വികസനക്കുതിപ്പിൽ വൃക്കരോഗികളുടെ ആശ്രയ കേന്ദ്രം

വൃക്ക രോഗികളുടെ ആശ്രയ കേന്ദ്രമായ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ വികസനത്തിന്റെ പാതയിൽ. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (ബി.പി.സി.എൽ) സംയുക്തമായാണ് സെന്ററിൽ രണ്ടാംഘട്ട നവീകരണ പ്രവൃത്തികൾ നടത്തിയത്. ഇതോടെ സെന്ററിലൂടെ കൂടുതൽ രോഗികൾക്ക് ഡയാലിസിസ് നടത്താൻ സാധിക്കും.
കെ കുഞ്ഞമ്മദ് മാസ്റ്റർ എം.എൽ.എ ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് കീഴിൽ ഡയാലിസിസ് സെന്ററിനുള്ള കെട്ടിടം നിർമ്മിക്കുന്നത്. ജനപ്രതിനിധികളും നാട്ടുകാരും കെെകോർത്ത് ജനകീയ കൂട്ടായ്മയിലൂടെ തുടർന്നുള്ള പ്രവർത്തികൾക്കുള്ള പണം കണ്ടെത്തി.
ഒരു കോടി രൂപയാണ് യന്ത്രമുൾപ്പടെയുള്ള സൗകര്യത്തിനായി ജനകീയ കൂട്ടായ്മ സമാഹരിച്ചത്. 10 യന്ത്രങ്ങളുമായി 2014 സെപ്റ്റംബറിലാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്റർ പ്രവർത്തനമാരംഭിക്കുന്നത്. തുടർന്ന് 2016ൽ കെ കെ രാഗേഷ് എംപിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച 12 ലക്ഷം രൂപ ഉപയോഗിച്ച് രണ്ട് യന്ത്രങ്ങൾ കൂടെ സജ്ജമാക്കിയിരുന്നു.
രണ്ടാംഘട്ട നവീകരണത്തിനായി 48 ലക്ഷം രൂപയാണ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ചെലവഴിച്ചത്. ബി.പി.സി.എല്ലിന്റെ സിഎസ്ആർ ഫണ്ടിൽ നിന്നും ഒരു കോടി രൂപയും അനുവദിച്ചിരുന്നു. കെട്ടിടത്തിന്റെ മുകൾ നിലയിൽ പുതിയ ബ്ലോക്ക് നിർമ്മിക്കുകയും പത്ത് യന്ത്രങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ഇതോടെ 60 രോഗികൾക്ക് കൂടെ ഡയാലിസിസ് സെന്ററിന്റെ സേവനം ലഭ്യമാകും.
പേരാമ്പ്ര ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളിലുള്ളവർ നേരത്തെ കോഴിക്കോടും വടകരയിലുമാണ് ഡയാലിസിസിന് പോയിരുന്നത്.
ഡയാലിസിസിനുള്ള പണം കണ്ടെത്തൽ, വാഹനം വിളിച്ച് ദീർഘദൂരത്തുള്ള സെന്ററിലേക്കുള്ള യാത്ര ഇതിനെല്ലാം ഒരു പരിധിവരെ പരിഹാരം കാണാൻ താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിലൂടെ സാധിച്ചു.
ജില്ലാ പഞ്ചായത്തിന്റെ സ്നേഹ സ്പർശം പദ്ധതിയിലുൾപ്പെട്ടതിനാൽ ചികിത്സ തികച്ചും സൗജന്യമാണ്. പ്രവർത്തന മികവിന് എൻ.എച്ച്.എമ്മിന്റെ അംഗീകാരവും ഡയാലിസിസ് സെന്ററിന് ലഭിച്ചിരുന്നു. 528 പേരാണ് ഡയാലിസിസിനായി ഇതുവരെ രജിസ്റ്റർ ചെയ്തത്. 190 ഓളം രോഗികൾ രജിസ്റ്റർ ചെയ്ത് ഡയാലിസിസിനായി കാത്തിരിപ്പുണ്ട്. പുതിയ ബ്ലോക്ക് കൂടെ ആരംഭിച്ചതിനാൽ കൂടുതൽ രോഗികൾക്ക് സഹായമാകും.
https://www.facebook.com/Malayalivartha


























