ആറ്റുകാൽ ഭഗവതി ക്ഷേത്രം മേൽശാന്തിയായി കോട്ടയം തെക്കേനട ഇണ്ടംതുരുത്തി ഇല്ലത്തിൽ വി. മുരളീധരൻ നമ്പൂതിരി...
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത് വൈക്കത്തപ്പൻ്റേയും ഇണ്ടംതുരുത്തിയമ്മയുടേയും അനുഗ്രഹത്താലെന്ന് നിയുക്ത ആറ്റുകാൽ ദേവി ക്ഷേത്രമേൽശാന്തി ഇണ്ടംതുരുത്തിമന വി. മുരളീധരൻ നമ്പൂതിരി. 2004ൽ ശബരിമല മേൽശാന്തിയായിരുന്ന വി. മുരളീധരൻ നമ്പൂതിരി തിരുവതാംകൂർ ദേവസ്വത്തിലെ വിവിധ ക്ഷേത്രങ്ങളിൽ മേൽശാന്തിയായിരുന്നു. വിരമിച്ച ശേഷം കഴിഞ്ഞ തവണ ആറ്റുകാൽ ദേവീക്ഷേത്രമേൽശാന്തി തെരഞ്ഞെടുപ്പിൽ അപേക്ഷിച്ചെങ്കിലും ഇക്കുറിയാണ് ദേവീയുടെ കൃപാകടാക്ഷമുണ്ടായത്. 36 പേർ അപേക്ഷിച്ചതിൽ അഭിമുഖത്തിനുശേഷം നറുക്കിടാനായി ആറുപേരുടെ ചുരുക്ക പട്ടിക തയ്യാറാക്കി.
തുടർന്ന് നടന്ന നറുക്കെടുപ്പിലാണ് വി. മുരളീധരൻ നമ്പൂതിരി മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്. 2004ൽ താൻ ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ കാഞ്ഞങ്ങാട് സ്വദേശി വിഷ്ണുദേവൻ നമ്പൂതിരിയിൽ നിന്നാണ് ശബരിമല മേൽശാന്തി സ്ഥാനം ഏറ്റെടുത്തത്. ഇക്കുറി ആറ്റുകാൽ ദേവി ക്ഷേത്രമേൽശാന്തി സ്ഥാനം ഏറ്റെടുക്കുന്നതും അതേ വിഷ്ണുദേവൻ നമ്പൂതിരിയിൽ നിന്നാണെന്ന ധന്യതയുണ്ടെന്ന് വി. മുരളീധരൻ നമ്പൂതിരി പറയുന്നു. മുൻശബരിമല മേൽശാന്തിയായിരുന്നജേഷ്ഠൻ വി. നീലകണ്ഠൻ നമ്പൂതിരി ഏഴു വർഷക്കാലം ആറ്റുകാൽ ദേവി ക്ഷേത്രമേൽശാന്തിയായിരുന്നു.
അനുജൻ വി. ഹരിഹരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തിയായിരുന്നു. വി. മുരളീധരൻ നമ്പൂതിരി കുടുംബ ക്ഷേത്രമായ ഇണ്ടംതുരുത്തിൽ ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തിയായി പൂജ ചെയ്തു വരികയാണിപ്പോൾ. ഒൻപതിന് വൈക്കത്തു നിന്ന് ആറ്റുകാൽ ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടും.
10 മുതൽ 16 വരെ ആറ്റുകാൽ ക്ഷേത്രത്തിൽ ഭജനമിരുന്ന ശേഷം ചിങ്ങം ഒന്നിന് മേൽശാന്തിയായി ചുമതലയേൽക്കും. ഭാര്യ ഗീത, മക്കളായ വിഷ്ണു, വിഘ്നേഷ് , വീണ, മരുമകൾ ശ്രീപ്രിയ തുടങ്ങിയവരും ആറ്റുകാലമ്മയെപൂജിച്ചാരാധിക്കുവാനായി വി.മുരളീധരൻ നമ്പൂതിരിക്ക് ലഭിച്ച നിയോഗത്തിൽ ആഹ്ലാദചിത്തരാണ്.
https://www.facebook.com/Malayalivartha