കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. പ്രൊഡക്ഷന്‍ വാറന്റ് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അന്വേഷണത്തലവനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം.ജോസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച അന്വേഷണസംഘം സി.സി.ടി.വി. പരിശോധനകള്‍ തുടങ്ങി. നിലവില്‍ ഉയര്‍ന്നിട്ടുള്ള നിരവധി സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടത് പ്രധാനമാണ്. പ്രതികളെ നേരില്‍ ചോദ്യംചെയ്യുന്നതിലൂടെ മാത്രമേ നിലവിലുള്ള കഥകള്‍ക്കു പിന്നിലെ സത്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കുടുംബത്തിന്റെ കടബാധ്യത സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. ഇവരുടെ ഓണ്‍ലൈന്‍ ഇടപാടുകള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രധാന അന്വേഷണം. പ്രതി പദ്മകുമാര്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലും അനിതയും അനുപമയും വനിതാ ജയിലിലുമാണ്. അതേസമയം കേസിലെ പ്രതി പദ്മകുമാറിന്റെ പോളച്ചിറയിലുള്ള ഫാം ഹൗസിലെ ജീവനക്കാരിയുടെ ഭര്‍ത്താവിനെയും സഹോദരനെയും മര്‍ദിച്ച സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. കാരംകോട് ചരുവിളപുത്തന്‍വീട്ടില്‍ അനന്തു വിക്രമന്‍ (31), ചാത്തന്നൂര്‍ ഏറം താന്നിവിളവീട്ടില്‍ സജീവ് (39), കാരംകോട് കല്ലുവിളവീട്ടില്‍ അജില്‍ (30), കാരംകോട് സനൂജ് മന്‍സിലില്‍ സനൂജ് (31) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ എ.നിസാറും എസ്.ഐ. സുജിത് ജി.നായരും ചേര്‍ന്ന് അറസ്റ്റുചെയ്തത്. എന്നാല്‍ ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട വിഷയമല്ല അക്രമത്തിനിടയാക്കിയതെന്ന് പോലീസ് പറയുന്നു. ഓട്ടോറിക്ഷ റോഡില്‍ നിര്‍ത്തിയിട്ടതുമായി ബന്ധപ്പെട്ട വിഷയമാണ് തര്‍ക്കത്തിലേക്കും ആക്രമണത്തിലേക്കും എത്തിയതെന്നാണ് പോലീസ് വിശദീകരണം.തിങ്കളാഴ്ച രാത്രി എട്ടേമുക്കാലിന് പോളച്ചിറ തെങ്ങുവിള സ്‌കൂളിനു സമീപത്തുവെച്ചാണ് ഫാം ഹൗസ് ജീവനക്കാരി ഷീബയുടെ ഭര്‍ത്താവ് പോളച്ചിറ തെങ്ങുവിള അരുണോദയത്തില്‍ ആര്‍.ഷാജിക്കും സഹോദരന്‍ ബിജുവിനും മര്‍ദനമേറ്റത്. ഇരുവരും ബൈക്കില്‍ വരുമ്പോള്‍ ഓട്ടോയിലെത്തിയ നാലംഗംസംഘം ആക്രമിക്കുകയായിരുന്നെന്നാണ് പരാതി.
അതേസമയം പദ്മകുമാറിന്റെ ഫാം ഹൗസിലെ ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാളുടെ പേരില്‍ പരവൂര്‍ പോലീസ് കേസെടുത്തു. പദ്മകുമാറിന്റെ കേബിള്‍ നെറ്റ്വര്‍ക്കിലെ മുന്‍ ജീവനക്കാരന്‍ ചാത്തന്നൂര്‍ സ്വദേശി രാജേഷിന്റെ പേരിലാണ് കേസെടുത്തത്. ഫോണ്‍വഴിയുള്ള ഭീഷണിയായതിനാല്‍ പരവൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് കേസെടുത്തത്. ഇയാള്‍ കിടപ്പുരോഗിയാണെന്നാണ് പോലീസ് പറയുന്നത്. ഫാം ഹൗസ് ജീവനക്കാരിയായ ഷീബ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പ്രകോപിതനായാണ് ഭീഷണിപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.
അതേസമയം പത്മകുമാറിനു നേരേ ജയിലില്‍ ആക്രമണമുണ്ടായേക്കാമെന്ന സംശയത്തെത്തുടര്‍ന്ന് ഇയാളെ അതിസുരക്ഷാ സെല്ലിലേക്കു മാറ്റിയത്. പൂര്‍ണസമയ സി.സി. ടി.വി. നിരീക്ഷണം ഈ സെല്ലിനുണ്ട്. 24 മണിക്കൂറും ജയില്‍ജീവനക്കാരുടെ നിരീക്ഷണവുമുണ്ട്. ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അതിസുരക്ഷാ സെല്ലുകളില്‍ പാര്‍പ്പിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha