പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...

പണ്ട് കോട്ടയം ഗവ. ഗസ്റ്റ് ഹൗസിൽ ഒന്നര മണിക്കൂർ കാത്തുനിർത്തിച്ചജി.സുകുമാരൻനായരെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചങ്ങനാശേരി മിഷൻ ആശുപത്രിയിലെത്തിയതെന്തിന്?
പിണറായിയെ പോലൊരാൾ സുകുമാരൻ നായരെ ചെന്നുകാണുന്നതിൽ അസ്വാഭാവികതയുണ്ട്. ഒരിക്കലും ആർക്കുമുന്നിലും തലകുനിക്കാത്തയാളാണ് പിണറായി. അതേ സ്വഭാവം തന്നെയാണ് സുകുമാരൻ നായർക്കുമുള്ളത്. എന്നിട്ടും പിണറായി സുകുമാരൻ നായരെ കണ്ടെങ്കിൽ അതിന് കാരണം രാജീവ് ചന്ദ്രശേഖറാണ്.കാരണം പിണറായിക്ക് ഇന്ന് ഏറ്റവുമധികം ഭയം രാജീവ് ചന്ദ്രശേഖറിനെയാണ്. എൻ എസ്എസിന് കേന്ദ്ര സർക്കാർ സൈനിക് സ്കൂൾ അനുവദിച്ചതോടെയാണ് പിണറായിക്ക് ചങ്കിടിച്ചത്. സ്കൂൾ അനുവദിക്കുക മാത്രമല്ല അക്കാര്യം ബി ജെ പി സംസ്ഥാന പ്രസിഡന്റ് സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തു.
നേമം മണ്ഡലത്തിൽ മന്നം മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിനോടൊപ്പം സൈനിക സ്‌കൂൾ ആരംഭിക്കുന്നതിനുള്ള അംഗീകാരം നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിംഗിനും നന്ദി രേഖപ്പെടുത്തി കൊണ്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയത്.
മഹാനായ സാമൂഹിക പരിഷ്കർത്താവും സ്വാതന്ത്ര്യ സമര സേനാനിയും നായർ സർവീസ് സൊസൈറ്റി സ്ഥാപകനുമായ മന്നത്തു പത്മനാഭന്റെ പേരിലാണ് ഈ വിദ്യാലയം അറിയപ്പെടുക. സർക്കാർ – സ്വകാര്യ സംയുക്ത സംരംഭമായി നായർ സർവീസ് സൊസൈറ്റിക്കു കീഴിൽ നിലവിൽ വരുന്ന പ്രഥമ സൈനിക സ്കൂളാണിത്. വിവിധ വിദ്യാലയങ്ങൾ നടത്തി വരുന്ന എൻഎസ്എസ് മാനേജ്മെൻ്റിന് കീഴിൽ സംസ്ഥാനത്ത് നിലവിൽ വരുന്ന ആദ്യത്തെ സൈനിക സ്കൂളായിരിക്കും നേമത്ത് ആരംഭിക്കുന്നത്.
“വരും തലമുറകളിലെ വിജയികളെയും രാജ്യസ്നേഹികളെയും സൃഷ്ടിക്കാൻ ഉതകുന്ന ഒരു സ്ഥാപനം നേമം മണ്ഡലത്തിൽ ആരംഭിക്കാനായി നടത്തിയ യജ്ഞത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.
നേമം മന്നം മെമ്മോറിയൽ എൻഎസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൽ സൈനിക സ്കൂൾ അനുവദിക്കുന്നതിനു വേണ്ടി തിരുവനന്തപുത്തെ എൻഎസ്എസ് ഭാരവാഹികൾക്കൊപ്പം കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ദൽഹിയിലെത്തി പ്രത്യേക ചർച്ച നടത്തിയതിന്റെ തുടർച്ചയായാണ് പ്രഖ്യാപനം.
അതായത് മന്നത്തിന് ദേശീയ അംഗീകാരം നൽകുകയാണ് രാജീവ് ചന്ദ്രശേഖർ ചെയ്തത്. ഇത് എൻ എസ് എസിനെ സംബന്ധിച്ചടത്തോളം ചെറിയ കാര്യമല്ല. സി പി എമ്മിനെ സംബന്ധിച്ചടത്തോളം ഇത് വലിയ തിരിച്ചടിയാണ്.കാരണം എൻ എസ് എസിനെ ഭിന്നിപ്പിക്കാൻ പിണറായി നടത്തിയ ശ്രമങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്.
എൻ എസ് എസിനെ ഭിന്നിപ്പിച്ച് ഒരു വിഭാഗത്തെ കൂടെ നിർത്താനുള്ള സി പി എം നീക്കത്തിന് തിരിച്ചടി കിട്ടിയ ശേഷം ഇതാദ്യമായാണ് പിണറായി സുകുമാരൻ നായരെ കണ്ടത്.
ധനമന്ത്രി കെ എൻ ബാലഗോപാലിൻ്റെ സഹോദരനെ മുന്നിൽ നിർത്തിയുള്ള ശ്രമമാണ് പാളിയത്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ സൂക്ഷ്മമായ നീക്കങ്ങളാണ് അദ്ദേഹത്തെ വീണ്ടും ജനറൽ സെക്രട്ടറി പദത്തിലെത്തിച്ചത്. ഇല്ലെങ്കിൽ എൻ എസ് എസ് പിണറായിയുടെ പോക്കറ്റിൽ ഇരിക്കുമായിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി നായർ സർവീസ് സൊസൈറ്റിയിൽ ഭിന്നത രൂക്ഷമായ സാഹചര്യം സി പി എം സൃഷ്ടിച്ചതാണ്. പ്രതിനിധി സഭയിൽ നിന്ന് ആറു പേർ ഇറങ്ങിപ്പോയി. കലഞ്ഞൂർ മധു, പ്രശാന്ത് പി കുമാർ, മാനപ്പള്ളി മോഹൻ കുമാർ വിജയകുമാരൻ നായർ, രവീന്ദ്രൻ നായർ, അനിൽകുമാർ എന്നിവരാണ് ഇറങ്ങിപ്പോയത്. 300 അംഗ പ്രതിനിധി സഭയിൽ നിന്നാണ് 6 പേർ ഇറങ്ങി പോയത്. ജനറൽ സെക്രട്ടറിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോയത്. മന്നം വിഭാവനം ചെയ്ത നിലപാടുകളിൽ നിന്ന് നിലവിലെ നേതൃത്വം വ്യതിചലിച്ചെന്ന് കലഞ്ഞൂർ മധു പറഞ്ഞു.
ധനമന്ത്രി കെ. എൻ. ബാലഗോപാലിന്‍റെ സഹോദരനാണ് കലഞ്ഞൂർ മധു. 26 വർഷമായി മധു ഡയറക്ടർ ബോർഡ് അംഗമാണ്. മധുവിനെ ഡയറക്ടർ ബോർഡിൽ നിന്ന് നീക്കം ചെയ്യാൻ നേതൃത്വം തീരുമാനിച്ചതിനു പിന്നാലെയാണ് പ്രതിനിധി സഭയിൽ നിന്നും ഇറങ്ങിപോയത്. . അതേസമയം സംഘടനയിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് എൻ എസ് എസ് ഔദ്യോഗിക നേതൃത്വം വ്യക്തമാക്കി. ബജറ്റും ഡയറക്ടർ ബോർഡ് യോഗവും സുഗമമായി നടന്നതായി നേതൃത്വം വിശദീകരിച്ചു.
പ്രതിനിധി സഭ യോഗത്തിൽ ജനറല്‍ സെക്രട്ടറി സുകുമാരൻ നായർ കടുത്ത വിമർശനം ഉന്നയിച്ചു. സംഘടനയെ തകർക്കാൻ ചിലർ ഉള്ളിൽ നിന്ന് ശ്രമിക്കുന്നു. അവർ ചെയ്യുന്നത് കൊടും ചതിയാണ്. അവർക്ക് സംഘടനയിൽ സ്ഥാനം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കലഞ്ഞൂര്‍ മധുവിനെ ഡയറകടര്‍ ബോര്‍ഡില്‍ നിന്ന് ഒഴിവാക്കി, പകരം കെ.ബി ഗണേഷ് കുമാറിനെ ഉള്‍പ്പെടുത്തി. ഗണേഷ് കുമാറിൻ്റെ പിതാവ് ആർ.ബാലകൃഷ്ണപിള്ള ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ഗണേഷ് കുമാറിനെ ഇടതു മുന്നണിക്ക് ഒഴിവാക്കാൻ കഴിയില്ല.
കലഞ്ഞൂർ മധു ഒരുകാലത്ത് ജി.സുകുമാരൻ നായരുടെ വിശ്വസ്തനായിരുന്നു. സി പി എം ഇടപെടൽ ഉണ്ടായതോടെയാണ് ഇരുവരും തമ്മിൽ തെറ്റിയത്.സുകുമാരൻ നായർ ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത് മുഖ്യമന്ത്രിയെ കാണാൻ കോട്ടയം ഗസ്റ്റ് ഹൗസിലെത്തിയത് കലഞ്ഞൂർ മധുവിൻ്റെ ഇടപെടൽ വഴിയാണ്. സാധാരണ ഗതിയിൽ എൻ എസ് എസ് ജനറൽ സെക്രട്ടറിമാർ രാഷ്ട്രീയ നേതാക്കളെ കാണാൻ പെരുന്നക്ക് പുറത്തു പോകുന്നത് അപൂർവമാണ്.രാഷ്ട്രീയക്കാർ അവരെ കാണാനാണ് വരാറുണ്ടായിരുന്നത്.
മുഖ്യമന്ത്രിയുമായി സുകുമാരൻ നായർക്ക് തെറ്റില്ലാത്ത ബന്ധം ആണ് ഉണ്ടായിരുന്നത്.വി.ശിവൻകുട്ടിയെയും ആർ.ബിന്ദുവിനെയും പോലുള്ള നായർ സമുദായംഗങ്ങളെ വിദ്യാഭ്യാസത്തിൻ്റെ ചുമതല ഏൽപ്പിച്ചത് സുകുമാരൻ നായരുടെ കൂടി താൽപ്പര്യപ്രകാരമാണ്. എൻ എസ് എന്ന് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന സ്ഥപനമാണ്. കോൺഗ്രസ് അധികാരത്തിൽ വരുമ്പോൾ മുസ്ലീം ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നതിനെ എൻ എസ് എസ് എക്കാലവും എതിർത്തിരുന്നു. ഇടതുമുന്നണിയിൽ ജി.സുകുമാരൻ നായർ ഒരു പാലമുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. പണ്ട് ബാലക്യഷ്ണ പിള്ളയോട് ഇടതു മുന്നണിയിൽ ചേരരുതെന്ന് സുകുമാരൻ നായർ പരോക്ഷമായി സൂചിപ്പിച്ചിരുന്നു. എന്നാൽ ഇത്തരം കാര്യങ്ങളിൽ തന്നെ ഉപദേശിക്കേണ്ടെന്നായിരുന്നു പിള്ളയുടെ മറുപടി. ഇടതു മുന്നണി പ്രവേശനം ലഭിച്ച ദിവസം തന്നെ പിള്ള സുകുമാരൻ നായർക്കെതിരെ പരസ്യപ്രസ്താവന നടത്തുകയും ചെയ്തു. സുകുമാരൻ നായർക്ക് ആരെയെങ്കിലും പിന്തുണക്കാനുണ്ടെങ്കിൽ അത് സ്വയം ചെയ്യാനാണ് പിള്ള പറഞ്ഞത്. നേരത്തെയും താൻ എൻ എസ് എസിനെതിരെ നിലപാട് എടുത്തിട്ടുണ്ടെന്നും പിള്ള പറഞ്ഞു. എൻ എസ് എസിന്റെ തീരുമാനത്തിന് വിരുദ്ധമായി താൻ വനിതാമതിലിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മന്നത്ത് പത്മനാഭനാണ് ബാലകൃഷ്ണ പിള്ളയെ എൻ എസ്എസ് പത്തനാപുരം താലൂക്ക് ഏൽപ്പിച്ചത്. അത് സുകുമാരൻ നായർ നൽകിയതല്ലെന്നും ഗണേഷ്കുമാർ പറഞ്ഞു. ഇത്തരത്തിൽ എൻ എസ് എസിനുള്ളിൽ കുത്തിതിരിപ്പുണ്ടാത്താൻ സിപിഎം ആണ് തുടക്കമിട്ടത്. അത് പിള്ളയെ ഉപയോഗിച്ചായിരുന്നു. പിന്നീട് അതേ ഗണേഷാണ് സുകുമാരൻ നായരുമായി സന്ധിയിലായത്.
പിള്ളയുടെ പാർട്ടി ഇടതുപക്ഷത്തിലായതു കൊണ്ട് അദ്ദേഹം ശബരിമല വിഷയത്തിൽ എൻ എസ് എസിന്റെ നിലപാടിനോട് ആദ്യം മുതൽ യോജിച്ചിരുന്നില്ല. ഇതിനെ കുറിച്ച് മാധ്യമ പ്രവർത്തകർക്കിടയിൽ നിന്നുയർന്ന ചോദ്യങ്ങൾക്ക് സുകുമാരൻ നായർ രൂക്ഷമായാണ് പ്രതികരിച്ചിരുന്നത്. പത്തനാപുരം താലൂക്ക് യൂണിയൻ എൻ എസ് എസിന്റെ ശബരിമല പ്രഖ്യാപിത നിലപാടിനെതിരെ പ്രമേയം പാസാക്കിയതോടെയാണ് ബന്ധങ്ങൾ മുറിഞ്ഞത്. പത്തനാപുരം താലൂക്കിൽ പിള്ളയായിരുന്നു എൻ എസ് എസ് പ്രസിഡൻ്റ്. പത്തനാപുരം താലൂക്ക് യൂണിയന്റെ മനം മാറ്റം ഗണേശന്റെ സമ്മർദ്ദ ഫലമായാണെന്ന് സുകുമാരൻ നായർ വിശ്വസിച്ചു. അത്തരമൊരു നടപടി ഗണേശന്റെ ഭാഗത്ത് നിന്നുണ്ടായത് ശരിയായില്ലെന്നും സുകുമാരൻ നായർ വിശ്വസിച്ചു.
ഭാര്യയുമായുള്ള കലഹത്തെ തുടർന്ന് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ നിന്നും ഇറങ്ങേണ്ടി വന്നപ്പോൾ സുകുമാരൻ നായർ തന്നെ സഹായിച്ചില്ലെന്നായിരുന്നു ഗണേശൻ്റെ വിശ്വാസം . അന്ന് സുകുമാരൻ നായർ പറഞ്ഞാൽ എന്തും ചെയ്യുന്നയാളായിരുന്നു ഉമ്മൻ ചാണ്ടി. എന്നിട്ടും തനിക്ക് വേണ്ടി ഒന്നും ചെയ്തില്ല. അത് ചെന്നിത്തലയെ മന്ത്രിയാക്കാൻ വേണ്ടിയായിരുന്നു. മാത്രവുമല്ല തന്നെ മന്ത്രിസഭയിൽ നിന്നും ചാണ്ടി പുറത്താക്കിയത് സുകുമാരൻ നായരുമായി ആലോചിച്ചിട്ടാണ്. അതുകൊണ്ടാണ് ഇടത് പക്ഷത്തിൽ ചേർന്നത്. ഇടതുപക്ഷവുമായി ആഭിമുഖ്യം പുലർത്തിയതിന്റെ ഗുണം എൻ എസ് എസിനും സുകുമാരൻ നായർക്കും ഉണ്ടായിട്ടുണ്ടെന്നു തന്നെയാണ് ഗണേശൻ വാദിക്കുന്നത്. സുകുമാരൻ നായരുടെ മകളെ പിണറായി സർക്കാർ എം. ജീ വാഴ്സിറ്റി സിന്റിക്കേറ്റിൽ നിലനിർത്തിയത് തന്റെ കൂടെ ശ്രമഫലമായാണ്. എൻ എസ് എസ് താക്കോൽ ദാനം നൽകിയ നേതാക്കളൊന്നും പിന്നീട് സുകുമാരൻ നായരോട് വിധേയത്വം പുലർത്തിയില്ല. എന്നാൽ ഇന്നും താൻ അദ്ദേഹത്തെ ആദരിക്കുന്നു. മുന്നാക്കകാർക്ക് ദേവസ്വം ജോലിയിൽ പിണറായി സംവരണം നൽകിയത് തന്റെ കൂടെ ശ്രമഫലമായാണെന്ന് ഗണേശൻ വാദിച്ചു.
എൻ എസ് എസിലെ ഒരു വിഭാഗത്തിനെ ഔദ്യോഗിക സംവിധാനത്തിന് എതിരാക്കി മാറ്റാൻ സിപിഎം തുടങ്ങിയ ശ്രമങ്ങൾക്ക് മാസങ്ങളുടെ പഴക്കമുണ്ട്. അച്യുതാനന്ദനെ പോലും തള്ളി പിള്ളയെ മുന്നണിയിലെടുത്തതും അതിനു വേണ്ടിയാണ്. പിള്ളയെയും മകനെയും ഒന്നിച്ച് നിർത്തി എൻ എസ് എസിലെ ഒരു വിഭാഗത്തെ ഒപ്പം നിർത്താനാണ് സർക്കാരും പാർട്ടിയും തീരുമാനിച്ചിരുന്നത്. എസ്എൻഡി പിയിൽ വെള്ളാപ്പള്ളിയെ ഒപ്പം നിർത്തിയത് ഇതേ തന്ത്രത്തിന്റെ ഭാഗമാണ്. തുഷാർ വെള്ളാപ്പള്ളിയെ കേസിൽ കുടുക്കിയതും ഇതേ തന്ത്രം തന്നെയാണ്. ജി.സുകുമാരൻ നായർക്കെതിരെ കേസെടുക്കാൻ വഴിയില്ലാത്തതു കൊണ്ടാണ് ഒന്നിനും നിവൃത്തിയില്ലാതായത്. കുറിച്ചി എൻ എസ് എസ് ഹോമിയോ കോളേജിലെ നിയമന അഴിമതിക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവുണ്ട്. എന്നാൽ കേസെടുത്തില്ല.
എൻ എസ് എസിൽ സുകുമാരൻ നായരെക്കാൾ ഏറെ സീനിയറായിരുന്നു ബാലകൃഷ്ണപിള്ള. രണ്ട് മഹാമേരുക്കളെ രണ്ടാക്കിയതിന്റെ കെഡിറ്റ് സി പി എമ്മിനു തന്നെ കിട്ടി. എന്നാൽ പിന്നീട് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരുമായി സി പി എം അനുരഞ്ജനത്തിലേക്ക് നീങ്ങി . വർഷങ്ങളായി കോൺഗ്രസിനോട് അനുഭാവമുള്ള നിലപാട് പിന്തുടർന്നിരുന്ന ജി.സുകുമാരൻ നായരെ സീറോ മലബാർ സഭയുടെ ഉന്നതൻ വഴിയാണ് സി പി എം സ്വാധീനിച്ചത്. സീറോ മലബാർ സഭ എൽ എസ് എസുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന ക്രൈസ്തവ സഭയാണ്.
സംസ്ഥാന സര്‍ക്കാരിനെ എൻ എസ് എസ് തുറന്ന് എതിര്‍ക്കുന്നതിനിടെ മന്നം ജയന്തിക്ക് പ്രത്യേകപ്രധാന്യം നല്‍കി സിപിഎം മുഖപത്രം ദേശാഭിമാനി ലേഖനവും വാർത്തയും പ്രസിദ്ധീകരിച്ചത് നായർ സമുദായത്തെ കൈയിലെടുക്കുക എന്ന ലക്ഷ്യവുമായിട്ടായിരുന്നു. മന്നത്ത് പത്മനാഭനെ കുറിച്ചുള്ള പ്രത്യേക ലേഖനത്തിനൊപ്പം സുകുമാരന്‍നായരുടെ ലേഖനവും പ്രാധാന്യത്തോടെ പാര്‍ട്ടി പത്രം പ്രസിദ്ധീകരിച്ചു. മന്നത്ത് പത്മനാഭന്‍ നേതൃത്വം കൊടുത്ത വിമോചന സമരഭാഗം ഒഴിവാക്കിയാണ് ജി സുകുമാരന്‍നായരുടെ ലേഖനം ദേശാഭിമാനി പ്രസിദ്ധീകരിച്ചത് . വിമോചന സമരത്തോട് ദേശാഭിമാനി യോജിക്കാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്തത്.
ജി. സുകുമാരൻ നായർ അയച്ചുകൊടുത്ത ലേഖനമാണ് ദേശാഭിമാനി പ്രസിദ്ധികരിച്ചത് . മന്നം ജയന്തിയെ കുറിച്ച് സുകുമാരൻ നായർ ദേശാഭിമാനി ഉൾപ്പെടെയുള്ള കേരളത്തിലെ എല്ലാ പത്രങ്ങൾക്കും ലേഖനം നൽകിയിരുന്നു. അതാണ് ദേശാഭിമാനി പ്രസിദ്ധീകരിച്ചത്. ലേഖനം നൽകുന്നതിൽ നിന്നും വേണമെങ്കിൽ ദേശാഭിമാനിയെ അദ്ദേഹത്തിന് ഒഴിക്കാമായിരുന്നു. കഴിഞ്ഞ വർഷം വരെ മന്നം സമാധിക്ക് സുകുമാരൻ നായർ എഴുതുന്ന ലേഖനം ദേശാഭിമാനി നൽകിയിരുന്നില്ല.. ദേശാഭിമാനിയിലെ മന്നം പഠനം എഴുതിയത് കേരള ഭാഷാ ഇൻസ്റ്റിറ്യൂട്ട് ഡയറക്ടറായിരുന്ന പ്രെഫ. കാർത്തികേയൻ നായരാണ്. അദ്ദേഹം ഇടത് ബുദ്ധിജീവിയും അധ്യാപക സംഘടനാ നേതാവുമായിരുന്നു.
ജനാധിപത്യം പുനസ്ഥാപിക്കുന്ന വിധത്തിൽ തെരഞ്ഞെടുപ്പ് ഉണ്ടാകണമെന്നായിരുന്നു കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടത്തില്‍ വോട്ട് ചെയ്ത ശേഷം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രതികരണം,. ജനങ്ങൾ അസ്വസ്ഥരാണ് , ഭീതിജനകമായ അവസ്ഥയാണ് നാട്ടിൽ നിലനിൽക്കുന്നത്. ഇതിനൊരു മാറ്റം ഉണ്ടാകണം എന്ന് തുടങ്ങി സര്‍ക്കാരിനെ തുറന്നെതിര്‍ക്കുന്ന പ്രസ്താവനയോട് മുഖ്യമന്ത്രി അടക്കം ഇടത് നേതാക്കളൊന്നും പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും എന്‍എസ്എസ് ഇടത് വിരുദ്ധ നിലപാട് പരസ്യമായി സ്വീകരിച്ചിരുന്നു.പിന്നീട് മുഖ്യമന്ത്രി വിളിച്ച സമുദായ നേതാക്കളുടെ യോഗത്തിലും എൻ എസ് എസ് പങ്കെടുത്തില്ല.പങ്കെടുത്തില്ലെന്ന് മാത്രമല്ല പങ്കെടുക്കില്ലെന്ന് പരസ്യ പ്രസ്താവനയും ഇറക്കി.
മുന്നോക്കവിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശമതാനം സംവരണം ആദ്യം ദേവസ്വം ബോര്‍ഡിലും പിന്നീട് എല്ലാ നിയമനങ്ങളിലും സര്‍ക്കാര്‍ നടപ്പാക്കിയത് നായർ,ക്രൈസ്തവ സഭകളെ കൈയിലെടുക്കാൻ വേണ്ടിയായിരുന്നു. ക്രൈസ്തവ സഭയെ കൈയിലെടുക്കാൻ സർക്കാരിന് കഴിഞ്ഞെങ്കിലും എൻ എസ് എസ് വഴങ്ങിയില്ല. ചങ്ങനാശേരിയിൽ തന്നെയുള്ള സീറോ മലബാർ സഭയുടെ ബിഷപ്പ് പെരുന്തോട്ടം ഇക്കാര്യത്തിൽ സർക്കാരിനെ പ്രകീർത്തിച്ച് ദീപികയിൽ ലേഖനവുമെഴുതി. സംവരണം നടപ്പിലാകുന്നതിന് മുമ്പ് സുകുമാരൻ നായർ മുഖ്യമന്ത്രിയെ കോട്ടയം സർക്കാർ അതിഥി മന്ദിരത്തിലെത്തി കണ്ടിരുന്നു. സാമ്പത്തിക സംവരണം എന്ന ആശയമാണ് അദ്ദേഹം മുന്നോട്ടു വച്ചത്. സംവരണ ഉത്തരവ് പുറത്തിങ്ങി കഴിഞ്ഞ ശേഷവും സുകുമാരൻ നായർ മുന്നോട്ടു വച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. ഏറ്റവും ഒടുവില്‍ എയിഡഡ് കോളേജുകളിലെ അധ്യാപക നിയമനങ്ങളിലും എന്‍എസ്എസ് ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. അതിന് പിന്നാലെയാണ് മന്നം ജയന്തിവാര്‍ത്തക്ക് പാര്‍ട്ടി മുഖപത്രത്തില്‍ വലിയ പ്രാധാന്യം കൊടുത്തിരിക്കുന്നത്. ദിന്ന ശേഷി സംവരണ കാര്യത്തിൽ എൻ എസ് എസിന് ലഭിച്ച സുപ്രീം കോടതി ഉത്തരവ് സി പി എം സർക്കാർ അതേപടി നടപ്പിലാക്കി.
എന്നിട്ടും സുകുമാരൻ നായർ ഇടതു മുന്നണിയുമായി അനുരഞ്ജനത്തിൽ എത്താത്തത് കൊണ്ടാണ് എൻഎസ് എസിൽ ഭിന്നിപ്പുണ്ടാക്കാൻ സി പി എം ശ്രമിച്ചത്.
ജി.സുകുമാരൻ നായർക്ക് ബി ജെ പിയുമായി അടുത്ത ബന്ധം ഉണ്ടെന്ന് സി പി എം കരുതുന്നു. ഗോവ ഗവർണർ പി എസ്.ശ്രീധരൻ പിള്ളയുമായുള്ള ബന്ധമാണ് ഇതിന് കാരണമെന്ന് സി പി എം കരുതുന്നു.ഇത് സി പി എമ്മിനെ വല്ലാതെ അലട്ടുന്നുണ്ട്. 2026 ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അതിന് മുമ്പ് എൻ എസ് എസിനെ കൈയിലെടുക്കാനാണ് സി പി എം ശ്രമിച്ചത്.
മൂന്നാമതും അധികാരത്തിലെത്താൻ ശ്രമിക്കുന്ന പിണറായിക്ക് സുകുമാരൻ നായരെ ഒഴിവാക്കാൻ കഴിയില്ല. സുകുമാരൻ നായരുടെ സ്വഭാവത്തിലെ ദൗർബല്യം മനസിലാക്കിയാണ് കഴിഞ്ഞ ദിവസം പിണറായി ചങ്ങനാശേരിയിലെത്തിയത്. സൈനിക സ്കൂൾ നൽകി എൻ എസ് എസിനെ റാഞ്ചാനുള്ള ബി ജെ പി നീക്കത്തിനെ പ്രതിരോധിക്കാനാണ് പിണറായി ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha