കേരളത്തെയും ഇന്ത്യയെയും സംബന്ധിച്ച് അങ്ങേയറ്റം അഭിമാനകരമായ മുഹൂർത്തമാണിത്; മദർ ഷിപ്പുകൾ, അഥവാ വൻകിട ചരക്കു കപ്പലുകൾ ഇവിടേക്കു വരികയാണ്; ലോകത്തിലെ വൻകിട തുറമുഖങ്ങളിലൊന്നായി നമ്മുടെ വിഴിഞ്ഞം ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ലോകത്തിലെ വൻകിട തുറമുഖങ്ങളിലൊന്നായി നമ്മുടെ വിഴിഞ്ഞം ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തെയും ഇന്ത്യയെയും സംബന്ധിച്ച് അങ്ങേയറ്റം അഭിമാനകരമായ മുഹൂർത്തമാണിതെന്നും മദർ ഷിപ്പുകൾ, അഥവാ വൻകിട ചരക്കു കപ്പലുകൾ ഇവിടേക്കു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ മദർഷിപ്പ് സാൻഫെർണോണ്ടോക്കുള്ള സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലുകൾക്കു ബർത്തു ചെയ്യാൻ കഴിയുന്ന നിലയിലേക്ക് വിഴിഞ്ഞം മാറുകയാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷൻ ഇപ്പോൾ ട്രയൽ അടിസ്ഥാനത്തിലാണെങ്കിലും തൊട്ടുപിന്നാലെ തന്നെ പൂർണ്ണ പ്രവർത്തന രീതിയിലേക്കു മാറും. രണ്ടും മൂന്നും നാലും ഘട്ടങ്ങൾ പൂർത്തിയായി എല്ലാ വിധത്തിലും സുസജ്ജവും സമ്പൂർണ്ണവുമായ വിശാല തുറമുഖമായി ഇത് 2045 ൽ മാറണമെന്ന നിലയ്ക്കാണു വിഭാവനം ചെയ്തിരുന്നത്.
എന്നാൽ, അതിന് ഏതാണ്ട് 17 വർഷം മുമ്പേ തന്നെ ഇതു സമ്പൂർണ്ണ തുറമുഖമായി മാറുന്ന നിലയിലേക്കു കാര്യങ്ങൾ കൊണ്ടെത്തിക്കാൻ നമുക്കു കഴിയുന്നു. 2028 ഓടുകൂടി വിഴിഞ്ഞം സമ്പൂർണ്ണ തുറമുഖമായി മാറും. പതിനായിരം കോടി രൂപയുടെ നിക്ഷേപത്തിനുള്ള സാധ്യത സൃഷ്ടിക്കുന്ന, ഇന്ത്യയ്ക്കാകെ അഭിമാനിക്കാവുന്ന പദ്ധതിയാണിത്
ഇത്ര വലിയ ഒരു തുറമുഖത്തിന്റെ സാന്നിധ്യം അയൽ രാജ്യങ്ങൾക്കും ഉപകാരപ്പെടും. വിഴിഞ്ഞത്തിന്റെ തുറമുഖം എന്ന നിലയ്ക്കുള്ള വിപുലമായ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന ചിന്ത രാജഭരണ കാലത്തേയുണ്ട്. സ്വാതന്ത്ര്യലബ്ധിക്കും കേരളപ്പിറവിക്കും ശേഷമുള്ള സർക്കാരുകൾ ആ ചിന്ത വലിയതോതിൽ പ്രതിധ്വനിപ്പിച്ചിട്ടുമുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു .
https://www.facebook.com/Malayalivartha