേരളാ ഹൗസിലെ സമൃദ്ധി സ്റ്റാഫ് കാന്റീനിലെത്തി പരിശോധന നടത്തുകയായിരുന്നു. അടുക്കളയില്‍ കയറി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പോത്തിറച്ചി മാത്രമാണു വിളമ്പുന്നതെന്നും പശുവിറച്ചി ഉപയോഗിക്കുന്നില്ലെന്നും അധികൃതര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























