വൻ ജാഗ്രത; അതിതീവ്ര മഴ... 3 ജില്ലകളിൽ റെഡ് അലർട്ട്! വീണ്ടും മിന്നൽ ചുഴലി... നിമിഷ നേരത്തിൽ മരങ്ങൾ കടപുഴകി
സംസ്ഥാനത്ത് വീണ്ടും കാലവർഷം അതിതീവ്രമാകുന്നു. കാലവർഷക്കാറ്റ് ശക്തി പ്രാപിക്കുന്നതും ന്യൂനമർദ പാത്തിയും ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നതാണ് കേരളത്തിൽ മഴ അതിതീവ്രമാകാൻ കാരണമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം സംസ്ഥാനത്ത് നാളെ 3 ജില്ലകളിലാണ് അതിതീവ്ര മഴക്ക് സാധ്യതയുള്ളതെന്നാണ് പ്രവചനം.
ഈ ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലെ അതിതീവ്ര മഴ മുന്നറിയിപ്പിൻറെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 3 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. കണ്ണൂരിന് പിന്നാലെ കോഴിക്കോടും കാസർകോടും അവധി പ്രഖ്യാപിക്കുകയായിരുന്നു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, സർവകലാശാല പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
ഈ മൂന്ന് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അതത് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. ഇന്ന് സംസ്ഥാനത്തെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കാസർകോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട് തൃശ്ശൂർ, കോട്ടയം ആലപ്പുഴ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുമാണ്.
അതിനിടെ, തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി. ചാമക്കാലയിൽ ഇന്ന് ഉച്ചയോടെയുണ്ടായ മിന്നൽ ചുഴലിയിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വൈകീട്ട് മൂന്നരയോടെയാണ് ചാമക്കാലയിൽ ചുഴലികാറ്റ് ആഞ്ഞടിച്ചത്. സെക്കന്റുകൾ മാത്രമാണ് ചുഴലിക്കാറ്റ് നീണ്ടു നിന്നത്. ക്ഷേത്രത്തിനടുത്ത് തൊട്ടടുത്ത പറമ്പിലെ തേക്ക് മരം കടപുഴകി വീണ് സമീപത്തുണ്ടായിരുന്ന വീട് ഭാഗികമായി തകർന്നു. വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha